
സംസ്ഥാന സ്കൂൾ കലാമേളയിൽ ഭക്ഷണത്തിനും ശബ്ദ സംവിധാനത്തിനും പന്തലിനും ഒക്കെ പണം നല്‍കാമെങ്കില്‍ എന്തുകൊണ്ട് ആ കലാകാരിക്ക് പണം നല്‍കിക്കൂടാ എന്ന ചോദ്യവുമായി സന്ദീപ് വാര്യർ: അവതരണ ഗാനത്തിന്റെ നൃത്താവിഷ്കാരത്തിന് നടി 5 ലക്ഷം ചോദിച്ചെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ പ്രതികരണങ്ങൾ ഏറി:ഒടുവിൽ മന്ത്രി പ്രസ്താവന പിൻവലിച്ചു.
തിരുവനന്തപുരം: സംസ്ഥാന യുവജനോത്സവത്തിലെ സ്വാഗതഗാനത്തിന് ഒരു നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടിയുടെ പ്രസ്താവന വിവാദം സൃഷ്‌ടിച്ചിരിക്കുകയാണ്. ആശ ശരത് അടക്കമുളളവർ മന്ത്രി ഉദ്ദേശിച്ചത് തന്നെ അല്ലെന്ന് വ്യക്തമാക്കി രംഗത്ത് വരികയും ചെയ‌്തു. ഇതുമായി ബന്ധപ്പെട്ട് വിമർശനം ഉയർത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.
സംസ്ഥാന യുവജനോത്സവത്തിലെ ബാക്കി എല്ലാ വിഭാഗങ്ങള്‍ക്കും സൗജന്യ സേവനമാണോ ? ഭക്ഷണത്തിനും ശബ്ദ സംവിധാനത്തിനും പന്തലിനും ഒക്കെ പണം നല്‍കാമെങ്കില്‍ എന്തുകൊണ്ട് ആ കലാകാരിക്ക് പണം നല്‍കിക്കൂടാ എന്നാണ് സന്ദീപ് ചോദിക്കുന്നത്.
സന്ദീപ് വാര്യരുടെ വാക്കുകള്‍-
Whatsapp Group 1 | Whatsapp Group 2 |Telegram Group

”മലയാള സിനിമയിലെ ഒരു നായിക നടി ഉദ്ഘാടനത്തിന് പോയാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ലഭിക്കുന്ന തുകയാണ് 5 ലക്ഷം. സംസ്ഥാന യുവജനോത്സവത്തിലെ സ്വാഗതഗാനം പോലെ ഏറെ പ്രയത്നം വേണ്ട ഒരു നൃത്തം ഒരുക്കിയെടുക്കാൻ അവർക്ക് ദിവസങ്ങളോളം ചെലവഴിക്കേണ്ടി വരും. അവിടെയാണ് മന്ത്രി വലിയ തുക ചോദിച്ചതായി പറഞ്ഞ് ആ കലാകാരിയെ , അവർ ആരോ ആകട്ടെ, ആക്ഷേപിക്കുന്നത് . അവർ നേരത്തെ സംസ്ഥാന യുവജനോത്സവത്തില്‍ വിജയിയായിട്ടുണ്ടെങ്കില്‍ അത് അവരുടെ മിടുക്കാണ് .
സംസ്ഥാന യുവജനോത്സവത്തിലെ ബാക്കി എല്ലാ വിഭാഗങ്ങള്‍ക്കും സൗജന്യ സേവനമാണോ ? ഭക്ഷണത്തിനും ശബ്ദ സംവിധാനത്തിനും പന്തലിനും ഒക്കെ പണം നല്‍കാമെങ്കില്‍ എന്തുകൊണ്ട് ആ കലാകാരിക്ക് പണം നല്‍കിക്കൂടാ ?
മന്ത്രി ആയതിനുശേഷം ശിവൻകുട്ടി ശമ്പളം വാങ്ങുന്നില്ലേ ? സൗജന്യ സേവനമൊന്നുമല്ലല്ലോ ചെയ്യുന്നത് ? ആശുപത്രിയില്‍ പോയി കിടക്കുമ്പോള്‍ കണ്ണടക്കും തോർത്തുമുണ്ടിനും പഴം പൊരിക്കും വരെ സർക്കാരില്‍ നിന്ന് റീ ഇമ്പേഴ്സ്മെൻറ് വാങ്ങുന്ന മന്ത്രിമാർ കലാകാരന്മാർക്കും കലാകാരികള്‍ക്കും വിലയിടാൻ നില്‍ക്കരുത്”.
അതേസമയം, നടിയെക്കുറിച്ച് താൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ അനാവശ്യ ചർച്ചകളും വിവാദങ്ങളും ഒഴിവാക്കാനാണ് പ്രസ്താവന പിൻവലിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനവുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആയിരക്കണക്കിന് കുട്ടികള്‍ പ്രതീക്ഷയോടെ പങ്കെടുക്കുന്ന കലോത്സവത്തിന്റെ ശോഭകെടുത്തുന്ന തരത്തിലുള്ള വിവാദങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.