play-sharp-fill
കൊച്ചിയിൽ ചികിത്സക്കെത്തിച്ച പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക് , കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് ബന്ധുക്കളും ആശുപത്രി ജീവനക്കാരും

കൊച്ചിയിൽ ചികിത്സക്കെത്തിച്ച പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക് , കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് ബന്ധുക്കളും ആശുപത്രി ജീവനക്കാരും

സ്വന്തം ലേഖിക

കൊച്ചി:കാരുണ്യത്തിന്റെ കരങ്ങൾ ഒന്നിച്ചപ്പോൾ മലപ്പുറത്തുനിന്ന് കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിച്ച പിഞ്ചു കുഞ്ഞിന് ആഹ്ലാദ ജീവിതത്തിലേക്ക് മടക്കം. എട്ട് ദിവസം പ്രായമുള്ള കുഞ്ഞ് ശസ്ത്രക്രിയയ്ക്കു ശേഷം മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം മടങ്ങി. ആശുപത്രി അധികൃതർ കേക്കുമുറിച്ച് സന്തോഷം പങ്കുവെച്ചാണ് കുടുംബത്തെ യാത്രയാക്കിയത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ കൃത്യമായ ഇടപെടലുകളാണ് കുഞ്ഞിന് മികച്ച ചികിത്സ കിട്ടാൻ വഴിയൊരുക്കിയത്.മലപ്പുറം എടക്കര സ്വദേശികളുടെ കുഞ്ഞിനാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. എട്ടാം തീയതി എടക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം. ജനിച്ച അന്നുതന്നെ ആരോഗ്യ സ്ഥിതിയിൽ സംശയം തോന്നിയതോടെ പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയത്തിന് ഗുരുതര തകരാറുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ചത്. തുണയായത് ആരോഗ്യ മന്ത്രിയുടെ ഇടപെടൽ ‘എന്റെ സഹോദരി ബുധനാഴ്ച രാവിലെ കുഞ്ഞിന് ജന്മം നൽകി. കുട്ടിയുടെ ഹൃദയ വാൽവിന് തകരാറുണ്ട്. തിരുവനന്തപുരം ശ്രീചിത്രയിലും കൊച്ചി അമൃത ആശുപത്രിയിലും വിളിച്ചുനോക്കിയെങ്കിലും ബെഡ് ഒഴിവില്ലെന്നാണ് പറഞ്ഞത്. എത്രയും പെട്ടെന്ന് സഹായം ചെയ്തുതരാമോ’ എന്ന് ജിയാസ് മാടശ്ശേരി എന്ന യുവാവ് ഫേസ് ബുക്കിലൂടെ നടത്തിയ അഭ്യർഥനയിലാണ് ഉടനടി ആരോഗ്യ മന്ത്രി ഇടപെട്ടത്. ‘ഹൃദ്യം’ പദ്ധതിയുടെ ആംബുലൻസ് പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കും എന്നായിരുന്നു മന്ത്രിയുടെ മറുപടി. നടപടിയെടുത്തിട്ടാണ് മന്ത്രി വിവരമറിയിച്ചത്.കുട്ടിയുടെ ഹൃദയത്തിന്റെ വലത്തെ അറയിൽനിന്ന് ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന വാൽവും രക്തക്കുഴലും ഇല്ലായിരുന്നു. താഴത്തെ അറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭിത്തിയിൽ ദ്വാരവും ഉണ്ടായിരുന്നു. ഹൃദ്യം പദ്ധതിയിൽപ്പെടുത്തി സൗജന്യമായിരുന്നു ചികിത്സ. ജനിച്ചതിന്റെ രണ്ടാം ദിവസം തന്നെ അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ആറു മാസത്തിനു ശേഷം രണ്ടാംഘട്ട ശസ്ത്രക്രിയ നടത്തുമെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. എഡ്വിൻ ഫ്രാൻസിസ് പറഞ്ഞു. ഡോ. തോമസ് മാത്യു, ഡോ. വി. ബിജേഷ്, ഡോ. ജെസൻ ഹെൻട്രി എന്നിവർ ചികിത്സയിൽ പങ്കാളികളായിരുന്നു.