ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്‌ക്കെതിരെ ക്രൂരത തുടരുന്നു: സഭയിൽ നിന്നു പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ പൂട്ടിയിട്ടു; മുറിയിൽ നിന്നും രക്ഷിച്ചത് പൊലീസ് എത്തി
സ്വന്തം ലേഖകൻ
കൽപ്പറ്റ: ജലന്ധർ രൂപത അദ്ധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്‌ക്കെതിരെ സഭയുടെ പീഡന നടപടികൾ തുടരുന്നു. സഭയിൽ നിന്നും കന്യാസ്ത്രീയെ പുറത്താക്കിയ സഭ അധികൃതർ ഇവരെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു.
ബിഷപ്പിനെതിരെ പരാതി നൽകാൻ മുന്നിൽ നിന്ന സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായാണ് പരാതി ഉയർന്നിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്. മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയ്ക്ക് പോകുന്നത് തടയാനാണ് മഠാംഗങ്ങൾ തന്നെ പൂട്ടിയിട്ടതെന്ന്് സിസ്റ്റർ ലൂസി ആരോപിച്ചു. കുർബാനയ്ക്ക് പോകാനായി മുറിക്ക് പുറത്തിറങ്ങാൻ ശ്രമിക്കുമ്പോഴാണ് വാതിൽ പുറത്തുനിന്ന് പൂട്ടിയതായി കണ്ടത്. തുടർന്ന് വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെതുടർന്ന് പൊലീസെത്തിയാണ് വാതിൽ തുറന്നത്. സംഭവത്തിൽ കേസെടുക്കുമെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച് സിസ്റ്റർ ലൂസിയെ മഠത്തിൽ നിന്ന് പുറത്താക്കിയതായി ഔദ്യോഗിക അറിയിപ്പെത്തിയിരുന്നു. മകളെ മഠത്തിൽ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്സിസി) കത്തയയ്ക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിസ്റ്റർ ലൂസിക്ക് ഒരു അവകാശവും നൽകില്ലെന്നും ഈ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മഠത്തിലെ മുറിയിൽ പൂട്ടിയിട്ടത്. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവമാണ് ഉണ്ടായതെന്നും തന്നെ തടങ്കലിലാക്കാൻ ശ്രമിക്കുന്നുവെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ ആരോപിച്ചു.