കൃഷിവകുപ്പിന് കീഴിലെ വിഎഫ് പിസികെ പ്രതിസന്ധിയിൽ; സംസ്ഥാനത്തെ പച്ചക്കറി കർഷകർക്ക് കിട്ടാനുളളത് അഞ്ച് കോടിയിലേറെ രൂപ; കുടിശ്ശിക കിട്ടാക്കടമായതോടെ സമരത്തിനൊരുങ്ങി കർഷകർ; നവംബർ 26ന് നേതൃത്വത്തിൽ ആദ്യഘട്ട സമരം
തൊടുപുഴ: കൃഷിവകുപ്പിന് കീഴിലെ വിഎഫ് പിസികെ പ്രതിസന്ധിയിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തേതുൾപ്പെടെ അഞ്ച് കോടിയിലേറെ രൂപയാണ് സംസ്ഥാനത്തെ പച്ചക്കറി കർഷകർക്ക് കിട്ടാനുളളത്.
കർഷകർക്ക് സബ്സിഡി ആനൂകൂല്യങ്ങളോടെ വ്യാവസായികാടിസ്ഥാനത്തിൽ പഴം- പച്ചക്കറി കൃഷി, ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിപണി കണ്ടെത്താൻ മെച്ചപ്പെട്ട മാർഗ്ഗം, പച്ചക്കറി മിച്ച സംസ്ഥാനമെന്ന ആശയത്തിന് കരുത്ത് തുടങ്ങിയ ലക്ഷ്യങ്ങളുമായിട്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷിവകുപ്പിന് കീഴിൽ വിഎഫ്‍പിസികെ ആരംഭിച്ചത്. കുടിശ്ശിക കിട്ടാക്കടമായതോടെ, വിഎഫ് പിസികെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങുകയാണ് കർഷകർ.
കഴിഞ്ഞ ഒരു വർഷത്തെ കാര്യം മാത്രം പരിശോധിച്ചാൽ വിഎഫ്‍പിസികെയിലെ താളപ്പിഴകളെക്കുറിച്ച് മാത്രമായിരിക്കും കര്‍ഷകര്‍ക്ക് പറയാനുണ്ടാകുക. ഇടുക്കിയിൽ മാത്രം വിഎഫ്‍പിസികെയുടെ 19 സ്വാശ്രയ വിപണികളാണുള്ളത്. കർഷകർക്കുളള ഇൻസെന്‍റീവും സബ്സിഡിയുമായി നൽകാനുളളത് 15 ലക്ഷത്തോളം രൂപയാണ് ഇവിടെ നിന്ന് മാത്രം നൽകാനുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2023മുതൽ കൃത്യമായി സർക്കാർ ഫണ്ടനുവദിക്കാത്തതതാണ് പ്രവർത്തനങ്ങൾ താളംതെറ്റാൻ കാരണം. എന്നുകിട്ടുമെന്ന് ഉറപ്പില്ലെങ്കിലും മെച്ചപ്പെട്ട വിപണി സാധ്യത മാത്രം കണ്ടാണ് ഇന്നും കർഷകർ ഇവിടങ്ങളിൽ ഉത്പന്നങ്ങളെത്തിക്കുന്നത്.
ഒരുവർഷത്തെ കുടിശ്ശികയെങ്കിലും തന്നുതീർക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 26നാണ് വിഎഫ്‍പിസികെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദ്യഘട്ട സമരം.ആവശ്യമുളള ഉദ്യോഗസ്ഥരെപ്പോലും നിയമിക്കാതെ, വിഎഫ് പിസികെ യെ സർക്കാർ വരിഞ്ഞുമുറുക്കുന്നെന്നും കർഷകർക്ക് പരാതിയുണ്ട്.