play-sharp-fill
തിരുനക്കര ബസ് സ്റ്റാൻഡിനു മുന്നിൽ തലയിലൂടെ ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: മരിച്ചത് മകളുടെ കൺമുന്നിൽ

തിരുനക്കര ബസ് സ്റ്റാൻഡിനു മുന്നിൽ തലയിലൂടെ ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: മരിച്ചത് മകളുടെ കൺമുന്നിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ തിരുനക്കര ബസ് സ്റ്റാൻഡിൽ തലയിലൂടെ ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് സ്വദേശിയായ മിനി (47) ആണ് മരിച്ചത്. മകളോടൊപ്പം തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഇവരെ ബസ് ഇടിച്ചു വീഴ്ത്തിയത്.
തിങ്കളാഴ്ച രാവിലെ 9.45 ന് തിരുനക്കര പോസ്റ്റ് ഓഫിസ് റോഡിൽ വച്ചായിരുന്നു അപകടം. വൈക്കത്തിന് സർവീസ് നടത്തുന്ന പുള്ളത്തിൽ ബസാണ് മിനിയെ ഇടിച്ചു വീഴ്ത്തിയത്. തോട്ടയ്ക്കാട് നിന്നുള്ള ബസിൽ സ്റ്റാൻഡിൽ വന്നിറങ്ങിയ ശേഷം മകളുടെ കൈപിടിച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്നു മിനി. ഇതിനിടെ ബസ് സ്റ്റാൻഡിനുള്ളിൽ നിന്നും പുറത്തേയ്ക്കിറങ്ങിയ ബസ് മിനിയെ ഇടിച്ചു വീഴ്ത്തി. അപകടത്തെ തുടർന്ന് റോഡിനു നടുവിലേയ്ക്ക് വീണ മിനിയുടെ തലയിലൂടെ ബസിന്റെ മുൻ ചക്രങ്ങൾ കയറിയിറങ്ങി. അപകടത്തെ തുടർന്ന് ബസ് ഡ്രൈവറും, കണ്ടക്ടറും മറ്റു ജീവനക്കാരും ഇറങ്ങിയോടി. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് മൃതദേഹം ബസിന്റെ അടിയിൽ നിന്നും മാറ്റിയത്. തുടർന്ന് അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മാർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു.