play-sharp-fill
ബ്രാഞ്ചുകൾ അടച്ചുപൂട്ടിയതോടെ കോളടിച്ച് മുത്തൂറ്റ്: സമരത്തിനും സിഐടിയുവിനും നന്ദി പറയേണ്ടി വരും; കോടികൾ മുത്തൂറ്റിന്റെ പോക്കറ്റിൽ വീഴാൻ വഴിയൊരുങ്ങുന്നു

ബ്രാഞ്ചുകൾ അടച്ചുപൂട്ടിയതോടെ കോളടിച്ച് മുത്തൂറ്റ്: സമരത്തിനും സിഐടിയുവിനും നന്ദി പറയേണ്ടി വരും; കോടികൾ മുത്തൂറ്റിന്റെ പോക്കറ്റിൽ വീഴാൻ വഴിയൊരുങ്ങുന്നു

സ്വന്തം ലേഖകൻ

മുംബൈ: കേരളത്തിലെ ശാഖകൾ അടച്ചു പൂട്ടാനുള്ള മുത്തൂറ്റിന്റെ തീരുമാനത്തിനു പിന്നാലെ വിപ്ലവകരമായ കുതിച്ച് കയറ്റത്തിനൊരുങ്ങി മുത്തൂറ്റ്. ഷെയർമാർക്കറ്റിൽ സമരവും തുടർന്നുണ്ടായ അടച്ചു പൂട്ടലും വൻ നേട്ടമാണ് മുത്തൂറ്റിനുണ്ടാക്കിയിരിക്കുന്നത്. നിരവധി ആളുകളാണ് മുത്തൂറ്റിന്റെ ഓഹരിവാങ്ങാൻ എത്തുന്നത്. ഇതോടെ വൻ തോതിൽ ഓഹരിവിപണിയിൽ മുത്തൂറ്റിന്റെ മാർക്കറ്റ് വർധിക്കുകയും ചെയ്തു.
ബ്രാഞ്ചുകൾ അടച്ചുപൂട്ടാനുള്ള മുത്തൂറ്റ് ഫിനാൻസിന്റെ തീരുമാനം കമ്പനിക്ക് ദീർഘകാലാടിസ്ഥാനത്തിൽ വൻനേട്ടമായി മാറുമെന്ന് ധനകാര്യവിദഗ്ദ്ധരും വിപണി നിരീക്ഷകരും. മുത്തൂറ്റിന് കേരളത്തിൽ നിന്നുള്ളത് ആകെ ബിസിനസിന്റെ നാലുശതമാനം മാത്രമാണെന്നതും കേരള ബ്രാഞ്ചുകളുടെ ശരാശരി ബിസിനസ് മറ്റു സംസ്ഥാനങ്ങളിലേതിനേക്കാൾ വളരെ താഴ്ന്ന നിലയിലാണെന്നതുമാണ് ഇത്തരമൊരു വിലയിരുത്തലിന്റെ അടിസ്ഥാനം.
സമരം ബാധിച്ച കേരള ബ്രാഞ്ചുകളുടെ പ്രൊഡക്റ്റിവിറ്റി താഴ്ന്ന നിലയിലാണെന്ന് കമ്പനിയും വിലയിരുത്തുന്നു. സമരം രൂക്ഷമായതോടെ ബിസിനസ് മോശമായ ബ്രാഞ്ചുകൾ അടച്ചുപൂട്ടുക വഴി പ്രവർത്തനച്ചെലവിൽ ഗണ്യമായ കുറവുണ്ടാകും. മുത്തൂറ്റ് ഫിനാൻസ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തിയിൽ സംസ്ഥാനത്ത് നിന്നുള്ള ബിസിനസ് ചെറിയൊരു ശതമാനം മാത്രമായതിനാൽ സഞ്ചിത ലാഭ-നഷ്ടക്കണക്കുകളിൽ കാര്യമായ വ്യതിയാനമുണ്ടാകില്ല. ആകെ വരുമാനത്തിലും ആസ്തിയിലും ഉണ്ടാകുന്ന കുറവ് പ്രവർത്തനച്ചെലവ് ലാഭിക്കുന്നതിലൂടെ മറികടക്കാൻ കമ്പനിക്ക് കഴിയും.

നിലവിൽ 623 ശാഖകളാണ് മുത്തൂറ്റ് ഫിനാൻസിനു കേരളത്തിലുള്ളത്. ഈ ശാഖകളുടെ എണ്ണം ഇപ്പോഴത്തേതിൽ നിന്ന് പകുതിയായി കുറയ്ക്കാൻ കഴിഞ്ഞാൽ ദീർഘകാലാടിസ്ഥാനത്തിൽ കമ്പനിയുടെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമാകുമെന്നും ഓഹരിവിപണിയിൽ വൻനേട്ടമുണ്ടാക്കുമെന്നും പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ആന്റിക് സ്റ്റോക്ക് ബ്രോക്കിങ്ങിന്റെ റിപ്പോർട്ട് പറയുന്നു. പ്രവർത്തന അനുപാതവും, ഉത്പാദനക്ഷമത അനുപാതവും ഗണ്യമായി മെച്ചപ്പെടും. പ്രവർത്തനച്ചെലവും അറ്റ വരുമാനവും തമ്മിലുള്ള അനുപാതമായ പ്രവർത്തന അനുപാതത്തിന്റെ മൂല്യം എത്ര കുറഞ്ഞിരിക്കുന്നോ, ആനുപാതികമായി കമ്പനിയുടെ സാമ്പത്തികസ്ഥിതിയും പ്രവർത്തന മികവും മെച്ചപ്പെടും. സ്വാഭാവികമായും ഓഹരിവിപണിയിലും ഈ നേട്ടം പ്രതിഫലിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ 15 ശാഖകൾ നിർത്താൻ മുത്തൂറ്റ് ഫിനാൻസ് നടപടികൾ ആരംഭിച്ചിരുന്നു. സമരത്തെ തുടർന്ന് തുടർച്ചയായി പ്രവർത്തനം തടസപ്പെട്ടതിന് പുറമെ പ്രൊഡക്ടിവിറ്റി ഗണ്യമായി കുറഞ്ഞതും ശാഖകൾ പൂട്ടാനുള്ള തീരുമാനത്തിലേക്ക് മാനേജ്മെന്റിനെ നയിച്ചെന്നാണ് സൂചനകൾ. രാജ്യത്ത് ഒരു ബ്രാഞ്ചിലെ ശരാശരി ബിസിനസ് 9.5 കോടി രൂപ ആയിരിക്കുമ്പോൾ കേരളത്തിൽ 2.5 കോടി രൂപ മാത്രമാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ക്രയവിക്രയത്തിലുള്ള കുറവും, റൂറൽ മേഖലയിൽ ഉൾപ്പെടെ ശക്തമായ ബാങ്കിങ് ശൃംഖലയും സംസ്ഥാനത്ത് ബിസിനസ് കുറയാനുള്ള കാരണങ്ങളാണ്. മൊത്തം ബിസിനസിന്റെ 4% സംസ്ഥാനത്ത് നിന്നായിരിക്കുമ്പോഴും പ്രവർത്തനച്ചെലവ് കൂടുതലായതിനാൽ ലാഭത്തിന്റെ ഒരു ശതമാനം മാത്രമാണ് കേരള ബ്രാഞ്ചുകളുടെ സംഭാവന. കമ്പനിയുടെ ആകെ ബ്രാഞ്ചുകളുടെ 14 ശതമാനം കേരളത്തിലാണ്; ആകെ ജീവനക്കാരിൽ 13 ശതമാനവും (3200 പേർ).

ലയബിലിറ്റി ബിസിനസ് രംഗത്ത് നടപ്പിലായ പരിഷ്‌കാരങ്ങളും ഒരു പുനർവിചിന്തനത്തിന് കമ്പനിയെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് വിവരം. സ്വർണ്ണ ബോണ്ടുകൾ ലയബിലിറ്റി ബിസിനസിന്റെ പ്രധാന ഘടകമായിരിക്കെ വ്യാപകമായി ബ്രാഞ്ചുകളുടെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു. ബോണ്ടുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബ്രാഞ്ചുകളിൽ നേരിട്ടെത്തേണ്ടി വന്നിരുന്നു. എന്നാൽ 2014 ൽ മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ ബോണ്ടുകളുടെ ഇഷ്യു നിറുത്തലാക്കി. ഡീമാറ്റ് രൂപത്തിലുള്ള നോൺ കൺവെർട്ടിബിൾ ഡെബഞ്ചറുകളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിച്ചതോടെ ലയബിലിറ്റി ബിസിനസിന് ബ്രാഞ്ചുകളുടെ സാന്നിധ്യം ഒരു അനിവാര്യത അല്ലാതായി മാറി.

ഓഹരിവില 600 രൂപയോടടുത്ത് വ്യാപാരം തുടരുമ്പോാഴും നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ എൻബിഎഫ്സി ഓഹരികളിൽ ഒന്നായാണ് മുത്തൂറ്റ് ഫിനാൻസിനെ വിപണി വിദഗ്ധർ വിലയിരുത്തുന്നത്. ശക്തമായ ബാലൻസ് ഷീറ്റ്, മികച്ച ബിസിനസ് അടിത്തറ, ഉയർന്ന വളർച്ചാ സാധ്യത എന്നിങ്ങനെ കമ്പനിക്ക് അനുകൂലമായ വിവിധ ഘടകങ്ങളുണ്ടെന്ന് ആന്റിക് സ്റ്റോക്ക് ബ്രോക്കിങ് റിപ്പോർട്ട് വിശദമാക്കുന്നു. നിലവിലെ 623 ശാഖകളിൽ പകുതിയോളം പൂട്ടേണ്ടി വന്നാൽ കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികളിലും മൊത്തവരുമാനത്തിലും 2 ശതമാനത്തോളം കുറവുണ്ടാകും. അതേസമയം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ ജീവനക്കാരുടെ ചെലവിൽ 6.5 ശതമാനവും ബ്രാഞ്ചുകളുടെ പ്രവർത്തനച്ചെലവിൽ 7 ശതമാനത്തോളവും കുറവുണ്ടാകും. അങ്ങനെ വന്നാൽ കേരള ബ്രാഞ്ചുകൾ കൈകാര്യം ചെയ്യുന്ന ശരാശരി ആസ്തിയിലും ലാഭക്ഷമതയിലും വൻകുതിപ്പുണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മാക്രോ ഇക്കണോമിക് സാഹചര്യങ്ങളും നിലവിൽ മുത്തൂറ്റ് ഫിനാൻസിന് ഏറെ അനുകൂലമാണ്. സ്വർണ്ണത്തിന്റെ വില പവന് മുപ്പത്തിനായിരവും കടന്ന് കുതിക്കുമ്പോൾ രാജ്യത്ത് ഏറ്റവുമധികം ആസ്തി സ്വർണ്ണമായി കൈകാര്യം ചെയ്യുന്ന കമ്പനി സ്വാഭാവികമായും ഓഹരിവിപണിയിൽ നില ശക്തമാക്കുമെന്ന വിലയിരുത്തലിലാണ് വിപണി വൃത്തങ്ങൾ.