play-sharp-fill
നഗരമധ്യത്തിലെ രാജധാനി ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ നഗരസഭ ഉത്തരവ്: അനുമതിയില്ലാതെ നഗരസഭയുടെ കെട്ടിടത്തിൽ അറ്റകുറ്റപണി നടത്തിയതായി കണ്ടെത്തൽ; 21 ന് ചേരുന്ന കൗൺസിൽ രാജധാനി ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയേക്കും

നഗരമധ്യത്തിലെ രാജധാനി ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ നഗരസഭ ഉത്തരവ്: അനുമതിയില്ലാതെ നഗരസഭയുടെ കെട്ടിടത്തിൽ അറ്റകുറ്റപണി നടത്തിയതായി കണ്ടെത്തൽ; 21 ന് ചേരുന്ന കൗൺസിൽ രാജധാനി ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയേക്കും

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിലെ രാജധാനി ഹോട്ടലിന്റെ ലൈസൻസ് നഗരസഭ റദ്ദാക്കിയേക്കും. നഗരസഭയുടെ നോട്ടീസ് ലംഘിച്ച് രണ്ടു തവണ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ അറ്റകുറ്റപണി നടത്തിയെന്ന കുറ്റമാണ് രാജധാനി ഹോട്ടലിനെതിരെ നഗരസഭ ചുമത്തിയിരിക്കുന്നത്. മാർച്ച് 19 ന് നൽകി നോട്ടീസ് മറികടന്ന് വീണ്ടും കെട്ടിടത്തിൽ അറ്റകുറ്റപണി എന്നതാണ് ഇപ്പോൾ നഗരസഭ കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ശുപാർശയാണ് നഗരസഭ അധികൃതർ കൗൺസിലിന് നൽകിയിരിക്കുന്നത്. ഈ ശുപാർശയിൽ കൗൺസിൽ യോഗം എന്ത് നടപടിയെടുക്കുമെന്നാണ് നഗരം കാത്തിരിക്കുന്നത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മുറിയിലാണ് രാജധാനി ഹോട്ടൽ പ്രവർത്തിക്കുന്നത്. നഗരത്തിലെ ഏറ്റവും പഴക്കമുള്ള ഹോട്ടലുകളിൽ ഒന്നായിരുന്നു രാജധാനി. നഗരത്തിന്റെ പേരിനൊപ്പം തന്നെ രാജധാനിയുടെ പേരും കോട്ടയത്ത് പ്രശസ്തമായിരുന്നു. നഗരസഭ ഓഫിസിന്റെ നേരെ എതിർവശത്ത് നില നിൽക്കുന്നതിനാൽ തന്നെ കോട്ടയം നഗരത്തിന്റെ മുഖമായി രാജധാനി ഹോട്ടൽ ഒരുകാലത്ത് വാഴ്ത്തപ്പെട്ടിരുന്നു. എന്നാൽ, ബാർ ഹോട്ടലുകൾ അടച്ചു പൂട്ടാൻ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചതോടെയാണ് രാജധാനിയുടെ കഷ്ടകാലം തുടങ്ങിയത്. ബാർ ഹോട്ടലിൽ നിന്നു മാറി ഊണ് തുടങ്ങിയെങ്കിലും കഷ്ടകാലം മാത്രം വിട്ടു മാറിയില്ല. തുടർന്ന് പുതിയ മദ്യ നയം വന്നതോടെ ബാർ ലൈസൻസ് ലഭിക്കുന്നതിനായി ഇപ്പോൾ നടത്തിയ അറ്റകുറ്റപണികളാണ് പാരമായി മാറിയിരിക്കുന്നത്.
കെട്ടിടം മോടിപിടിപ്പിക്കുന്നതിനും, കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുന്നതിനും അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് നഗരസഭയിൽ രാജധാനി ഹോട്ടൽ അധികൃതർ അപേക്ഷ നൽകിയത്. കെട്ടിടത്തിന്റെ ബലക്ഷയം ഇല്ലാതാക്കുന്നതിനായി പ്രത്യേക നടപടികൾ സ്വീകരിക്കുന്നതിന് അനുവാദം നൽകണമെന്നും നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഏപ്രിൽ 28 ന് നഗരസഭ അനുമതി നൽകുകയും ചെയ്തു. എന്നാൽ, ഇതിനു ശേഷം നൽകിയ അപേക്ഷയിൽ ഒന്നും, രണ്ടും നിലകളിലേയ്ക്ക് പ്രവേശിക്കുന്നതിന് ലിഫ്റ്റ് നിർമ്മിക്കുന്നതിനും, പണി പൂർത്തിയാക്കിയ കെട്ടിടത്തിനു മുകളിൽ രണ്ട് മുറികൾ കൂടി നിർമ്മിക്കുന്നതിന് അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് നഗരസഭ അധികൃതർക്ക് വീണ്ടും രാജധാനി ഹോട്ടൽ മാനേജ്‌മെന്റ് കത്ത് നൽകി. ആറു മാസത്തിനകം ഹാജരാക്കിയ പ്ലാൻ പ്രകാരം നിർമ്മാണം സ്വന്തം ചിലവിൽ പൂർത്തിയാക്കി പൂർത്തിയാക്കണമെന്നും, ഇത് നഗരസഭ എൻജിനീയർ പരിശോധിക്കണമെന്നും കൗൺസിൽ തീരുമാനിക്കുകയും ചെയ്തു.
എന്നാൽ, നഗരസഭയിൽ നിന്നു ലഭിച്ച അനുമതിയുടെ മറവിൽ ഹോട്ടൽ അധികൃതർ കെട്ടിടത്തിന് ബലക്ഷയം വരുന്ന രീതിയിൽ മണ്ണ് മാറ്റിയെന്നാണ് നഗരസഭ എൻജിനീയറിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഈ മണ്ണ് ഖനനം നിർത്തി വയ്ക്കണമെന്നും, അനുമതിയില്ലാതെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കെട്ടിടത്തിന് ബലക്ഷയത്തിന് ഇടയാക്കുന്നതായും കാട്ടി നഗരസഭ അധികൃതർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഈ നോട്ടീസ് പരിഗണിക്കാതെ രാജധാനി അധികൃതർ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയാണെന്നാണ് നഗരസഭ എൻജിനീയറിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് അനധികൃത മണ്ണെടുപ്പ് നടത്തിയതിന് നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗായി പൊലീസിലും ജിയോളജി വിഭാഗത്തിലും പരാതിയും നൽകിയിട്ടുണ്ട്.
ഇതിനു ശേഷമാണ് നിരന്തരം നിയമലംഘനം നടത്തിയ ഹോട്ടലിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനു നടപടിയെടുക്കണമെന്ന് നഗരസഭ കൗൺസിൽ യോഗത്തിന് ശുപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ 21 ന് ചേരുന്ന കൗൺസിൽ യോഗം തീരുമാനിക്കും.