video
play-sharp-fill
കേരളവും സുരക്ഷിതമല്ല: തീവ്രവാദികൾ ചാവേർ ആക്രമണത്തിന് ലക്ഷ്യമിട്ടത് മലയാള നാടിനെയും; നേരിടാൻ എന്തുണ്ട് കയ്യിൽ,എൻ.എസ്.ജി സംഘം കൊച്ചിയിലെത്തി

കേരളവും സുരക്ഷിതമല്ല: തീവ്രവാദികൾ ചാവേർ ആക്രമണത്തിന് ലക്ഷ്യമിട്ടത് മലയാള നാടിനെയും; നേരിടാൻ എന്തുണ്ട് കയ്യിൽ,എൻ.എസ്.ജി സംഘം കൊച്ചിയിലെത്തി

സ്വന്തംലേഖകൻ

കോട്ടയം :  ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയവരുടെ അടുത്ത ലക്ഷ്യം കൊച്ചിയായിരിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി തീരദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്താകമാനം സുരക്ഷ ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ സുരക്ഷാ വിഭാഗങ്ങളുടെ കാര്യക്ഷമത പരീക്ഷിക്കുന്നതിനായി നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ പ്രത്യേക സംഘം കേരളത്തിലെത്തി. എൻഎസ്ജിയുടെ 150 അംഗ സംഘമാണ് കൊച്ചിയിലെത്തിയത്. വിമാനത്താവള സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫ്., സംസ്ഥാന പോലീസ്, ഫയർ ആൻഡ് സേഫ്റ്റി വിഭാഗം എന്നിവയുമായി ചേർന്ന് ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോക് ഡ്രിൽ നടത്തും.
കൊച്ചിയുടെ തീരപ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന എല്ലാവരെയും പരിശോധിക്കും. ശ്രീലങ്കയിൽ നിന്നെത്തുന്നവരുടെ അടക്കം വിദേശികളുടെ യാത്രാരേഖകളും മറ്റും അതീവ ജാഗ്രതയോടെ നിരീക്ഷിക്കാൻ എമിഗ്രേഷൻ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, അടുത്തിടെ തലസ്ഥാനത്തെയടക്കം തന്ത്ര പ്രധാന മേഖലകളിൽ ഡ്രോൺ കണ്ടെത്തിയ സംഭവങ്ങൾ രഹസ്യാന്വേഷണ വിഭാഗങ്ങൾ അതീവ ഗൗരവമായാണ് കാണുന്നത്. ഡ്രോൺ കണ്ടെത്തിയതിൽ അപാകതകളൊന്നുമില്ലെന്നായിരുന്നു സംസ്ഥാന പോലീസിന്റെ കണ്ടെത്തൽ.
ശ്രീലങ്കയിൽ നടന്നതുപോലുള്ള ചാവേർ ആക്രമണങ്ങൾ കേരളത്തിൽ നടത്താൻ കഴിഞ്ഞ ദിവസം പിടിയിലായ റിയാസ് അബൂബക്കർ അടങ്ങിയ സംഘം പദ്ധതിയിട്ടിരുന്നതായി എൻഐഎ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തൃശൂർ പൂരം, കൊച്ചിയിലെ പുതുവത്സരാഘോഷങ്ങൾ, ആയിരങ്ങൾ പങ്കെടുക്കുന്ന മത ചടങ്ങുകൾ എന്നിവയിലേതിലെങ്കിലും ചാവേറായി പൊട്ടിത്തെറിക്കാൻ പദ്ധതിയിടുകയും, സമാന തീവ്ര സ്വഭാവമുള്ളവരെ ഒപ്പം കൂട്ടാനും ഇയാൾ ശ്രമങ്ങൾ നടത്തിയിരുന്നു.
അനുകൂല സാഹചര്യങ്ങൾ ഒത്തുവരാത്തതിനാൽ ചാവേർ സ്ഫോടന പദ്ധതി നീട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും എൻഐഎ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ റിയാസ് വെളിപ്പെടുത്തിയതായാണ് സൂചന.