play-sharp-fill
സ്വാതന്ത്ര്യദിനാഘോഷം: ജില്ലയിലെ മികച്ച പ്ലാറ്റൂണിനുള്ള പുരസ്‌കാരം ജില്ലയിലെ എക്‌സൈസ് സംഘത്തിന്

സ്വാതന്ത്ര്യദിനാഘോഷം: ജില്ലയിലെ മികച്ച പ്ലാറ്റൂണിനുള്ള പുരസ്‌കാരം ജില്ലയിലെ എക്‌സൈസ് സംഘത്തിന്

സ്വന്തം ലേഖകൻ

കോട്ടയം: പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ എക്‌സൈസ് പ്ലറ്റൂണിനെ നയിച്ച വൈക്കം എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ മികച്ച പ്ലറ്റൂൺ കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ടു.

പരേഡിലെ പ്രകടനത്തിന് പോലീസ് വിഭാഗത്തിൽ എക്‌സൈസ് പ്ലറ്റൂണും സിവിൽ പോലീസിൻറെ ഒന്നാം നമ്പർ പ്ലറ്റൂണും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സ്റ്റൂഡൻറ്‌സ് പോലീസ് വിഭാഗത്തിൽ ആൺകുട്ടികൾ ഒന്നാം സ്ഥാനവും പെൺകുട്ടികൾ രണ്ടാം സ്ഥാനവും നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ
എൻ.സി.സി സീനിയർ
1.എം.ഡി. സെമിനാരി എച്ച്.എസ്.എസ്.സ്, കോട്ടയം
2. അഞ്ചാം കേരള നേവൽ എൻ.സി.സി യൂണിറ്റ്, ചങ്ങനാശേരി
എൻ.സി.സി ജൂണിയർ ഡിവിഷൻ
1. ആൺകുട്ടികൾ ജവഹർ നവോദയ വിദ്യാലയം, വടവാതൂർ
2. പെൺകുട്ടികൾ ജനവഹർ നവോദയ വിദ്യാലയം, വടവാതൂർ
സ്‌കൗട്ട്
1. സെൻറ് മേരീസ് യു.പി. സ്‌കൂൾ, കുടമാളൂർ
2. എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി
ബാൻഡ്
1. മൗണ്ട് കാർമൽ സ്‌കൂൾ, കോട്ടയം
2. മോഡൽ റസിഡൻഷ്യൻ സ്‌കൂൾ, ഏറ്റുമാനൂർ.

പരേഡിൽ വിജയികളായ വിദ്യാർഥികളുടെ പ്ലറ്റൂണുകൾക്ക് ജില്ലാ ഭരണകൂടം പ്രത്യേക ഉപഹാരം നൽകി.

സായുധ സേനാ പതാക നിധിയിലേക്ക് ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്‌കാരം കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിനും വിദ്യാഭ്യാസേതര സ്ഥാപനത്തിനുള്ള പുരസ്‌കാരം സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ ഓഫിസിനും ലഭിച്ചു. മന്ത്രി പി.തിലോത്തമൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
കഴിഞ്ഞ വർഷത്തെ പ്രളയത്തിൻറെ ആഘാതത്തിൽനിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ വീണ്ടും പ്രകൃതിക്ഷോഭം നാശം വിതച്ച സാഹചര്യത്തിൽ ഒരേ മനസോടെ നടത്തിവരുന്ന അതിജീവനപ്പോരാട്ടം ശക്തമായി തുടരാൻ സംസ്ഥാനത്തെ ജനങ്ങൾ പരിശ്രമിക്കണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ അഭ്യർത്ഥിച്ചു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ദേശീയ പതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തെ നേരിടാൻ നമ്മൾ കാട്ടിയ നിശ്ചയദാർഢ്യം ലോകത്തെ വിസ്മയിപ്പിച്ചു. മതത്തിനും രാഷ്ട്രീയത്തിനും ആശയധാരകൾക്കും അതീതമായ മലയാളിയുടെ ഐക്യബോധം ഏതു വലിയ പ്രതിസന്ധിയെയും അതിജീവിക്കാൻ പോന്നതാണ്. നാടിൻറെ വീണ്ടെടുപ്പിന് ഇത് തുടരേണ്ടത് അനിവാര്യമാണ്.

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും മതേതരത്വവും തകർക്കുന്നതിനായി പ്രവർത്തിക്കുന്ന ഇരുട്ടിൻറെ ശക്തികൾക്കെതിരെ ജാഗ്രത പുലർത്താനും നമുക്ക് കഴിയണം-മന്ത്രി പറഞ്ഞു. നേരത്തെ പരേഡ് പരിശോധിച്ച മന്ത്രി പരേഡിൻറെ അഭിവാദ്യം സ്വീകരിച്ചു.

പൊൻകുന്നം പോലീസ് ഇൻസ്‌പെക്ടർ വി.കെ. വിജയരാഘവനായിരുന്നു പരേഡ് കമാൻഡർ. ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് റിസേർവ് എസ്.ഐ. ഡി. ജയകുമാർ, മണർകാട് സബ് ഇൻസ്‌പെക്ടർ ആർ. വിനോദ് എന്നിവർ സിവിൽ പോലീസിൻറെ ഒന്നും രണ്ടും പ്ലറ്റൂണുകളുടെ കമാൻഡർമാരായിരുന്നു.

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ വനിതാ സബ് ഇൻസ്‌പെക്ടർ പി. ആർ സതി വനിതാപോലീസ് പ്ലറ്റൂണും വൈക്കം എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എക്‌സൈസ് പ്ലറ്റൂണും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ജി മഹേഷ് ഫോറസ്റ്റ് പ്ലറ്റൂണും വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ. പ്രീതി എക്‌സൈസ് വനിതാ പ്ലറ്റൂണും നയിച്ചു. സ്റ്റുഡൻസ് പോലീസ് കേഡറ്റ് ആൺകുട്ടികളുടെ പ്ലറ്റൂണിന് അശ്വിൻ പ്രകാശും പെൺകുട്ടികളുടെ പ്ലറ്റൂണുകൾക്ക് വൈഷ്ണവി, ആൻ മരിയാ എബ്രാഹം എന്നിവരും നേതൃത്വം നൽകി.

ആൺകുട്ടികളുടെ എൻ.സി.സി സീനിയർ ഡിവിഷൻ (ആർമി) പ്ലറ്റൂൺ തോമസ് ചാക്കോ, പെൺകുട്ടികളുടെ എൻ.സി.സി സീനിയർ ഡിവിഷൻ (ആർമി) പ്ലറ്റൂൺ നവ്യാ ജെ നായർ, എൻ.സി.സി സീനിയർ ഡിവിഷൻ (നേവി) പ്ലറ്റൂൺ പി.എസ് അക്ഷയ് എന്നിവർ നയിച്ചു.

എൻസിസി ജൂനിയർ ഡിവിഷൻ ആർമി വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്ലറ്റൂണുകൾക്ക് യഥാക്രമം വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിലെ ഗൗതം സജീവും അതുല്യ അജയകുമാറും നേതൃത്വം നൽകി.

കുടമാളൂർ സെൻറ് മേരീസ് യു.പി സ്‌കൂളിലെ ടോണിമോൻ ജേക്കബ്, എസ്.ബി എച്ച്.എസ്.എസ് ചങ്ങനാശ്ശേരിയിലെ സാവിയോ സാജു എന്നിവർ സ്‌കൗട്ട് പ്ലാറ്റൂണുകളും കോട്ടയം മൗണ്ട് കാർമ്മൽ ജി. എച്ച്. എസ്. എസിലെ നിദ്യാ അന്നാ തോമസ്, ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാ വിജയൻ എന്നിവർ ബാൻഡ് പ്ലറ്റൂണുകളും നയിച്ചു. കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിലെ വിദ്യാർഥികൾ ദേശഭക്തിഗാനം അവതരിപ്പിച്ചു.

ജില്ലാ കളക്ടർ പി.കെ. സൂധീർ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോന, ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, സബ്കളക്ടർ ഈഷ പ്രിയ, അസിസ്റ്റൻറ് കളക്ടർ ശിഖ സുരേന്ദ്രൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹ്യ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.