play-sharp-fill
എം.സി റോഡിൽ അപകടം കൂട്ടാൻ കെ.എസ്.ടി.പിയുടെ ഡിവൈഡർ: ഡിവൈഡർ നിർമ്മിക്കുന്നത് വീതി കുറഞ്ഞ മണിപ്പുഴ ജംഗ്ഷനിൽ; മണിപ്പുഴ ജംഗ്ഷനിലെ ഡിവൈഡർ അപകടം ഇരട്ടിയാക്കും

എം.സി റോഡിൽ അപകടം കൂട്ടാൻ കെ.എസ്.ടി.പിയുടെ ഡിവൈഡർ: ഡിവൈഡർ നിർമ്മിക്കുന്നത് വീതി കുറഞ്ഞ മണിപ്പുഴ ജംഗ്ഷനിൽ; മണിപ്പുഴ ജംഗ്ഷനിലെ ഡിവൈഡർ അപകടം ഇരട്ടിയാക്കും

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡിൽ സ്ഥിരം അപകടവേദിയായ നാലുവരിപ്പാത മണിപ്പുഴ ജംഗ്ഷനിൽ അപകടം ഇരട്ടിയാക്കാൻ കെ.എസ്.ടി.പിയുടെ വക ഡിവൈഡർ. മണിപ്പുഴ ജംഗ്ഷനിൽ നിന്നും മൂലവട്ടം മേൽപ്പാലത്തിലേയ്ക്ക് തിരിയുന്ന വഴിയിലാണ് പുതിയ ഡിവൈഡർ നിർമ്മിക്കാൻ കെ.എസ്.ടി.പി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വെള്ളിയാഴ്ച കെ.എസ്.ടി.പി ആരംഭിക്കുകയും ചെയ്തു. വീതികുറഞ്ഞ റോഡിൽ ഡിവൈഡർ നിർമ്മിച്ച് അപകടം ഉണ്ടാക്കാനുള്ള കെ.എസ്.ടി.പിയുടെ ശ്രമത്തിനെതിരെ ഓട്ടോഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്ത് എത്തിയെങ്കിലും പിന്നോട്ട് മാറാൻ കെ.എസ്.ടി.പി ഇതുവരെയും തയ്യാറായിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് കെ.എസ്.ടി.പി.



എംസി റോഡിൽ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് മണിപ്പുഴ. നാലുവരിപ്പാത നിർമ്മിച്ച ശേഷം ഏറ്റവും കൂടുതൽ അപകടമുണ്ടായിരിക്കുന്നതും ഇതേ റോഡിലാണ്. ഇവിടെയാണ് ഇപ്പോൾ ഡിവൈഡർ കൂടി നിർമ്മിക്കാൻ കെ.എസ്.ടി.പി ഒരുങ്ങുന്നത്. ഈരയിൽക്കടവ് മണിപ്പുഴ ബൈപ്പാസ് നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ ജംഗ്ഷനിൽ വീണ്ടും തിരക്കേറും. ഇതിനിടെയാണ് ഇവിടെ ഡിവൈഡർ നിർമ്മിക്കാനുള്ള കെ.എസ്.ടി.പിയുടെ ശ്രമം.
രാവിലെ ഇവിടെ പാലത്തിനു സമീപം ഡിവൈഡർ നിർമ്മിക്കാൻ ശ്രമിച്ചത് തടയാൻ ഓട്ടോഡ്രൈവർമാർ ശ്രമിച്ചിരുന്നു. എന്നാൽ, ഓട്ടോഡ്രൈവർമാർ പഠിപ്പിക്കേണ്ടെന്നും തങ്ങൾക്ക് ജോലി ചെയ്യാൻ അറിയാമെന്നുമായിരുന്നു കെ.എസ്.ടി.പി അധികൃതരുടെ വാദം.
നേരത്തെ സംക്രാന്തിയിൽ നാട്ടുകാരുടെ എതിർപ്പ് മറികടന്ന് കെ.എസ്.ടി.പി അധികൃതർ ഡിവൈഡർ സ്ഥാപിച്ചിരുന്നു. എന്നാൽ, ഡിവൈഡറിൽ വാഹനങ്ങൾ ഇടിച്ച് നിരന്തരം അപകടങ്ങൾ ആവർത്തിച്ചതോടെ ഡിവൈഡർ ഇവിടെ നിന്നും പൊളിച്ചു മാറ്റുകയായിരുന്നു. ഇതേ അവസ്ഥ തന്നെയാവും മണിപ്പുഴയിലും ഉണ്ടാകുക എന്നായിരുന്നു ഓട്ടോഡ്രൈവർമാർ പറയുന്നത്.
രാത്രിയിൽ മണിപ്പുഴ ജംഗ്ഷനിൽ പേരിന് പോലും വെളിച്ചമില്ല. ഈ സാഹചര്യത്തിൽ ഡിവൈഡർ അപകടമുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ഇരുചക്ര വാഹനയാത്രക്കാരാവും ഇത്തരത്തിൽ അപകടത്തിൽപ്പെടുക. ഡിവൈഡർ നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്നും കെ.എസ്.ടി.പി പിന്മാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കഴിഞ്ഞ ദിവസം മണിപ്പുഴ ജംഗ്ഷനിൽ ഒരു വശത്തെ സിഗ്നൽ വാഹനം ഇടിച്ച തകർന്നിരുന്നു. ഈ സിഗ്നൽ ലൈറ്റ് ഇതുവരെയും നന്നാക്കാൻ കെ.എസ്.ടി.പി തയ്യാറായിട്ടില്ല. ഇതിനിടെയാണ് ഇനിയും അപകടമുണ്ടാക്കാൻ ഡിവൈഡർ നിർമ്മിക്കുന്നതെന്നാണ് ആരോപണം. കോടിമത പാലം മുതൽ മണിപ്പുഴ പാലം വരെയാണ് എം.സി റോഡിൽ നാലുവരിപ്പാത. ഈ വഴിയിലൂടെ പാഞ്ഞു വരുന്ന വാഹനങ്ങൾ മണിപ്പുഴ പാലത്തിൽ എത്തുമ്പോൾ വീതി കുറയുകയാണ് ചെയ്യുന്നത്. ഇത് മനസിലാക്കാതെ എത്തുന്ന വാഹനങ്ങളാ് പലപ്പോഴും അപകടത്തിൽപ്പെടുന്നതും. ഇതിനിടെയാണ് ഇപ്പോൾ അപകടക്കെണിയായി പുതിയ ഡിവൈഡർ എത്തുന്നത്.