Spread the love

പൂനെ : മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിങ്ങിനിടെ മലയിടുക്കിലേക്ക് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകൾ. പൂനെ സ്വദേശിയായ ബിസിനസുകാരൻ കേതൻ അഗർവാൾ (25) കൊല്ലപ്പെട്ട കേസിൽ പ്രതിശ്രുത വധു സിയ ഗോയൽ, ഇവരുടെ കാമുകൻ ചേതൻ ചൗധരി, സഹായിയായ നീരജ് എന്നിവരെ പൂനെ റൂറൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകനുമായുള്ള ബന്ധം വീട്ടില്‍ അറിയിക്കുന്നതിനേക്കാൾ എളുപ്പം കേതനെ കൊലപ്പെടുത്തുകയായിരുന്നെന്ന് സിയ പൊലീസിനോട് പറഞ്ഞു. ആദ്യം ഒരു സാധാരണ അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിച്ച കേസ്, പോലീസിന്‍റെ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് ചുരുളഴിഞ്ഞത്.

video
play-sharp-fill

ഇക്കഴിഞ്ഞ ജൂൺ 18നാണ് ലോഹഗഡ് കോട്ടയിൽ വെച്ച് കേതൻ അഗർവാൾ 300 മുതൽ 400 അടി വരെ താഴ്ചയുള്ള മലയിടുക്കിലേക്ക് വീണ് മരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി ഫോട്ടോ ഷൂട്ടിനും ട്രെക്കിങ്ങിനുമായാണ് സിയയും കേതനും കോട്ടയിൽ എത്തിയത്. കേതൻ അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്നാണ് സിയ ആദ്യം പോലീസിനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാൽ പരിചയസമ്പന്നനായ ഒരു ട്രെക്കറായ കേതൻ അത്ര പെട്ടെന്ന് കാൽ വഴുതി വീഴില്ലെന്ന് കുടുംബം ആരോപിക്കുകയും മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് സിയയുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ട പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.