video
play-sharp-fill
“കഴിഞ്ഞ വര്‍ഷം വന്നുപോയ നിരവധി പേർ ഇത്തവണ തങ്ങൾക്കൊപ്പമില്ല…” ദുരന്തഭൂമിയിൽനിന്നും അതിജീവിച്ചവർ ജ്യോതി ദർശനത്തിനായി അയ്യപ്പ സന്നിധിയിൽ; മകരജ്യോതി ദര്‍ശനത്തിനായി മല ചവിട്ടിയത് ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ളവർ

“കഴിഞ്ഞ വര്‍ഷം വന്നുപോയ നിരവധി പേർ ഇത്തവണ തങ്ങൾക്കൊപ്പമില്ല…” ദുരന്തഭൂമിയിൽനിന്നും അതിജീവിച്ചവർ ജ്യോതി ദർശനത്തിനായി അയ്യപ്പ സന്നിധിയിൽ; മകരജ്യോതി ദര്‍ശനത്തിനായി മല ചവിട്ടിയത് ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ളവർ

സന്നിധാനം: ഒറ്റ രാത്രിയിലെ മലവെള്ളപ്പാച്ചിൽ വേര്‍പിരിച്ച ജീവിതങ്ങൾ ജ്യോതി ദർശനത്തിനായി അയ്യപ്പ സന്നിധിയിൽ. ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മകരജ്യോതി ദര്‍ശനത്തിനായി മല കയറിയെത്തിയത്.

ഞായറാഴ്ച രാത്രിയാണ് ഇവർ സന്നിധാനത്ത് എത്തിയത്. ഈ മൂന്ന് ഗ്രാമങ്ങളിൽ നിന്നും 150 ലധികം ഭക്ത൪ ഓരോ വർഷവും അയ്യപ്പസന്നിധിയിലെത്താറുണ്ട്. മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രത്തിൽ നിന്ന് സുബ്രഹ്മണ്യൻ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇവർ എത്താറുളളത്. എന്നാൽ, മാരിയമ്മൻ ക്ഷേത്രവും സുബ്രഹ്മണ്യൻ സ്വാമിയും അദ്ദേഹത്തിന്റെ 13 ബന്ധുക്കളും ഉരുൾപൊട്ടലിൽ ഒലിച്ച് പോയി.

ഒന്നിച്ച് കഴിഞ്ഞിരുന്ന ഈ മൂന്ന് ഗ്രാമങ്ങളിലെയും ഭക്തര്‍ ഇപ്പോൾ പലയിടങ്ങളിലായി വാടക വീടുകളിലാണ് താമസം. മേപ്പാടിയിലെ മാരിയമ്മൻ ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ച് ഗുരുസ്വാമി രാമൻകുട്ടിയുടെ നേതൃത്വത്തിൽ 50 പേരാണ് ഇക്കുറി മല ചവിട്ടിയത്. കഴിഞ്ഞ വര്‍ഷം വന്നുപോയ നിരവധി പേർ ഇത്തവണ തങ്ങൾക്കൊപ്പമില്ലെന്ന് ഡ്രൈവറായ എം സോബിൻ വേദനയോടെ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കൈയിൽ നിന്ന് സോബിൻ മാത്രമാണ് സംഘത്തിലുള്ളത്. അട്ടമലയിൽ നിന്നും കുറച്ച് പേർ മാത്രമാണുള്ളത്. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽപ്പെട്ടവർക്ക് എത്രയും വേഗം പുനരധിവാസം നൽകാൻ സർക്കാരിന് കഴിയട്ടെ എന്ന് മാത്രമാണ് ഇവരുടെ പ്രാർത്ഥനയും പ്രത്യാശയും. കുട്ടികളും മുതിർന്നവരുമടക്കം സംഘത്തിൽ 48 പേരാണുള്ളത്.

ഇതിൽ അഞ്ച് മാളികപ്പുറങ്ങളും അഞ്ച് കുട്ടികളും 38 പുരുഷന്മാരുമാണുള്ളത്. സംഘത്തിലുള്ളതിൽ നിരവധി പേർക്ക് വീടുകൾ നഷ്ടമായി. പെയിന്റിംഗ്, ടൈൽസ് ജോലികൾ തുടങ്ങി വിവിധ ജോലികൾ ചെയ്യുന്നവരാണിവർ. മേപ്പാടിയിൽ വാടക വീട്ടിലാണ് മിക്കവരും ഇപ്പോൾ താമസിക്കുന്നത്. സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ സർക്കാർ സംഘടിപ്പിച്ച അദാലത്ത് വഴി ലഭിച്ചു.

ഒരു രാത്രിയിൽ തകർന്ന ജീവിതം രണ്ടാമതും കരക്കടിപ്പിക്കാനുള്ള ശ്രമത്തിലാണിവർ. ഉരുൾപൊട്ടലിനെ അതിജീവിച്ച് അയ്യപ്പനെ തൊഴാനെത്തിയ ഇത്തവണ സുഖകരമായ ദർശനം സാധ്യമായെന്ന് കാക്കവയൽ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രജ്വൽ എസ് പ്രവീൺ പറഞ്ഞു.