
എന്തുകൊണ്ട് കേരളം ജാതി സര്‍വേ നടത്തുന്നില്ല; ചോദ്യം ചെയ്ത് സുപ്രീംകോടതി
ഡൽഹി:എന്തുകൊണ്ട് ജാതി സര്‍വേ നടത്തുന്നില്ല എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് അവ ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് മറുപടി ആണ് കേരളം നല്‍കിയത്. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ്’ ചെയര്‍മാനായ വി കെ ബീരാന്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യവും കേരളത്തിന്റെ ഉത്തരവും.
കേരളത്തില്‍ അർഹതപ്പെട്ടവർക്ക് തന്നെ ആണോ പിന്നാക്ക സംവരണം ലഭിക്കുന്നത് എന്ന് അറിയുന്നതിനായി, സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെ ജാതി സര്‍വേ കേരളം എന്തുകൊണ്ട് നടത്തുന്നില്ല എന്നതായിരുന്നു സുപ്രീം കോടതി ചോദിച്ചത്. എന്നാല്‍ ജാതി സര്‍വേ നടത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍ അല്ല കേന്ദ്രസര്‍ക്കാര്‍ ആണെന്നായിരുന്നു കേരളത്തിന്റെ മറുപടി.
കഴിഞ്ഞ 75 വര്‍ഷമായി സംസ്ഥാനത്തെ പിന്നാക്ക സംവരണ പട്ടിക പുതുക്കിയിട്ടില്ലെന്നും, അതുമൂലം ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ഒരു വിഭാഗത്തിന് മാത്രമാണെന്നും ഹാരിസ് ബീരാന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം സാധൂകരിക്കാന്‍ കൃത്യമായ കണക്ക് വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിന് കേരളം ജാതി സര്‍വേ നടത്തുന്നില്ല എന്നായിരുന്നു ഹാരിസ് ബീരാന്റെ മറുപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടെങ്കിലും, കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. ഇന്ദിര സാഹ്നി കേസിലെ സുപ്രീം കോടതി വിധിയെയും ഹാരിസ് ബീരാന്‍ പരാമര്‍ശിച്ചു. സംവരണ പട്ടിക കൃത്യമായി പുതുക്കണമെന്നും, പിന്നാക്ക അവസ്ഥ മറികടന്നവരെ മാറ്റി, പുതിയ ആളുകളെ ചേര്‍ക്കണമെന്നുമാണ് ആ വിധി. ഈ നിര്‍ദേശം കേരളം നടപ്പിലാക്കുന്നില്ലെന്നും ഹാരിസ് ബീരാന്‍ ആരോപിച്ചു.