ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളുമോ..? ആശങ്കയിൽ യു ഡി എഫ് ക്യാമ്പ്: എല്ലാം ഇനി കളക്ടറുടെ കയ്യിൽ
സ്വന്തം ലേഖകൻ
കോട്ടയം : കേരള കോൺഗ്രസിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പാലാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളുന്നതിലേയ്ക്ക് എത്തുന്നു. യു ഡി എഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണിയുടെ പിൻതുണയോടെ മത്സര രംഗത്തിറങ്ങിയ ജോസ് ടോമിന്റെ പത്രികയ്ക്കെതിരെയാണ് ഇപ്പോൾ ജോസഫ് വിഭാഗവും എൽ ഡി എഫും രംഗത്തെത്തിയിരിക്കുന്നത്. യു ഡി എഫ് പിൻതുണയോടെ നാമനിർദേശ പത്രിക സമർപ്പിച്ച ജോസ് ടോമിന്റെ പത്രികയിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം നേതാക്കളായ പ്രിൻസ് ലൂക്കോസും , സ്റ്റീഫൻ ജോർജുമാണ് ഒപ്പിട്ടിരിക്കുന്നത്. രണ്ട് പേർക്കും നാമനിർദേശ പത്രിക ഒപ്പിടാൻ യാതൊരു അവകാശവുമില്ലെന്നാണ് ജോസഫ് വിഭാഗം അവകാശപ്പെടുന്നത്. അത് കൊണ്ടു തന്നെ ജോസഫ് വിഭാഗം ടോം ജോസിന്റെ പത്രിക തള്ളണമെന്ന് അവകാശപ്പെടുന്നു. രണ്ടാമത്തെ സെറ്റ് പത്രികയിൽ 14 കോളങ്ങൾ ഒപ്പിടാതെ അവശേഷിക്കുകയാണ്. ഇത് ചട്ട ലംഘനം ആണെന്നും അത് കൊണ്ടു തന്നെ പത്രിക തള്ളണമെന്നും എൽ ഡി എഫ് ക്യാമ്പും അവകാശപ്പെടുന്നു.
ഇതിനിടെ ജോസ് കെ മാണി നടത്തുന്ന കുരുട്ട് ഇടപെടലുകളാണ് പ്രശ്നം ഗുരുതരമാക്കുന്നതെന്ന് പി.ജെ ജോസഫും ആരോപണം ഉന്നയിക്കുന്നു. ടോം ജോസിന്റെ പത്രിക തള്ളുന്ന സാഹചര്യം ഉണ്ടായാൽ ജോസഫ് വിഭാഗത്തിന്റെ ജോസഫ് കണ്ടത്തിൽ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും.എന്നാൽ , ഇത് യു ഡി എഫിൽ വൻ പൊട്ടിത്തെറി ഉണ്ടാക്കുമെന്നാണ് സൂചന.
എന്നാൽ , രാവിലെ നാമനിർദ്ദേശ പത്രികയുടെ സ്ക്രൂട്ടിണി ആരംഭിച്ചപ്പോൾ മുതൽ തന്നെ ജോസഫ് വിഭാഗം തർക്കം ആരംഭിച്ചിരുന്നു. തർക്കം പരിഹരിക്കാനാവാതെ വന്നതോടെ തീരുമാനം എടുക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കളക്ടറും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. ഉടൻ തന്നെ തീരുമാനം ഉണ്ടാകും എന്നാണ് സൂചന.
ജോസ് ടോമിന്റെ പത്രിക തള്ളിയാൽ വിമതനായി മത്സരിക്കുന്ന ജോസഫ് കണ്ടത്തിലിന്റെ പത്രിക സ്വീകരിച്ചാൽ സ്വീകരിക്കേണ്ട തുടർ നടപടികൾ ജോസഫ് വിഭാഗം അലോചിക്കുകയാണ്. യു ഡി എഫ് ആവശ്യപ്പെട്ടാൽ ജോസഫ് കണ്ടത്തിലിന് ചിഹ്നം നൽകാം എന്ന നിലപാടും ജോസഫ് സ്വീകരിച്ചിട്ടുണ്ട്.