
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്) ബാധിതരുടെ എണ്ണത്തില്‍ വൻ വർധന.
പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഈ മാസം 19 വരെയുള്ള കണക്കുകള്‍ പ്രകാരം മാത്രം 186 പേർക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തു.
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ ജന്തുജന്യരോഗം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വലിയ തോതില്‍ പടരുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ മാത്രം സംസ്ഥാനത്ത് 21 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിലാണ് ഇന്നലെ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇതിനുപുറമെ, രോഗമുണ്ടെന്ന് സംശയിക്കുന്ന 12 പേർ കൂടി ഇന്നലെ മാത്രം ചികിത്സ തേടിയിട്ടുണ്ട്.
ജൂണ്‍ ഒന്ന് മുതല്‍ 19 വരെയുള്ള ദിവസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവതരമാണ്. ഈ കാലയളവില്‍ 186 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍, 134 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഈ മാസം ഇതുവരെ സ്ഥിരീകരിച്ച മൂന്ന് മരണങ്ങള്‍ക്ക് പുറമെ, എലിപ്പനി ബാധിച്ചാണെന്ന് സംശയിക്കപ്പെടുന്ന എട്ട് മരണങ്ങള് കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജനുവരി മുതല്‍ ജൂണ്‍ മാസം പകുതി വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 832 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സംശയിക്കുന്നവരുടെ എണ്ണം 607 ആണ്. ഈ വർഷം ഇതുവരെ 23 പേരാണ് എലിപ്പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.







