റോഡരികിൽ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ: റോഡരികിൽ തള്ളിയത് സ്വകാര്യ ആശുപത്രിയിൽ നിന്നെന്ന് സൂചന; ആർപ്പൂക്കര സൂര്യാകവലയിൽ ബക്കറ്റിൽ മനുഷ്യശരീരം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു; ബക്കറ്റിനുള്ളിൽ സ്ത്രീയുടെ തലയെന്ന് പ്രചാരണം
സ്വന്തം ലേഖകൻ
കോട്ടയം: റോഡരികിൽ ബക്കറ്റിനുള്ളിലാക്കി മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ തള്ളിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്നും എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ഇത്തരത്തിൽ റോഡരികിൽ തള്ളിയതെന്നാണ് ലഭിക്കുന്ന സൂചന. സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം എംബാം ചെയ്ത ശേഷം ലഭിച്ച അവശിഷ്ടങ്ങൾ മറവ് ചെയ്യാതെ റോഡരികിൽ ഉപേക്ഷിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെയാണ് ആർപ്പൂക്കര സൂര്യാക്കവലയിൽ റോഡരികിൽ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ അടങ്ങിയ ബക്കറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാഹനത്തിൽ എത്തിയവർ റോഡിൽ നിന്നും മാലിന്യം വലിച്ചെറിഞ്ഞതിനെ തുടർന്ന് അവശിഷ്ടങ്ങൾ അടങ്ങിയ ബക്കറ്റ് വെള്ളമില്ലാത്ത സമീപത്തെ പാടശേഖരത്തിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ബക്കറ്റിനുള്ളിൽ സ്ത്രീയുടെ തലയാണ് എന്നാണ് നാട്ടുകാർ പ്രചരിപ്പിച്ചിരുന്നത്. ഇതേ തുടർന്ന് ഗാന്ധിനഗറിൽ നിന്നുള്ള പൊലീസ് സംഘം അതിവേഗം സ്ഥലത്ത് കുതിച്ചെത്തി. തുടർന്നാണ് ബക്കറ്റിനുള്ളിൽ നിന്നും മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധിച്ചത്. പൊലീസ് നിർദേശപ്രകാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം ഡോക്ടർമാർ അടങ്ങുന്ന സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. തുർന്നാണ് ബക്ക്റ്റിനുള്ളിലുണ്ടായിരുന്നത് എംബാം ചെയ്ത മൃതശരീരത്തിന്റെ അവശിഷ്ടങ്ങളാണ് ബക്കറ്റിലുള്ളതെന്ന് പരിശോധനയിൽ കണ്ടെത്തി.
സ്വകാര്യ ആശുപത്രികളിലോ, ഏതെങ്കിലും സ്വകാര്യ ക്ലിനിക്കുകളിലോ മൃതദേഹത്തിൽ നിന്നും എംബാം ചെയ്ത് നീക്കം ചെയ്ത മൃതദേഹത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ ബക്കറ്റിലാക്കി റോഡരികിൽ തള്ളിയതാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കാൻസറോ, ആന്തരിക അവയവങ്ങളെ ബാധിക്കുന്ന മാരകമായ അസുഖങ്ങളോ ബാധിച്ചവർ മരിക്കുമ്പോൾ ആന്തരിക അവയവങ്ങൾ നീക്കം ചെയ്ത ശേഷം മൃതദേഹം എംബാം ചെയ്യുകയാണ് പതിവ്. അസുഖം പടരാതിരിക്കാനും, മൃതദേഹം ദിവസങ്ങളോളം കേട്കൂടാതെ സൂക്ഷിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ എംബാം ചെയ്ത് മൃതദേഹം സൂക്ഷിക്കുന്നത്. ഇത്തരത്തിൽ സ്വകാര്യ ആശുപത്രികളും, സ്വകാര്യ ക്ലിനിക്കുകളും മൃതദേഹം ഇത്തരത്തിൽ എംബാം ചെയ്ത് നൽകാറുണ്ട്. ഇത്തരത്തിൽ മൃതദേഹം എംബാം ചെയ്ത ഏതെങ്കിലും സ്ഥാപനത്തിൽ നിന്നാവും ഈ മാലിന്യം റോഡരികിൽ തള്ളിയതെന്നാണ് സംശയിക്കുന്നത്. ഇതേ തുടർന്ന് മാലിന്യം തള്ളിയ വാഹനവും, ആളുകളെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.