
കോട്ടയം : പൊള്ളുന്ന ചൂടിൽ പച്ചപ്പുല്ല് കിട്ടാനില്ല, കാലിത്തീറ്റ വിലയും കുതിക്കുന്നു. ഒപ്പം പാലുത്പാദനവും കുറഞ്ഞതോടെ ഗതികെട്ട അവസ്ഥയിലാണ് ക്ഷീരകർഷകർ.
സ്വകാര്യ കമ്പനികളുടെ 50 കിലോഗ്രാം ചാക്ക് കാലിത്തീറ്റയ്ക്ക് 1500 രൂപയ്ക്ക് മുകളിലാണ് വില. പച്ചപ്പുല്ലിന് ക്ഷാമം നേരിട്ടതോടെ വൈക്കോൽ കൊടുത്താണ് പല ക്ഷീരകർഷകരും പശുക്കളുടെ ജീവൻ നിലനിറുത്തുന്നത്.
20 കിലോ റോൾ വൈക്കോലിന് 240 – 260 രൂപ വരെയാണ് വില. ഡിമാൻഡ് കൂടിയതോടെ വരുംദിവസങ്ങളിൽ വില ഉയർന്നേക്കുമെന്നാണ് ആശങ്ക. പശുക്കൾക്ക് വിശപ്പകറ്റാമെന്നല്ലാതെ വൈക്കോൽ നൽകിയാൽ പാൽ ഉത്പാദനത്തിൽ വർദ്ധനയുണ്ടാകില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കോൽ തിന്നാനും മടിക്കുന്നു. എള്ളിൻ പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് എന്നിവയുടെ വിലയും വർദ്ധിച്ചു. 15 ലിറ്റർ പാൽ തരുന്ന പശുവിന് തീറ്റയ്ക്കും മറ്റുമായി ദിനംപ്രതി 500 രൂപയോളം ചെലവ് വരുമെന്ന് കർഷകർ പറയുന്നു.
വേനൽ കടുത്തതോടെ കുടിവെള്ള ലഭ്യതയും കുറഞ്ഞു. ഒരു പശുവിന് പ്രതിദിനം കുറഞ്ഞത് 100 ലിറ്റർ എന്ന തോതിൽ വെള്ളം നൽകണമെങ്കിലും അതിനുള്ള പാങ്ങും ചെറുകിട കർഷകർക്കില്ല.
ചൂട് കൂടുന്നതിനനുസരിച്ചുള്ള സൗകര്യങ്ങൾ കൂടുകളിൽ ഒരുക്കണമെങ്കിലും ചെലവേറെയാണ്. തൊഴുത്തിനു പുറത്തെത്തിച്ച് പശുക്കളെ വളരെ നേരം മേയ്ക്കാനുമാകില്ല.
കൂടുതൽ നേരം വെയിലത്തുനിൽക്കുന്ന കന്നുകാലികൾക്ക് രോഗങ്ങൾ പിടിപെടുന്നുണ്ട്. പ്രതിസന്ധി മുന്നിൽക്കണ്ട് പശുക്കളെ വിറ്റൊഴിവാക്കാനുള്ള ശ്രമം നടത്തുന്ന കർഷകരുമുണ്ട്.









