
മയക്കുമരുന്ന്, വയല്‍ നികത്തല്‍ മാഫിയ ബന്ധമുള്ളവർ ഏരിയ കമ്മറ്റിയിൽ: ബക്കറ്റ് പിരിവ് തട്ടിയെടുത്ത സംഭവത്തിൽ നടപടി ഇല്ല: സജീവ പ്രവർത്തകരെ ഒഴിവാക്കി: സി പി എം ചാല ഏരിയ സമ്മേളനം പുകയുന്നു.
തിരുവനന്തപുരം: മയക്കുമരുന്ന്, വയല്‍ നികത്തല്‍ മാഫിയ സംഘവുമായും ബന്ധമുള്ള രണ്ടുപേരെ ചാല ഏരിയ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു.
സജീവപ്രവര്‍ത്തകരെ ഒഴിവാക്കിയാണ് മാഫിയ സംഘത്തെ ഉള്‍പ്പെടുത്തിയത്. മുന്‍ ഡിവൈഎഫ്ഐ നേതാവും ഇപ്പോള്‍ ട്രേഡ് യൂണിയന് രംഗത്ത് സജീവ പ്രവര്‍ത്തകയുമായ കൊഞ്ചിറവിളയിലെ വനിതാ സഖാവിനെ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയതിലും ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്.
21 അംഗ ഏരിയ കമ്മറ്റിയില്‍ നിന്നും മൂന്നു പേരെ ഒഴിവാക്കിയാണ് പുതുതായി മൂന്നുപേരെ ഉള്‍പ്പെടുത്തിയത്. ഇതില്‍ അറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്.ഉണ്ണികൃഷ്ണനും ഉള്‍പ്പെടുന്നു. ഉണ്ണികൃഷ്ണനെതിരെ നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും നിലവിലുണ്ട്. ഇതിന്റെ പശ്ചാതലത്തില്‍ ഉണ്ണികൃഷ്ണനെ ലോക്കല്‍ കമ്മറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടി നടപടിയെടുത്ത് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ ഉണ്ണികൃഷ്ണനെ ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു. സിപിഎം ഏരിയാ സമ്മേളനത്തില്‍ തെരെഞ്ഞെടുപ്പ് നടന്നപ്പോള്‍ 21 അംഗ ഏരിയാ കമ്മറ്റിയിലെ 12 പേരും ഉണ്ണികൃഷ്ണനെ ഏരിയകമ്മറ്റിയിലെക്ക് ഏടുക്കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ഉണ്ണികൃഷ്ണനെ ഏരിയകമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ ഒരുവിഭാഗം കടുത്ത പ്രതിഷേധത്തിലാണ്.
2015ല്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ ജാമ്യത്തുക തട്ടിയ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പുറം കാണാത്തതിനെതിരെയും പ്രതിഷേധം പുകയുകയാണ്. കിള്ളിപ്പാലത്തെ ഡിഡി ഓഫീസ് ഉപരോധവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയതിന് ജാമ്യത്തിലിറക്കാന്‍ ബക്കറ്റ് പിരിവടക്കം നടത്തിയ പത്തുലക്ഷം രൂപയോളമാണ് ഒരു നേതാവ് തട്ടിയെടുത്തത്.
കെട്ടിവച്ച ജാമ്യത്തുക കോടതി തിരികെ നല്‍കിയെങ്കിലും പാര്‍ട്ടിക്ക് കൈമാറിയില്ല. ഇത് അന്വേഷിച്ച ജില്ലാസെക്രട്ടേറിയററ്റ് അംഗം ബി.പി.മുരളി അധ്യക്ഷനായ അന്വേഷണ കമ്മീഷന് കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ഇതുവരെ നടപടിയും എടുത്തിട്ടില്ല. നഗരത്തിലെ പ്രമുഖ ജന പ്രതിനിധിയുടെ വിവാഹച്ചടങ്ങിലെ പണം വെട്ടിക്കല്‍ ശ്രമം ജനപ്രതിനിധിയുടെ തന്നെ പാരാതിയോടെ പൊളിഞ്ഞിരുന്നു. ആ പരാതിയിലും നടപടിയുണ്ടായില്ല.
മഹിളാ അസോസിയേന്‍ സമ്മേളനത്തിന്റെ മറവില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ്, മുട്ടത്തറ ബാങ്കിലെ അംഗങ്ങള്‍ അറിയാതെ വായ്പയെടുക്കല്‍ തുടങ്ങിയവയിലും നടപടിയുണ്ടായിട്ടില്ല. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം നടത്തുന്നവരെയും സംഘടനാ
പരിചയമില്ലാത്തവരെയും ഏരിയ ലോക്കല്‍ കമ്മറ്റികളില്‍ ഉള്‍പ്പെടുത്തിയത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. വിഭാഗീയത രൂക്ഷമായതിനെത്തുടര്‍ന്ന് ജില്ലയിലെ പല ഏരിയ സമ്മേളനങ്ങളും സംഘര്‍ഷാന്തരിക്ഷത്തിലാണ് സമാപിക്കുന്നത്. ജില്ലാ സമ്മേളനം കഴിയുന്നതോടെ ജില്ലയിലെ ചില പ്രമുഖര്‍ക്കെതിരെ നടപടിയുറപ്പായിക്കഴിഞ്ഞു.