play-sharp-fill
ലോകത്തിന് മറ്റൊരു മാതൃക കൂടികാട്ടി കേരളം; 18,000 വനിതാ സംരംഭം, ഇനി ലക്ഷ്യം ലിംഗസമത്വ ടൂറിസം

ലോകത്തിന് മറ്റൊരു മാതൃക കൂടികാട്ടി കേരളം; 18,000 വനിതാ സംരംഭം, ഇനി ലക്ഷ്യം ലിംഗസമത്വ ടൂറിസം

തിരുവനന്തപുരം: ലിംഗസമത്വ, – സ്ത്രീ സൗഹൃദ ടൂറിസം പ്രഖ്യാപനത്തിലൂടെ ലോകത്തിന് മുന്നിൽ മറ്റൊരു മാതൃക കൂടി കാണിക്കുകയാണ് കേരളം.മൂന്നാറിലെ മാങ്കുളത്ത് സമാപിച്ച ആഗോള ലിംഗസമത്വ -ഉത്തരവാദിത്വ ടൂറിസം വനിതാ സമ്മേളനത്തിലാണ് കേരളം ഈ ചരിത്രപ്രഖ്യാപനം നടത്തിയത്. “വിനോദ സഞ്ചാരവും യാത്രകളും ലിംഗഭേദമില്ലാത്തതും സ്ത്രീ സൗഹാർദവുമാവണമെന്നും അത് എല്ലാ മനുഷ്യരുടെയും മൗലിക അവകാശമായി പ്രഖ്യാപിക്കണമെന്നും അന്താരാഷ്ട്ര സമ്മേളനത്തില്‍ കേരളം പ്രഖ്യാപിച്ചു.

ലോകത്ത് തന്നെ ആദ്യമായാണ് ആഗോള ലിംഗസമത്വ -ഉത്തരവാദിത്വ ടൂറിസത്തിനായി ഇത്തരമൊരു സമ്മേളനം നടക്കുന്നത്. ടൂറിസം രംഗത്ത് സ്ത്രീകള്‍, ലിംഗ ന്യൂനപക്ഷങ്ങള്‍, എന്നിവരുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 18,000 സ്ത്രീ സംരംഭങ്ങളാണുള്ളത്. ഒന്നര ലക്ഷത്തോളം സ്ത്രീകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലും പ്രതിവർഷം 10 കോടിയിലേറെ രൂപയുടെ വരുമാനവും ലഭിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂർ ഗൈഡ്, ടൂർ ഓപ്പറേറ്റർ, ഡ്രൈവർമാർ, ഹോം സ്റ്റേ, ടൂറിസ്റ്റുകള്‍ക്ക് വീടുകളില്‍ കേരളീയ ഭക്ഷണം ഒരുക്കല്‍, റസ്റ്റോറന്റ്, ഫാം ടൂറിസം യൂണിറ്റ്, അഗ്രി ടൂറിസം, ഹൗസ് ബോട്ട്, ശിക്കാര, കൊട്ടവഞ്ചി, കരകൗശലവസ്തു നിർമാണം, ട്രാവല്‍ ഏജന്റ് തുടങ്ങിയ ടൂറിസം സംരംഭങ്ങള്‍ നടത്തുന്നതും ജോലി ചെയ്യുന്നവരും സ്ത്രീകളാണ്.

പുതിയ സംരംഭകർക്ക് തൊഴില്‍ പരിശീലനവും വായ്പാ സൗകര്യങ്ങളും ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ നല്‍കുന്നു. ആർ ടി മിഷന്റെ “സ്ത്രീ സൗഹൃദ വിനോദസഞ്ചാര’ പദ്ധതിയുടെ ഭാഗമായി 2025ഓടെ 10,000 സംരംഭങ്ങള്‍ കൂടി ആരംഭിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതുവഴി 30,000 പേർക്കുകൂടി അധികമായി തൊഴില്‍ ലഭിക്കും. പദ്ധതിയുടെ ഭാഗമായി ഒന്നരലക്ഷത്തോളം സ്ത്രീകളെ ഉള്‍പ്പെടുത്തി സ്ത്രീ സൗഹൃദ ടൂറിസം ശൃംഖലയും രൂപീകരിക്കും.

സ്ത്രീ സൗഹൃദ സംരംഭങ്ങൾക്കായി സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ടൂറിസം വ്യവസായത്തിൽ പൂർണമായി ഇടപെടാൻ സ്ത്രീകളെ അനുവദിക്കുന്ന നയം രൂപീകരിക്കുമെന്നും സമ്മേളനത്തിൽ അറിയിച്ചു. സംരംഭകത്വത്തിലും ബിസിനസ് മാനേജ്മെന്റിലും സ്ത്രീകൾക്കായി പരിശീലനം,എല്ലാ ടൂറിസം കേന്ദ്രങ്ങളിലും സ്ത്രീകൾ ലിംഗ ന്യൂനപക്ഷങ്ങൾ, കുട്ടികൾ എന്നിവർക്കെതിരായ പീഡനങ്ങളും ചൂഷണങ്ങളും തടയാൻ ശക്തമായ നടപടിയെടുക്കും തുടങ്ങിയ തീരുമാനങ്ങൾ സമ്മേളനത്തിൽ അറിയിച്ചു.ടൂറിസം രംഗത്ത് തുല്യവേതനവും നടപ്പാക്കും.