play-sharp-fill
അമേരിക്കൻ പ്രസിഡന്റ് പറഞ്ഞാൽ പോലും സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്നു പറഞ്ഞ ചേലക്കരയിൽ പി .വി അൻവറിന്റെ സ്ഥാനാർത്ഥി ഒരു ചലനവുമുണ്ടാക്കിയില്ല: ഉപതെരഞ്ഞടുപ്പിൽ കരുത്തുകാട്ടുമെന്ന് പ്രഖ്യാപിച്ച അൻവറിന്റെ രാഷ്ട്രിയ ഭാവിപോലും പ്രതിസന്ധിയിൽ

അമേരിക്കൻ പ്രസിഡന്റ് പറഞ്ഞാൽ പോലും സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്നു പറഞ്ഞ ചേലക്കരയിൽ പി .വി അൻവറിന്റെ സ്ഥാനാർത്ഥി ഒരു ചലനവുമുണ്ടാക്കിയില്ല: ഉപതെരഞ്ഞടുപ്പിൽ കരുത്തുകാട്ടുമെന്ന് പ്രഖ്യാപിച്ച അൻവറിന്റെ രാഷ്ട്രിയ ഭാവിപോലും പ്രതിസന്ധിയിൽ

ചേലക്കര: തിരഞ്ഞെടുപ്പില്‍ നിറംമങ്ങി പി.വി. അൻവർ എം.എല്‍.എ.യുടെ ഡി.എം.കെ. ചേലക്കരയില്‍ ഏറെ പ്രതീക്ഷയോടെ മത്സരിച്ചെങ്കിലും പി.വി.
അൻവറിന്റെ സ്ഥാനാർഥിക്ക് നേടാനായത് 3920 വോട്ടുകള്‍ മാത്രം. മുൻ കോണ്‍ഗ്രസ് നേതാവായ എൻ.കെ. സുധീറിനെയാണ് പി.വി. അൻവർ ചേലക്കരയില്‍ കളത്തിലിറക്കിയത്.

എന്നാല്‍, ചേലക്കരയില്‍ വ്യക്തമായ ലീഡ് നേടിയായിരുന്നു എല്‍.ഡി.എഫ്. സ്ഥാനാർഥി യു.ആർ. പ്രദീപിന്റെ ജയം. യു.ഡി.എഫ്. സ്ഥാനാർഥിയായ രമ്യ ഹരിദാസിനും ഡി.എം.കെ. സ്ഥാനാർഥി കാര്യമായ വെല്ലുവിളിയായില്ല.

സൈബറിടത്തില്‍ സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും ‘കടന്നല്‍രാജ’ എന്ന് വിശേഷിപ്പിച്ചിരുന്ന പി.വി. അൻവർ ഉപതിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുൻപാണ് പാർട്ടിയുമായും സർക്കാരുമായും ഇടഞ്ഞത്. ആദ്യം പോലീസിനെതിരേയും എ.ഡി.ജി.പി. അജിത്കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരേയും കലാപക്കൊടി ഉയർത്തിയ പി.വി. അൻവർ പിന്നാലെ മുഖ്യമന്ത്രിക്കെതിരേ തന്നെ തുറന്നടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ഇടതുമുന്നണി പി.വി. അൻവറുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. തുടർന്നാണ് പി.വി. അൻവർ സ്വന്തം രാഷ്ട്രീയ കൂട്ടായ്മയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള(ഡി.എം.കെ) രൂപവത്കരിച്ചത്.

ഇടതുമുന്നണിയുമായി ഇടഞ്ഞ പി.വി. അൻവർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലക്കാടും ചേലക്കരയിലും തന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കാണ് പിന്തുണയെന്നും പ്രഖ്യാപിച്ചു. പാലക്കാട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലി നടത്തിയ അതേവേദിയിലാണ് തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിക്കുകയാണെന്ന് പി.വി. അൻവർ പ്രഖ്യാപിച്ചത്.

ബി.ജെ.പി. ജയിക്കാതിരിക്കാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ നിരുപാധികം പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, അമേരിക്കൻ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയിലെ സ്ഥാനാർഥിയെ പിൻവലിക്കില്ലെന്നായിരുന്നു അൻവറിന്റെ നിലപാട്. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ അൻവറിന്റെ ഡി.എം.കെ.യുടെ ഭാവി തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്.

മുൻ കോണ്‍ഗ്രസ് നേതാവായിട്ട് പോലും എൻ.കെ. സുധീറിന് ഡി.എം.കെ. സ്ഥാനാർഥിയായി മത്സരിച്ചിട്ട് കാര്യമായ വോട്ടൊന്നും നേടാനായില്ല. ഇതോടെ ഉപതിരഞ്ഞെടുപ്പിലൂടെ കരുത്ത് കാണിക്കാമെന്ന പി.വി. അൻവറിന്റെ പ്രതീക്ഷയും പാളി.

ഇനി വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും എങ്ങനെയായിരിക്കും ഡി.എം.കെ.യുടെ രാഷ്ട്രീയതന്ത്രങ്ങളെന്ന് കാത്തിരുന്ന് കാണണം. ഇടതുമുന്നണി വിട്ട അൻവറിന്റെ രാഷ്ട്രീയഭാവി എന്താകുമെന്നതും കാത്തിരുന്ന് കാണാം.