play-sharp-fill
അധ്യാപകരെക്കൊണ്ടു പറ്റുന്നില്ലെങ്കിൽ പൊലീസ് നോക്കട്ടെ: കോളജിനുള്ളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്

അധ്യാപകരെക്കൊണ്ടു പറ്റുന്നില്ലെങ്കിൽ പൊലീസ് നോക്കട്ടെ: കോളജിനുള്ളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖകൻ

കൊച്ചി: കോളേജ് വിദ്യാർത്ഥികൾ തമ്മിൽ കോളേജിനുള്ളിൽ തമ്മിൽ തല്ലി തലപൊട്ടിക്കുന്നത് പതിവായതോടെ വിചിത്ര നിർദേശവുമായി ഹൈക്കോടതി. അധ്യാപകർക്ക് വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ പൊലീസ് ഇടപെടണമെന്ന നിർദേശമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോളേജിനുള്ളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും കോടതി നിർദേശിക്കുന്നു.
കുറ്റിപ്പുറം എംഇഎസ് എൻജിനിയറിങ് കോളേജിൽ സംഘർഷം വർധിച്ചുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ബി സുധീന്ദ്രകുമാറാണ് ഉത്തരവിട്ടത്. അഞ്ചു വർഷത്തിനിടെ 59 കേസുകളാണ് കുറ്റിപ്പുറം എംഇഎസ് എൻജിനിയറിങ് കോളേജിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.


2019 മാർച്ച് 20ന് രണ്ടു വിദ്യാർഥികളെ ആക്രമിച്ച കേസിൽ ഒമ്പത് വിദ്യാർഥികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഉത്തരവ്. ഉപാധികളോടെയാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
40,000 രൂപയുടെ ബോണ്ട്, കുറ്റിപ്പുറം എസ്എച്ച്ഒ നിശ്ചയിക്കുന്ന തുകയ്ക്കുള്ള മൂന്ന് ആൾജാമ്യം എന്നിവയോടെ, 10 ദിവസത്തിനകം കീഴടങ്ങണം എന്ന വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചു.
കോളേജിൽ ഹോസ്റ്റൽ സൗകര്യം ഉണ്ടായിട്ടും പകുതിയിലേറെ വിദ്യാർത്ഥികൾ പുറത്തെ ഹോസ്റ്റലിലാണ് താമസിക്കുന്നതെന്നും ഇവർ പുറത്ത് സാമൂഹ്യവിരുദ്ധരുമായി ബന്ധപ്പെടുന്നുവെന്നും പ്രിൻസിപ്പൽ കോടതിയെ അറിയിച്ചു. അതിനാൽ ഹോസ്റ്റലിലേക്ക് മാറാൻ വിദ്യാർഥികൾക്ക് കോടതി നിർദേശം നൽകണമെന്ന് പ്രിൻസിപ്പൽ അഭ്യർഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group