മതം മാറിയാൽ വിവാഹം കഴിക്കാം: പട്ടിണിയിൽ കഴിഞ്ഞിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നാടുവിട്ട യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: പട്ടിണിയിലും ദുരിതത്തിലും കഴിഞ്ഞിരുന്ന എറണാകുളം നഗരത്തിലെ ടെക്സ്റ്റൈൽ ജീവനക്കാരിയായ യുവതിയെ മതം മാറിയാൽ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ഗർഭിണിയാക്കിയ ശേഷം നാടുവിട്ട കാസർകോട് സ്വദേശിയ്ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ചിറ്റാരിക്കാൽ പുത്തരിയങ്കല്ല് നെല്ലിക്കുന്നേൽ ജിബിൻ അഗസ്റ്റിനെ (22)യാണ് പോലീസ് തിരയുന്നത്.
എറണാകുളത്തെ തുണിക്കടയിലെ ജീവനക്കാരിയായ 24 കാരിയാണ് യുവാവിന്റെ വഞ്ചനയിൽ കുടുങ്ങി ഗർഭിണിയാകുകയും തുടർന്ന് ഗർഭഛിദ്രത്തിന് വിധേയയാകേണ്ടിയും വന്നത്. യുവതി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മതം മാറിയാൽ വിവാഹം കഴിക്കാമെന്ന നിബന്ധനയിൽ നിർബന്ധിത ഗർഭഛിദ്രം നടത്തിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. യുവതി രണ്ടരമാസം ഗർഭിണിയാണെന്നറിഞ്ഞതോടെ താമസിക്കുന്ന വീട്ടിൽനിന്ന് ജിബിൻ മുങ്ങുകയായിരുന്നു.
ജിബിന്റെ വീട്ടുകാരെ വിവരം അറിയിച്ചതോടെ മതം മാറിയാൽ വിവാഹം കഴിക്കാമെന്നും അതിന് മുമ്പ് ഗർഭഛിദ്രം നടത്തണമെന്ന് ജിബിനും പിതാവും പറഞ്ഞതായും യുവതി മൊഴി നൽകിയിട്ടുണ്ട്. തൃശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം പനങ്ങോട് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എറണാകുളത്തെ ഒരു പ്രമുഖ തുണിക്കടയിൽ ബില്ലിംഗ് സെക്ഷനിൽ ജോലിക്കാരിയായിരുന്നു യുവതി.
2019 ജനുവരിയിലാണ് യുവതി തുണിക്കടയിൽ ജോലിക്കെത്തിയത്. ഇവിടെ സെയിൽസ്മാനായി ജോലി ചെയ്തുവന്ന ജിബിനുമായി യുവതി അടുക്കുകയും അവധി ദിവസങ്ങളിൽ വിവാഹ വാഗ്ദാനം നൽകി ഒപ്പം കൂട്ടിക്കൊണ്ടുപോയി ഒരു വില്ലയിൽവെച്ച് രണ്ടുതവണ പീഡിപ്പിച്ചതായാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്. പിന്നീട് സംഭവം തുണിക്കടയിൽ അറിഞ്ഞതോടെ ഇവിടെനിന്നും ഇരുവരും പിരിഞ്ഞുപോവുകയും ഒരു സുഹൃത്തിന്റെ വീട്ടിൽ താമസിക്കുകയുമായിരുന്നു. ഭാര്യാഭർത്താക്കന്മാരെപ്പോലെയാണ് ഇരുവരും കഴിഞ്ഞത്. ഇതിനിടയിലാണ് യുവതി ഗർഭിണിയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ വിവാഹം നേരത്തെ നടന്നിരുന്നു. ഭർത്താവുമായി പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വിവാഹം ബന്ധം വേർപെടുത്തുകയായിരുന്നു. ആദ്യത്തെ ബന്ധത്തിൽ മൂന്ന് വയസ്സുള്ള മകനും രണ്ട് വയസ്സുള്ള മകളുമുണ്ട്.നിർധന കുടുംബത്തിലെ അംഗമായതിനാൽ മക്കളെ പിതാവിനൊപ്പം നിർത്തുകയായിരുന്നുവെന്നും യുവതി പറയുന്നു. ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്ത് ഇടപ്പള്ളിയിലെ ക്രിസ്ത്യൻ പള്ളിക്ക് സമീപം യുവതിയെ കൂട്ടിക്കൊണ്ടുപോവുകയും മെഴുകുതിരി കത്തിച്ച് പ്രാർഥിക്കണമെന്ന് പറയുകയും ചെയ്തു. വൈകീട്ട് 5.30 മണിയോടെ ഇവിടെ പ്രാർഥനക്ക് ഇരുത്തി പോയ ജിബിനെ 7.30 മണിയായിട്ടും തിരിച്ചുവരാതായതോടെ പോലീസെത്തിയിരുന്നു.
ഇതിനിടയിൽ യുവാവ് തിരിച്ചെത്തുകയും എ ടി എമ്മിൽനിന്ന് പണമെടുക്കാൻ പോയതാണെന്ന് പറഞ്ഞ് തലയൂരുകയുമായിരുന്നു. പിന്നീട് ഒരുദിവസം ലോഡ്ജിൽ മുറിയെടുത്ത് താമസിപ്പിച്ചു. വിവാഹം കഴിക്കണമെങ്കിൽ ഗർഭഛിദ്രം നടത്തണമെന്ന് നിർബന്ധിച്ചതോടെ തൃശൂർ അശ്വിനി നഴ്സിംഗ് ഹോമിൽവെച്ച് ഗർഭഛിദ്രം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ ഡിസ്ചാർജ് ചെയ്ത് ഒരു വീട്ടിൽ താമസിപ്പിച്ച് യുവാവ് മുങ്ങി. ഇവിടെവെച്ച് 20 പാരസെറ്റമോൾ ഒന്നിച്ച് കഴിച്ച യുവതിയെ അവശനിലയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴ് ദിവസമാണ് യുവതി മെഡിക്കൽ കോളജിൽ കഴിഞ്ഞത്. മൂന്ന് ദിവസം കോമാ സ്റ്റേജിൽ ഐ സിയുവിലായിരുന്നു. യുവതി ഗർഭഛിദ്രം നടത്തിയെന്ന വിവരമറിഞ്ഞതോടെ ജിബിന്റെ വീട്ടുകാരും പ്രതികരിക്കാതായി. തുടർന്നാണ് പരാതി നൽകിയതും സംഭവത്തിൽ കേസെടുത്തതും.