ഒ.ടി.പി നമ്പർ ചോദിച്ച് വാട്‌സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകം ; സൈബർ പൊലീസിന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിൽ വർദ്ധന ; പരിചിത നമ്പറുകളിൽ നിന്ന് ഒ.ടി.പി നമ്പർ ചോദിക്കുന്നത് തട്ടിപ്പ്സംഘത്തിന്റെ രീതി ; ചിത്രങ്ങളും സന്ദേശങ്ങളും വീഡിയോകളും ഉപയോഗിച്ച് ഉടമകളെ ബ്ലാക്ക് മെയിൽ ചെയ്യാനും ശ്രമം ; മുന്നറിയിപ്പ് നൽകി പോലീസ്
സ്വന്തം ലേഖകൻ
കൊച്ചി: ഒ.ടി.പി നമ്പർ ചോദിച്ച് വാട്‌സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് ജില്ലയിൽ വ്യാപകമായതോടെ സൈബർ പൊലീസിന് ലഭിക്കുന്ന പരാതികളുടെ എണ്ണം വർദ്ധിച്ചു. കഴിഞ്ഞ രണ്ട് ദിവസമായാണ് കൂടുതൽ പരാതികൾ ലഭിച്ചതെന്ന് സൈബർ പൊലീസ് വ്യക്തമാക്കി. പരിചിത നമ്പറുകളിൽ നിന്നുമാണ് തട്ടിപ്പ്സംഘം ഒ.ടി.പി നമ്പർ ചോദിക്കുന്നത്.
വാട്‌സ്ആപ്പ് കേന്ദ്രീകരിച്ച് ഇത്രയധികം തട്ടിപ്പുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നതും ആദ്യമായാണ്. പരിശോധന നടന്നുവരുകയാണ്. പണം ആവശ്യപ്പെടുന്നതിന് പുറമേ വാട്സ്ആപ്പ് അക്കൗണ്ടിലെ ചിത്രങ്ങളും സന്ദേശങ്ങളും വീഡിയോകളും ഉപയോഗിച്ച് ഉടമകളെ ബ്ലാക്ക് മെയിൽ ചെയ്യാനും തട്ടിപ്പുസംഘം ശ്രമിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒ.ടി.പി നമ്പർ ആവശ്യപ്പെട്ട് പരിചയമുള്ള ആളുകൾ സന്ദേശം അയച്ചാൽപ്പോലും സത്യമാണോ എന്ന് പരിശോധിച്ചശേഷമേ പ്രതികരിക്കാവൂ എന്നും പൊലീസ് മുന്നറിയിപ്പ് നൽകി.തട്ടിപ്പ് നടക്കുന്നത് ഇങ്ങനെ6 അക്കങ്ങളുള്ള ഒ..ടിപി നമ്പർ എസ്.എം.എസ് ആയി അബദ്ധത്തിൽ അയച്ചിട്ടുണ്ടെന്നും അത് വാട്‌സാപ്പിൽ ഫോർവേഡ് ചെയ്ത് നൽകാനും ആവശ്യപ്പെട്ട് പരിചയമുള്ള നമ്പറുകളിൽ നിന്നുമാണ് തട്ടിപ്പ് സന്ദേശം എത്തുന്നത്.
നമുക്ക് പരിചയമുള്ള, നേരത്തെ ഹാക്ക് ചെയ്യപ്പെട്ട ആളുകളുടെ നമ്പറുകളിൽ നിന്നാണ് ഇത്തരത്തിൽ സന്ദേശം എത്തുന്നത്. ഒ.ടി.പി നമ്പർ ഫോർവേഡ് ചെയ്തു കൊടുത്താൽ നമ്മുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടും.ഇതോടെ വാട്‌സ്ആപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. തുടർന്ന് നമ്മൾ ഉൾപ്പെട്ടിട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിലെയും നമ്മുടെ കോൺടാക്ട് ലിസ്റ്റിലെ അംഗങ്ങൾക്കും ഇത്തരത്തിൽ ഒ.ടി.പി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും അയക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കി മറ്റുള്ളവരെ അറിയിക്കാൻ ശ്രമിച്ചാൽ ആ സന്ദേശവും തട്ടിപ്പ് സംഘത്തിന് ഡിലീറ്റാക്കാൻ കഴിയും.