play-sharp-fill
വഴിയിൽ കിടക്കുന്ന സ്‌കൂട്ടറുകാരന് പമ്പിൽ നിന്നു കുപ്പിയിൽ പെട്രോൾ കിട്ടില്ല: ഗുണ്ടകൾക്ക് പെട്രോൾ ബോംബുണ്ടാക്കാൻ ആവശ്യത്തിന് പെട്രോൾ..!

വഴിയിൽ കിടക്കുന്ന സ്‌കൂട്ടറുകാരന് പമ്പിൽ നിന്നു കുപ്പിയിൽ പെട്രോൾ കിട്ടില്ല: ഗുണ്ടകൾക്ക് പെട്രോൾ ബോംബുണ്ടാക്കാൻ ആവശ്യത്തിന് പെട്രോൾ..!

തേർഡ് ഐ ബ്യൂറോ
കോട്ടയം: വഴിയിൽ പെട്രോൾ തീർന്ന് കിടക്കുന്ന ഏതെങ്കിലും ബൈക്കുകാരൻ പമ്പിൽ പെട്രോൾ ചോദിച്ചെത്തിയാൽ പൊലീസിന്റെ കുറിമാനം കാട്ടി ഭയപ്പെടുത്തും. എന്നാൽ, ഏറ്റുമാനൂരിൽ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഘത്തിന് പത്ത് ബിയർ കുപ്പി നിറയെ പെട്രോൾ സുഖമായി ലഭിച്ചു. ബോംബുണ്ടാക്കി തിരിയിട്ട് ആരെയും കൊലപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ വൻ സെറ്റപ്പുമായി എത്തിയ അക്രമി സംഘത്തിന് പെട്രോൾ ലഭിച്ചത് എവിടെ നിന്നെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ നിന്നും ഇപ്പോൾ കുപ്പിയിൽ പെട്രോൾ നൽകാറില്ല. വാഹനം വഴിയിലാണ് എന്നു പറഞ്ഞാൽ പോലും പൊലീസിന്റെ നിർദേശമില്ലാതെ ഇന്ധനം കുപ്പിയിൽ നൽകില്ലെന്നാണ് നിലപാട്. അടിയന്തരസാഹചര്യമാണെങ്കിൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള കത്തുമായി എത്തിയാൽ പെട്രോൾ ലഭിക്കും. എന്നാൽ, സാധാരണക്കാരന്റെ ബൈക്കിന്റെ പെട്രോൾ തീർന്നാൽ കുപ്പിയുമായി എത്തിയാൽ പമ്പുകാർ കൈമലർത്തുകയാണ് പതിവ്.
കുപ്പിയിൽ പെട്രോളുമായി എത്തി പെൺകുട്ടികളെ തീ വെച്ച് കൊല്ലുന്ന സംഭവങ്ങൾ കേരളത്തിൽ വർധിച്ചതോടെയാണ് പമ്പുകളിൽ നിന്നും കുപ്പിയിൽ പെട്രോൾ വിതരണം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ, ഒരു വർഷത്തിലേറെയായി ഈ നിയന്ത്രണമുണ്ടെങ്കിലും ഇതിനു ശേഷവും പെട്രോൾ ആക്രമണങ്ങൾ നിർബാധം തുടരുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലുള്ള ഉദാഹരണമാണ് ഇപ്പോൾ ഏറ്റുമാനൂരിൽ പൊലീസ് സംഘത്തിനു നേരെ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായത്. ഇത് അക്ഷരാർത്ഥത്തിൽ പൊലീസിന്റെ വിലക്കുകൾ കൊണ്ട് യാതൊരു അർത്ഥവുമില്ലെന്ന് വ്യക്തമാക്കുന്നതാണ്.
പമ്പിൽ നിന്നും ഒരു ലിറ്റർ പെട്രോൾ വാങ്ങിയാൽ ഒരിക്കലും ഇവർ കുപ്പി നിറച്ച് പെട്രോൾ നൽകില്ല. കണക്കിൽ കൃത്രിമമുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് പമ്പ് അധികൃതർ പെട്രോൾ കുപ്പിയിൽ നൽകാത്തത്. അളിവിൽ പമ്പുകാർ കൃത്രിമം കാട്ടുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന വിവരങ്ങൾ.