അധികാര പരിധിയെ ചൊല്ലി തർക്കം; രണ്ടു സംസ്ഥാനങ്ങളും പരസ്പരം കൈയൊഴിഞ്ഞതോടെ അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം റോഡില്‍ കിടന്നത് മണിക്കൂറുകള്‍
ലഖ്നൗ: വീട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന വഴി അപകടത്തില്‍പ്പെട്ട 27കാരന്റെ മൃതദേഹം ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും പോലീസ് അധികാരപരിധിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നാലുമണിക്കൂറിലേറെ റോഡില്‍ കിടന്നു.
രാഹുല്‍ അഹിർവാർ എന്ന 27-കാരൻ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അജ്ഞാത വാഹനം ഇടിച്ചുകയറി കൊല്ലപ്പെട്ടത്. മരിച്ച രാഹുലിന്റെ വിവാഹം അടുത്തിടെയാണ് നടന്നത്. ജോലിക്കായി ഡല്‍ഹിയിലേക്ക് പോകുംവഴിയായിരുന്നു മരണം. രാവിലെ ഏഴുമണിയോടെ അപകടം നടന്നിട്ട് ഉച്ചയോടെയാണ് മൃതദേഹം മാറ്റാൻ അധികൃതർ തയ്യാറായത്.
അപകടത്തിന്പിന്നാലെ എത്തിയ നാട്ടുകാർ മധ്യപ്രദേശിലെ ഹർപല്‍പുർ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഹർപല്‍പുർ പോലീസ് സ്ഥലത്തെത്തി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലെ മഹോബ്കാന്ത് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണ് ഇത് വരുന്നതെന്ന് പറഞ്ഞ ശേഷം പോലീസ് മടങ്ങി. തുടർന്ന് ഗ്രാമവാസികള്‍ യുപി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. എന്നാല്‍ ഇത് മധ്യപ്രദേശ് പോലീസിന്റെ ജോലിയാണെന്ന് പറഞ്ഞ് മഹോബ്കാന്ത് പോലീസും കൈയൊഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടുസംസ്ഥാനങ്ങളിലേയും പോലീസ് കൈയൊഴിഞ്ഞതോടെ നാട്ടുകാർ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. മൃതദേഹം റോഡില്‍തന്നെ കിടന്നു. നാലു മണിക്കൂറിന് ശേഷം മധ്യപ്രദേശ് പോലീസെത്തി മൃതദേഹം കൊണ്ടുപോയി പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഇതിന് ശേഷമാണ് നാട്ടുകാർ റോഡിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്.
‘എന്റെ ബന്ധു ഒരു അപകടത്തില്‍ മരിച്ചു, ഈ പ്രദേശം മധ്യപ്രദേശിന്റെ കീഴിലാണ്, പക്ഷേ ആരും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാല്‍ മൃതദേഹം മണിക്കൂറുകളോളം റോഡില്‍ കിടക്കുകയാണ്. വിവരമറിയിച്ചതനുസരിച്ച് എത്തിയ ഒരു മധ്യപ്രദേശ് പോലീസുകാരൻ ഞങ്ങളെ ശകാരിച്ചു, ഇത് ഞങ്ങളുടെ കീഴിലല്ലെന്ന് പറഞ്ഞെന്ന് മരിച്ചയാളുടെ ബന്ധു പ്രതിഷേധത്തിനിടെ പറഞ്ഞു.