സെക്കന്‍ഡ് ഷോയ്ക്ക് വിളിച്ചപ്പോൾ പോയില്ല അന്നുതുടങ്ങിയ വൈരാഗ്യം, സഹപാഠികൾ ശുചിമുറിയിലേക്കു കൊണ്ടുപോയി മര്‍ദ്ദിക്കാന്‍ ശ്രമിച്ചു, അപകടശേഷം ഐവി ലൈന്‍ പോലുമില്ലാതെ കിലോമീറ്ററുകളോളം ആംബുലന്‍സില്‍ കൊണ്ടുപോയതിൽ ദുരൂഹത, 3 എക്‌സറേ എടുക്കാന്‍ എന്തിനാണ് 3 മണിക്കൂർ? അമ്മുവിനെ റാഗ് ചെയ്തിരുന്നുവെന്ന കമന്റ് നിമിഷനേരംകൊണ്ട് ഡിലീറ്റാക്കി; അമ്മുവിന്റെ മരണത്തിൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്‌സിങ്ങിലെ നാലാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അയിരൂപ്പാറ സ്വദേശിനി അമ്മു എ.സജീവിന്റെ (21) ദുരൂഹമരണത്തില്‍ കോളജിനെതിരെ വീണ്ടും ആരോപണങ്ങളുമായി കുടുംബം. കൂട്ടുകാരികളില്‍നിന്നും കുറച്ചു കാലമായി വളരെ മോശമായ അനുഭവങ്ങളാണ് ഉണ്ടായിരുന്നതെന്നും പിടിച്ചു നില്‍ക്കുകയായിരുന്നെന്നും അമ്മു രക്ഷിതാക്കളോട് പറഞ്ഞിരുന്നു.
കോളേജിലെ റാഗിങ് സംബന്ധിച്ചു പരാതി നല്‍കിയിട്ടും അധികൃതര്‍ കാര്യമായി ഇടപെട്ടില്ലെന്ന് കുടുംബം പറയുന്നു.
മകളെ ചില സഹപാഠികള്‍ മാനസികമായി പീഡിപ്പിക്കുന്ന വിവരം കാട്ടി ഒക്ടോബര്‍ 10ന് പ്രിന്‍സിപ്പലിന് സജീവ് പരാതി നല്‍കിയിരുന്നു. ചെയ്യാത്ത പല കുറ്റങ്ങളും അമ്മുവിനെ അടിച്ചേല്‍പ്പിക്കുന്നതും മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും പതിവാണെന്നു പരാതിയില്‍ പറഞ്ഞിരുന്നു.
സെക്കന്‍ഡ് ഷോ സിനിമയ്ക്ക് കൂട്ടൂകാരികള്‍ വിളിച്ചെങ്കിലും അമ്മു പോയില്ലെന്നും അന്നു മുതലാണ് മറ്റുള്ളവര്‍ക്കു വൈരാഗ്യം വന്നതെന്നും കുടുബം പറയുന്നു. ശുചിമുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭയന്ന അമ്മു ക്ലാസ് മുറിയിലേക്ക് ഓടി രക്ഷപ്പെട്ട സംഭവമുണ്ട്. ഈ വിവരം അമ്മു രക്ഷിതാക്കളെ അറിയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘‘ഇവരില്‍ നിന്നും ഒക്കെ ഒഴിഞ്ഞു മാറി ഒറ്റയ്ക്ക് ഒരു റൂമില്‍ കുറെ നാളായി താമസിക്കുകയായിരുന്നു. രാത്രിയില്‍ റൂമില്‍ അതിക്രമിച്ചു കയറി വഴക്കുപറയുന്നത് പതിവാക്കിയിരിക്കുകയാണ്. എന്റെ മകളുടെ ജീവനു പോലും ഭീഷണിയാവുമെന്നു ഞങ്ങള്‍ സംശയിക്കുന്നു. എന്റെ മകള്‍ ശാരീരികമായി സുഖമില്ലാത്ത കുട്ടിയാണ്. മാനസിക പീഡനങ്ങളില്‍ നിന്നും ഭീഷണിയില്‍ നിന്നും രക്ഷിക്കണം. അല്ലാത്ത പക്ഷം മറ്റു നിയമ നടപടികള്‍ക്ക് നിര്‍ബന്ധിതരാവും’’- ഇതായിരുന്നു പിതാവ് നൽകിയ പരാതി.
നടപടി എടുക്കാമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞെങ്കിലും ഉപദ്രവം തുടര്‍ന്നിരുന്നുവെന്ന് സജീവ് പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും 27ന് പരാതി നല്‍കിയിരുന്നു. മകളുടെ മുറിയില്‍ അതിക്രമിച്ചു കയറി ബാഗ് പരിശോധിച്ചെന്നും ഉപദ്രവിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മകള്‍ വളരെയേറെ മാനസിക ബുദ്ധിമുട്ടിലാണെന്നും അവള്‍ക്കു ഇതുകാരണം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ പൂര്‍ണ ഉത്തരവാദികള്‍ മേല്‍പറഞ്ഞ കുട്ടികള്‍ മാത്രമായിരിക്കുമെന്നും സജീവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
അമ്മുവിനെ ചികിത്സിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വലിയ വീഴ്ചയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. അമ്മു സ്റ്റെപ്പില്‍ നിന്നു വീണെന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞത്. തിരുവല്ലയില്‍ വലിയ ആശുപത്രികളുണ്ടായിട്ടും മകളെ അവിടേയ്ക്കോ കോട്ടയം മെഡിക്കല്‍ കോളജിലേക്കോ മാറ്റാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനിച്ചത് ദുരൂഹമാണ്.
കുട്ടിയുടെ ആരോഗ്യ നിലയെ കുറിച്ചു കുടുംബാംഗങ്ങളെക്കാള്‍ അറിയുക ഡോക്ടര്‍മാര്‍ക്കും കോളേജ് അധികൃതര്‍ക്കുമാണെന്നരിക്കെ ചികിത്സ ഉറപ്പാക്കാന്‍ എന്തു കൊണ്ട് അവര്‍ മുന്നിട്ടിറങ്ങിയില്ലെന്നും സജീവും അമ്മുവിന്റെ അമ്മ രാധാമണിയും ചോദിക്കുന്നു. രോഗിയുടെ ഗുരുതാരവസ്ഥ പരിഗണിച്ചു അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട സ്ഥാനത്ത് ഐവി ലൈന്‍ പോലുമില്ലാതെ കിലോമീറ്ററുകളോളം ആംബുലന്‍സില്‍ കൊണ്ടു വന്നത് ആരു പറഞ്ഞിട്ടാണ്. തുടയെല്ലിന് പൊട്ടലുണ്ടെങ്കില്‍ അതിനു ചെയ്യേണ്ട പ്രാഥമിക ചികിത്സ പോലും നല്‍കാതെയാണു മകളെ പത്തനംതിട്ടയില്‍ നിന്ന് മാറ്റിയത്. 3 എക്‌സറേ എടുക്കാന്‍ എന്തിനാണ് 3 മണിക്കൂറെന്നും അമ്മ രാധാമണി ചോദിക്കുന്നു.
വീട്ടിലേക്ക് മടങ്ങാന്‍ ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത മകള്‍ തലേ ദിവസം ജീവനൊടുക്കുമെന്നു വിശ്വസിക്കുന്നില്ലെന്നു അച്ഛന്‍ സജീവ് പറഞ്ഞു. കോളജ് അധികൃതര്‍ പല കാര്യങ്ങളും മറച്ചു വയ്ക്കുന്നതായി അമ്മുവിന്റെ സഹോദരന്‍ അഖില്‍ പറഞ്ഞു.
അമ്മുവിന്റെ മരണം സംബന്ധിച്ച യുട്യൂബ് ചാനല്‍ വാര്‍ത്തയുടെ താഴെ ക്ലാസിലെ 4 വിദ്യാര്‍ഥികള്‍ അമ്മുവിനെ റാഗ് ചെയ്തിരുന്നതായി കമന്റ് വന്നിരുന്നു. എന്നാല്‍ വൈകാതെ തന്നെ ഈ കമന്റ് ഡിലീറ്റ് ചെയ്യപ്പെട്ടു. സംഭവം നടന്ന ദിവസം വൈകിട്ട് 4.05ന് വാട്‌സാപ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷമായി ഇരിക്കുകയായിരുന്നു. നാലരയ്ക്കു കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയെന്നാണു പറയുന്നത്. അതിനിടയില്‍ എന്ത് സംഭവിച്ചുവെന്നു പറയേണ്ടത് കോളജ് അധികൃതരും വാര്‍ഡനും അധ്യാപകരുമാണെന്നു കുടുബം പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വിളിക്കാതിരുന്നതിനാലാണ് അങ്ങോട്ടു വിളിച്ചതെന്ന് രാധാമണി പോലീസിനോടു പറഞ്ഞു. ഫോണെടുക്കാത്തതിനാല്‍ വാര്‍ഡനെ വിളിച്ചു, ആദ്യം എടുത്തില്ല. തുടരെ വിളിച്ചപ്പോള്‍ ഫോണെടുത്തു. അമ്മു തുണി എടുക്കാന്‍ പോകുന്നതിനിടെ കാല്‍ തെന്നി വീണെന്ന് അറിയിച്ചു. തുടര്‍ന്ന് സജീവ് ഹോസ്റ്റല്‍ നമ്പരിലേക്ക് വിളിച്ചപ്പോള്‍ അമ്മു മൂന്നാം നിലയില്‍നിന്നു ചാടിയെന്നും താഴെ വീണുകിടക്കുന്നതാണ് കണ്ടതെന്നും പറഞ്ഞു. കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെന്നും അറിഞ്ഞു’- രാധാമണി പറഞ്ഞു.
എന്‍ജിനീയറിങ് കോളേജില്‍ മെറിറ്റില്‍ പഠിക്കാന്‍ അവസരം കിട്ടിയിട്ടും സ്വന്തം താല്‍പര്യപ്രകാരമാണ് അമ്മു നഴ്‌സിങ്ങിനു ചേര്‍ന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ് സൂപ്രണ്ടായി വിരമിച്ച അമ്മയുടെ പാത പിന്തുടരുകയായിരുന്നു അമ്മു. പഠിക്കാന്‍ മിടുക്കിയായിരുന്ന അമ്മുവിന് പഠനം പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജില്‍ കുറച്ചുകാലം പരിശീലനം നേടിയശേഷം വിദേശത്തു പോകാനായിരുന്നു ആഗ്രഹം.
കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ അമ്മുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണു കുടുംബത്തെ അറിയിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശംപ്രകാരം ആരോഗ്യ സര്‍വകലാശാല വിസി ചൊവ്വാഴ്ച അമ്മുവിന്റെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചു. സംഭവത്തില്‍ പത്തനംതിട്ട പോലീസ് സഹപാഠികളുടെയും കോളേജ് അധികൃതരുടെയും മൊഴിയെടുത്തിരുന്നു. അമ്മുവിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കു കൈമാറിയിരിക്കുകയാണ്.