play-sharp-fill
ദുരിതാശ്വാസത്തിന്റെ പേരിൽ വ്യാജ പ്രചാരണം: 32 കേസുകളിലായി നാലു പേർ അറസ്റ്റിൽ; നടപടി ശക്തമായി തുടരുമെന്നുറപ്പിച്ച് പൊലീസ്

ദുരിതാശ്വാസത്തിന്റെ പേരിൽ വ്യാജ പ്രചാരണം: 32 കേസുകളിലായി നാലു പേർ അറസ്റ്റിൽ; നടപടി ശക്തമായി തുടരുമെന്നുറപ്പിച്ച് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളം നേരിടുന്ന അതിശക്തമായ പ്രളയത്തിൽ വിഷം തുപ്പുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 32 ആയി. നാലു പേരെകൂടി അറസ്റ്റു ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പൊലീസ് ഇൻഫർമേഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം റൂറൽ ജില്ലയിൽ മഞ്ചവിളാകം അമ്പലംവീട് അജയൻ ആണ് മാരായമുട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത്. സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വെള്ളമുണ്ട കട്ടയാട് ചങ്ങാലിക്കാവിൽ വീട്ടിൽ വർക്കിയുടെ മകൻ ഷിബു സി.വി, നല്ലൂർനാട് കുന്നമംഗലം ചെഞ്ചട്ടയിൽ വീട്ടിൽ ജോണിയുടെ മകൻ ജസ്റ്റിൻ, പുൽപ്പള്ളി പൈയ്ക്കത്തു വീട്ടിൽ ദേവച്ചൻ മകൻ ബാബു എന്നിവരാണ് അറസ്റ്റിലായത്.
തിരുവല്ല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇരവിപേരൂർ പൊയ്കപ്പാടി കാരിമലയ്ക്കൽ വീട്ടിൽ തമ്പിയുടെ മകൻ രഘു ഇന്നലെ അറസ്റ്റിലായിരുന്നു.
രജിസ്റ്റർ ചെയ്ത കേസുകൾ സംബന്ധിച്ച് സൈബർ സെൽ, സൈബർ ഡോം, ഹൈടെക് സെൽ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയുള്ള അന്വേഷണവും മറ്റ് നിയമനടപടികളും ഊർജ്ജിതപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ നേരത്തെ അറിയിച്ചിരുന്നു.