മാപ്പ് എഴുതി വായിക്കണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ ; ജാതിയമായി അധിക്ഷേപിച്ചു ; പരിഹാസവുമായി പൊലീസ്; യുവാവിന്റെ ആത്മഹത്യയിൽ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ കുടുംബം
ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ കുടുംബം. മണിവേലിക്കടവ് സ്വദേശി അഭിലാഷ് ആണ് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്. വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ തടഞ്ഞതിന് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അധിക്ഷേപിച്ചെന്ന് കുടുംബം ആരോപികുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വൈദ്യുതി ബില്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അഭിലാഷിന്റെ വീട്ടിലെത്തിയിരുന്നു. അഭിലാഷ് ഉദ്യോഗസ്ഥരെ തടയുകയും ഇതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും ജോലി തടപ്പെടുത്തിയെന്ന വിവരം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പൊലീസില്‍ അറിയിച്ചു. കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചതനുസരിച്ച് ചെന്നപ്പോള്‍ സ്‌റ്റേഷനില്‍ വെച്ച് അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തതായി അഭിലാഷ് കുടുംബത്തോട് പറഞ്ഞിരുന്നു.
സ്റ്റേഷനില്‍ വെച്ച് ചെയ്തത് തെറ്റിപ്പോയെന്ന് മാപ്പ് പറഞ്ഞെങ്കിലും കെഎസ്ഇബി ഓഫീസിലെത്തി എല്ലാവരുടെയും മുന്നില്‍ ചെന്ന് മാപ്പ് പറയണമെന്നായിരുന്നു കെഎസ്ഇബി ജീവനക്കാരുടെ ആവശ്യം. അവിടെയെത്തി മാപ്പ് പറയാന്‍ തയ്യാറായെങ്കിലും മാപ്പ് എഴുതി വായിക്കണമെന്നായി നിബന്ധന. തെറ്റുപറ്റിയെന്ന് എഴുതി വായിച്ച് ജീവനക്കാരുടെ മുന്നില്‍ മാപ്പ് പറഞ്ഞ് തിരിച്ച് വീട്ടിലെത്തിയ അഭിലാഷ് മാനസികാമായി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിലാഷിനെ ജാതിയമായി അധിക്ഷേപിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അഭിലാഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചതിന് ശേഷം പൊലീസ് വീട്ടിലെത്തി അന്വേഷിക്കുകയോ മൊഴിയെടുക്കുകയോ ചെയ്തില്ലെന്നും കുടുംബം പറഞ്ഞു. അഭിലാഷിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കായംകുളം ഡിവൈഎസ്പിക്ക് പരാതി നല്‍കി.