play-sharp-fill
മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ വൻ അഴിമതി: ക്വാറികൾക്ക് അനുമതി നൽകുന്നതിൽ കൈക്കൂലിയെന്ന് ആരോപണം; ജിയോളജി ഓഫിസുകളിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന

മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ വൻ അഴിമതി: ക്വാറികൾക്ക് അനുമതി നൽകുന്നതിൽ കൈക്കൂലിയെന്ന് ആരോപണം; ജിയോളജി ഓഫിസുകളിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന

സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ഓഫീസുകളിൽ നിന്ന് ക്വാറികൾക്ക് ഖനനാനുമതി നൽകുന്നതിൽ വ്യാപകമായി അഴിമതിയും ക്രമക്കേടുകളും നടക്കുന്നു എന്ന ആരോപണം സംബന്ധിച്ച് സംസ്ഥാന വ്യാപകമായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഓഫീസുകളിലും വിവിധ ക്വാറികളിലും മിന്നൽ പരിശോധന നടത്തണമെന്ന ബഹുമാനപ്പെട്ട വിജിലൻസ് ഡയറക്ടറുടെ  നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വി.എ.സി.ബി. കിഴക്കൻ മേഖല കോട്ടയം, പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ  11.00 മണി മുതൽ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ഓഫീസുകളിലും, വിവിധ ക്വാറികളിലും  വിജിലൻസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയതിൽ നിരവധി  ക്രമക്കേടുകൾ പ്രാഥമികമായി  കണ്ടെത്തുകയുണ്ടായി.  ഇടുക്കി ജില്ലയിലെ ഒരു ക്വാറിയിൽ ലൈസൻസിൽ അനുവദിച്ചതിനേക്കാൾ അധികം മൈനിംഗ് നടത്തിയതായി കണ്ടെത്തിയിട്ടുള്ളതും ആലപ്പുഴ ജില്ലയിൽ  ക്യാഷ് ബുക്കിൽ ക്രമക്കേടുകളും കണ്ടെത്തിയിട്ടുള്ളതും രാത്രി വൈകിയും പരിശോധന തുടർന്ന് വരുന്നതുമാണ്.

ടി. പരിശോധനയിൽ വിജിലൻസ് ഡി.വൈ.എസ്. പി. മാരായ   എൻ. രാജൻ, എം. കെ. മനോജ്, പോലീസ് ഇൻസ്‌പെക്ടർമാരായ  റിജോ പി. ജോസഫ്,  വി.എ നിഷാദ്.മോൻ ,രാജൻ കെ. അരമന, ജെർലിൻ വി. സ്‌കറിയ,  ടിപ്‌സൺ തോമസ് മേക്കാടൻ,  ഷനിൽ കുമാർ,  കെ. വി. ബെന്നി, തുടങ്ങിയവരും റേഞ്ചിലേയും, യൂണിറ്റുകളിലേയും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.