
ഹരിത ടൂറിസം കേന്ദ്രമാകാൻ ഒരുങ്ങി ഫോർട്ട് കൊച്ചി; മാലിന്യ ശേഖരണം, സംസ്കരിക്കുന്നതിനുള്ള മാർഗങ്ങൾ, സംരക്ഷണ പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ചയായി; മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും, ക്ലീൻ ക്യാമ്പയിനുകൾ സംഘടിപ്പിക്കും, അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും;മാർച്ച് 31നകം പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് നിർദ്ദേശം
ഫോർട്ട് കൊച്ചിയെ ഹരിത ടൂറിസ കേന്ദ്രമാക്കും. മാർച്ച് 31ന് ഫോർട്ട് കൊച്ചിയെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാവുന്ന വിധത്തിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
ഫോർട്ട് കൊച്ചിയിലെ മാലിന്യ ശേഖരണം, സംസ്കരിക്കുന്നതിനുള്ള മാർഗങ്ങൾ, സംരക്ഷണ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം വിലയിരുത്തി. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും.
ക്ലീൻ കാമ്പയിനുകൾ സംഘടിപ്പിക്കും. കൂടുതൽ വേസ്റ്റ് ബിന്നുകൾ ഫോർട്ട് കൊച്ചി ബീച്ചിലും പരിസരപ്രദേശങ്ങളിലും സ്ഥാപിക്കും. ബീച്ച് പരിസരത്ത് കച്ചവടം നടത്തുന്ന കട ഉടമകൾക്കും തെരുവോര കച്ചവടക്കാർക്കും ബോധവൽക്കരണം നടത്തും. അനധികൃതമായി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കും. ഹെൽത്ത് സ്ക്വാഡ് പരിശോധന ശക്തമാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേന മുഖേന ശേഖരിക്കുന്നതിനുള്ള നടപടികൾ കർശനമാകും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാത്തതോ, ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തതോ ആയ കടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
ടോയ്ലറ്റുകൾ നവീകരിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്യും. കൂടുതൽ ടോയ്ലറ്റുകൾ സ്ഥാപിക്കുന്ന കാര്യവും യോഗത്തിൽ വിലയിരുത്തി.
ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും തീരുമാനമായി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ദിവസവും 25,000 മുതൽ 35,000 വരെ ടൂറിസ്റ്റുകൾ വന്നുപോകുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് ഫോർട്ട് കൊച്ചി. അതിനാൽ മാലിന്യങ്ങൾ ശേഖരിക്കുന്നതിനോടൊപ്പം അവ സൂക്ഷിക്കുന്നതിനും തരം തിരിക്കുന്നതിനും കൃത്യമായ സംവിധാനം ഏർപ്പെടുത്തണമെന്നും യോഗം വിലയിരുത്തി.