ഓണത്തെ കാത്ത് സർക്കാർ ജീവനക്കാർ: വരാനിരിക്കുന്നത് അവധിയുടെ പെരുമഴക്കാലം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പെരുമഴയുടെ അവധി കഴിഞ്ഞതോടെ ഇനി വരാനിരിക്കുന്നത് അവധിയുടെ പെരുമഴക്കാലം. മഴക്കാലത്ത് താല്കാലികമായി സ്‌കൂളുകൾ അടച്ചെങ്കിലും ഇനി സെപ്റ്റംബറിൽ കാത്തിരിക്കുന്നത് അവധിയുടെ പൂരക്കാലമാണ്. ഓണത്തിന്റെ ഭാഗമായി തുടർച്ചയായുള്ള അവധികളാണ് ഇന് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ലഭിക്കാനിരിക്കുന്നത്. ഓണക്കാല അവധികളുടെ പട്ടിക സർക്കാർ പുറത്ത് വിട്ടതോടെയാണ് ഇതു സംബന്ധിച്ചു കൃത്യമായ വ്യക്തതയുണ്ടായത്. സർക്കാർ ഓഫീസുകൾക്ക് ഇത്തവണ 8 ദിവസം അവധിയുണ്ട്. സെപ്റ്റംബർ 10 മുതൽ 12 വരെയുള്ള മൂന്ന് ദിവസമാണ് ഓണം അവധി. എട്ടാം തീയതി ഞായറായതിനാൽ അവധി. 9 മുഹറം, 13 ശ്രീനാരായണ ഗുരു ജയന്തി 14രണ്ടാം ശനിയും 15 ഞായറുമാണ്. 17ന് വിശ്വകർമ്മ ദിനത്തിന് നിയന്ത്രിത അവധിയുണ്ട്. സെപ്റ്റംബർ 10 മുതൽ 14 വരെ ബാങ്ക് അവധിയുമാണ്. 10 ന് ഒന്നാം ഓണവും 11 ന് തിരുവോണവും 13 ന് ശ്രീനാരായണഗുരു ജയന്തിയും 14 ന് രണ്ടാം ശനിയും ആയതിനാലാണ് അവധി.
അതേസമയം വിദ്യാർത്ഥികൾക്ക് മഴക്കെടുതിയെത്തുടർന്ന് അധ്യയന ദിനങ്ങൾ നഷ്ടമായത് പരിഹരിക്കാൻ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്ക് സർക്കാർ നിർദേശം. നഷ്ടമായ അധ്യയന ദിനങ്ങളുടെ എണ്ണം അനുസരിച്ച് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനാണ് അതത് ഡിഡിഇമാർക്ക് പൊതു വിദ്യാഭ്യാസ സെക്രട്ടറി നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ഓണപ്പരീക്ഷകളുടെ തീയതിയിൽ മാറ്റമുണ്ടാവില്ല. ഈ അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളിൽ 220 പ്രവൃത്തിദിനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. മഴക്കെടുതി മൂലം ഈ ലക്ഷ്യം കൈവരിക്കാനാവാത്ത സാഹചര്യം ഒഴിവാക്കാനാണ് ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കുന്നത്.