മഹാത്മജിയെ അകത്തുകടത്താതിരുന്ന വൈക്കം ഇണ്ടംതുരുത്തി മനയിലെ പൂമുഖത്ത് ഇന്നലെ അദ്ദേഹത്തിൻ്റെ പൗത്രൻ തുഷാർ ഗാന്ധി ഇരുന്നു:.സി.കെ. വിശ്വനാഥൻ അവാർഡ് സ്വീകരിക്കാനാണ് സാമൂഹ്യ പ്രവർത്തകനായ തുഷാർ ഗാന്ധി എത്തിയത്
വൈക്കം: വൈക്കം സത്യഗ്രഹ സമരകാലത്ത് അധസ്ഥിതർക്ക് വഴി നടക്കാനുള്ള അവകാശം നേടുന്നതിനായി ഇണ്ടംതുരുത്തി മനയിലെത്തിയ മഹാത്മജിയെ അകത്തുകടത്താതിരുന്ന മനയിലെ പൂമുഖത്ത് ഇന്നലെ അദ്ദേഹത്തിൻ്റെ പൗത്രൻ തുഷാർ ഗാന്ധി ഇരുന്നപ്പോൾ അത് കാലം കാത്തുവച്ച കാവ്യനീതിയായി.
വൈക്കം സത്യഗ്രഹ സമരശതാബ്ദി കൊണ്ടാടുന്ന വേളയിൽ വൈക്കത്തെ കമ്മ്യൂണിസ്റ്റ് നേതാവും എംഎൽഎയുമായിരുന്ന സി.കെ. വിശ്വനാഥൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സി.കെ. വിശ്വനാഥൻ അവാർഡ് സ്വീകരിക്കാനാണ് സാമൂഹ്യ പ്രവർത്തകനായതുഷാർ ഗാന്ധി എത്തിയത്.
വൈക്കം മഹാദേവ ക്ഷേ ത്രത്തിൻ്റെ ഊരാഴ്മ അവകാശമുണ്ടായിരുന്ന ഇണ്ടൻതുരുത്തി മനയിലെ കാരണവരായ നമ്പൂതിരി ജാതിയിൽ വൈശ്യനായ ഗാന്ധിജിയെ മനയിൽ പ്രവേശിപ്പിക്കാതിരിക്കാൻ ഇല്ലത്തിന് മുൻവശത്ത് പുതിയ പൂമുഖം തീർക്കുകയായിരുന്നു. അവിടെ ഇരുന്നാണ് ഗാന്ധിജി ഇണ്ടൻതുരുത്തി നമ്പൂതിരിയുമായി ചർച്ച നടത്തിയത്. കാലക്രമേണ ഇല്ലം സാമ്പത്തികമായി ക്ഷയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.കെ. വിശ്വനാഥനാണ് ഇണ്ടംതുരുത്തി മന വിലയ്ക്ക് വാങ്ങി ചെത്തുതൊഴിലാളികളുടെ ആസ്ഥാനമാക്കിയത്. സത്യഗ്രഹ സമരത്തിൻ്റെ ശതാബ്ദി ആഘോഷ വേളയിൽ ഗാന്ധിജിയുടെ ചെറുമകൻ കെ.കെ. വിശ്വനാഥൻ്റെ പേരിലുള്ള അവാർഡ് ലഭിച്ചത് ഏറെ സന്തോഷം പകരുന്നതായി തുഷാർ ഗാന്ധി പറഞ്ഞു. വൈക്കം സത്യഗ്രഹ സമരകാലത്ത് ചെറുത്തു തോൽപിച്ച അസമത്വങ്ങളും നീതി നിഷേധങ്ങളൊക്കെ രാജ്യം വീണ്ടും അഭിമുഖീകരിക്കുകയാണെന്നും ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ടെന്നും തുഷാർ ഗാന്ധി അഭിപ്രായപ്പെട്ടു.
ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന് സ്മാരകഹാളില്‍ നടന്ന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
യൂണിയന് പ്രസിഡന്റ് അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ചു. വിപ്ലവഗായിക പി.കെ മേദിനി തുഷാര്ഗാന്ധിയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു.
യൂണിയന് ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്, സി.കെ ആശ എംഎല്‍എ, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍, മദ്യവ്യവസായ തൊഴിലാളി യൂണിയന് ജനറല്‍ സെക്രട്ടറി ആര്.സുശീലന്, സിപിഐ ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി.ജോസഫ്, മണ്ഡലം
സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, പി.ജി ത്രിഗുണസൈന്, എഐടിയുസി മണ്ഡലം സെക്രട്ടറിമാരായ കെ.ഡി വിശ്വനാഥന്, ജെയിംസ് തോമസ്, പി.എസ് പുഷ്കരന്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം നന്ദു ജോസഫ്, യൂണിയന് ഭാരവാഹികളായ ബി രാജേന്ദ്രന്, കെ.എ രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി വൈക്കം ഇപ്റ്റ ഗാനമേള അവതരിപ്പിച്ചു.