ഓണ്‍ലൈൻ ഓര്‍ഡറുകള്‍ റദ്ദാക്കുന്നതിന് ക്യാൻസലേഷൻ ചാര്‍ജുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ഫ്ലിപ്കാര്‍ട്ടും മിന്ത്രയും
മുംബൈ : ഓൺലൈൻ ആയി സാധനങ്ങൾ ഓർഡർ ചെയ്തതിനുശേഷം പിന്നീട് വേണ്ടെന്നു തോന്നി ക്യാൻസല്‍ ചെയ്യണമെങ്കില്‍ ഇനി പ്രത്യേകം ഫീസ് നല്‍കേണ്ടി വരും. ഓർഡറുകള്‍ റദ്ദാക്കുന്നവർക്ക് ഇനി മുതൽ ക്യാൻസലേഷൻ ചാർജുകള്‍ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ഓണ്‍ലൈൻ ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍.നിലവില്‍ ഫ്ലിപ്കാർട്ടും മിന്ത്രയും ആണ് ക്യാൻസലേഷൻ ചാർജുകള്‍ ഏർപ്പെടുത്തുന്നതായി സൂചന ഉള്ളത്.
ഓർഡറുകള്‍ റദ്ദാക്കുമ്പോള്‍ അവർക്ക് നഷ്ടപ്പെടുന്ന ചെലവുകളും സമയവും നികത്താൻ വില്‍പ്പനക്കാരെയും ഡെലിവറി പങ്കാളികളെയും സഹായിക്കാനാണ് ഈ തീരുമാനമെന്നാണ് ഫ്ലിപ്കാർട്ട് സൂചിപ്പിക്കുന്നതെങ്കിലും ഇക്കാര്യം ഫ്ലിപ്കാർട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.സൗജന്യമായി റദ്ദാക്കാൻ കഴിയുന്ന ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കുമെന്നും ഫ്ലിപ്കാർട്ടുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ഈ സമയപരിധിക്ക് ശേഷം ഓർഡറുകള്‍ ക്യാൻസല്‍ ചെയ്യണമെങ്കില്‍ നിശ്ചിത ഫീസ് നല്‍കേണ്ടതായി വരും. ഫ്ലിപ്പ്കാർട്ടിൻ്റെ അതേ മാതൃ കമ്പനിയുടെ കീഴില്‍ വരുന്ന മറ്റൊരു ഷോപ്പിംഗ് സൈറ്റായ മിന്ത്രയ്ക്കും ഈ മാറ്റം ബാധകമായേക്കാം എന്നാണ് സൂചന.