
കടുത്തുരുത്തി: വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചത് ശ്വാസകോശത്തില്‍ വിസര്‍ജ്യം (മഷി) കയറിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിച്ച കടുത്തുരുത്തി വെള്ളാശേരി ആളുമ്മേല്‍ അനീഷിന്റെ ഭാര്യ കാര്‍ത്തികയുടെ (36) നവജാതശിശു മരിച്ച സംഭവത്തിലാണ് പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറില്‍ നിന്ന് വിശദമായ മൊഴിയെടുത്തത്.
യഥാസമയം വേണ്ട പ്രസവശുശ്രൂഷ ലഭിക്കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിനു കാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. ജോമോന് ജേക്കബ് പോലീസിന് മൊഴി നല്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഞ്ഞിന്റെ പൊക്കിള്‍കൊടി ശരിയായ നിലയിലല്ല മുറിച്ചിട്ടുള്ളതെന്നു കണ്ടെത്തിയതായും ഡോക്ടര്‍ മൊഴി നല്കി. ഇതിനായി യുവതി ഉപയോഗിച്ച കത്രിക യുവതിയുടെ വീടിനകത്തുനിന്നു പോലീസ് സംഭവദിവസംതന്നെ കണ്ടെത്തിരുന്നു.
കടുത്തുരുത്തി എസ്എച്ച്ഒ ഡി. രജീഷ്കുമാര്, എസ്ഐ എ.കെ. അനില്‍, എഎസ്ഐ ശ്രീലത അമ്മാള്‍ എന്നിവരടങ്ങിയ സംഘമാണ് ഡോക്ടറില്‍നിന്ന് നവജാതശിശുവിന്റെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ശേഖരിച്ചത്.
തിങ്കളാഴ്ച കാര്‍ത്തികയുടെ മൊഴിരേഖപ്പെടുത്താന്‍ പോലീസ് സംഘം മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും മൊഴിയെടുക്കാനായില്ല. ഗൈനക്കോളജി വിഭാഗത്തിലെ ഐസിയുവിലാണ് നിലവില്‍ യുവതി ചികിത്സയിലുള്ളത്.
ഇവരുടെ ശാരീരികാവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് വരുംദിവസം ഇവരുടെ മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
ആശുപത്രിയിലെത്തി വൈദ്യസഹായം തേടാതെ വീട്ടില്‍ പ്രസവിച്ചതിനും കുഞ്ഞിന്റെ മരണവുമായും യുവതിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോയെന്നുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് കാര്‍ത്തികയെ ഇവരുടെ വീട്ടില്‍ രക്തസ്രാവമുണ്ടായി അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ പരിസരവാസികള്‍ കണ്ടത്. ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച യുവതിയുടെ കുഞ്ഞിനെ പിന്നീടു മരിച്ചനിലയില്‍ വീട്ടിൽനിന്നു കണ്ടെത്തുകയായിരുന്നു.



