അണ്ടർ-19 വനിതാ ലോകകപ്പ് ; ആദ്യപോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ തകർത്തത് ഒൻപത് വിക്കറ്റിന് ; രണ്ട് വിക്കറ്റുകളായി അരങ്ങേറ്റം ഗംഭീരമാക്കി മലയാളിതാരം വി.ജെ. ജോഷിത
ക്വലാലംപുർ: അണ്ടർ-19 വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ആദ്യപോരാട്ടത്തിൽ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. വെസ്റ്റ് ഇൻഡീസിനെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ ഇന്ത്യ 44 റണ്ണിന് കെട്ടുകെട്ടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4.2 ഓവറിൽ ലക്ഷ്യം മറികടന്നു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് സംഘത്തിന് 20 റൺസ് തികയ്ക്കുംമുമ്പേ ആദ്യ നാലുവിക്കറ്റ് നഷ്ടപ്പെട്ടു. ബാറ്റിങ് നിരയിൽ കെനിക കസാര്‍ (15), അസാബി കലണ്ടര്‍ (12) എന്നിവർക്ക് മാത്രമാണ് രണ്ടക്കം തികയ്ക്കാനായത്. രണ്ട് വിക്കറ്റുകളായി മലയാളിതാരം വി.ജെ. ജോഷിത തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. ഇന്ത്യയ്ക്കായി പരുണിക സിസോഡിയ മൂന്ന് വിക്കറ്റുകളും ആയുഷി ശുക്ല രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ ഗൊങ്കാദി തൃഷ (4) കൂടാരം കയറി. പിന്നീട്, കമാലിനി ഗുണലന്‍ (16), സനിക ചല്‍കെ (18) എന്നിവർ ചേർന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യമത്സരത്തിൽ തന്നെ വമ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യ ഗ്രൂപ്പ് എ-യിൽ ഒന്നാം സ്ഥാനത്തുണ്ട്. ആദ്യ മത്സരത്തിൽ മലേഷ്യയെ തോൽപ്പിച്ച ശ്രീലങ്കയാണ് രണ്ടാംസ്ഥാനത്ത്. ഇന്ത്യ, മലേഷ്യ, ശ്രീലങ്ക, വിൻഡീസ് ടീമുകളാണ് ഗ്രൂപ്പ് എയിൽ. ഇന്ത്യയുടെ അടുത്ത മത്സരം ഇരുപത്തിയൊന്നിന് മലേഷ്യയ്ക്കെതിരേയാണ്.