മഹാരാഷ്ട്രയും ഝാർഖണ്ഡും ഇന്ന് വിധിയെഴുതും ; 288 മണ്ഡലങ്ങളിൽ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേർക്കുനേർ ; ജനവിധി തേടുന്നത് 4136 സ്ഥാനാർഥികൾ
സ്വന്തം ലേഖകൻ
മുംബൈ: മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിൽ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേർക്കുനേർ. 4,136 പേരാണ് ജനവിധി തേടുന്നത്.
ശിവസേന, ബി.ജെ.പി, എന്‍.സി.പി കൂട്ടുകെട്ടിലെ മഹായുതിയും കോണ്‍ഗ്രസ്, ശിവസേന-യു.ബി.ടി, എന്‍.സി.പി-എസ്.പി കൂട്ടുകെട്ടിലെ മഹാവികാസ് അഘാഡിയും (എം.വി.എ) തമ്മിലാണ് മുഖ്യ പോരാട്ടം. ഭരണ തുടര്‍ച്ചയാണ് ബി.ജെ.പിയും ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗവും എന്‍.സി.പി അജിത് പവാര്‍ വിഭാഗവും അടങ്ങുന്ന മഹായുതി സഖ്യത്തിന്റെ ലക്ഷ്യം. ഭരണത്തില്‍ കുറഞ്ഞതൊന്നും കോണ്‍ഗ്രസ്-ശിവസേന ഉദ്ധവ് താക്കറെ -എന്‍.സി.പി ശരദ് പവാര്‍ വിഭാഗം ഉള്‍പ്പെടുന്ന മഹാവികാസ് അഘാഡി മുന്നണിയും പ്രതീക്ഷിക്കുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1990ല്‍ 141 സീറ്റ് നേടിയ ശേഷം കോണ്‍ഗ്രസിന് 100 സീറ്റ് മറികടക്കാനായില്ല. ബി.ജെ.പി കഴിഞ്ഞ രണ്ട് തവണയും 100 മറികടന്നു. ഇത്തവണ 102 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചുവരവാണ് കോണ്‍ഗ്രസിനും എം.വി.എയിലെ മറ്റ് ഘടക കക്ഷികള്‍ക്കും ആത്മവിശ്വാസമേകുന്നത്. ക്ഷേമ പദ്ധതികള്‍ക്കുപുറമെ ബി.ജെ.പിയുടെ ഹിന്ദുത്വ മുദ്രാവാക്യങ്ങളും കോണ്‍ഗ്രസിന്റെ ജാതിസെന്‍സസ് വാഗ്ദാനവും ജനങ്ങള്‍ എങ്ങനെ സ്വീകരിച്ചുവെന്നതിന്റെ പ്രതിഫലനംകൂടിയാകും ഫലം. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. ചൊവ്വാഴ്ചക്കകം സര്‍ക്കാര്‍ രൂപവത്കരിക്കണം.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുന്‍നിര നേതാക്കള്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. ആകെ 4136 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇവരില്‍ 2086 പേരും സ്വതന്ത്രരാണ്.
ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പും ബുധനാഴ്ച നടക്കും. 38 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയില്‍ വിമതരുള്‍പ്പെടെ 2,086 സ്വതന്ത്രരും പ്രാദേശിക പാര്‍ട്ടികളും മുന്നണികളിലെ സൗഹൃദ പോരും വിധി നിര്‍ണയത്തില്‍ മുഖ്യ പങ്കുവഹിക്കും. വിവിധ ജാതി സമുദായങ്ങള്‍ക്കിടയിലെ വിള്ളലും കര്‍ഷക രോഷവും പുകയുന്ന മഹാരാഷ്ട്രയില്‍ ജനം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാകാത്ത അവസ്ഥ.
ഇരു മുന്നണിയും 170ലേറെ സീറ്റുകള്‍ കിട്ടുമെന്നാണ് അവകാശപ്പെടുന്നത്. ഭരണം പിടിക്കാന്‍ 145 സീറ്റ് വേണം. തൂക്കുസഭ സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. അങ്ങനെ വന്നാല്‍ പുതിയൊരു രാഷ്ട്രീയ നാടകത്തിനുകൂടി മഹാരാഷ്ട്ര സാക്ഷ്യംവഹിക്കേണ്ടിവരും. ഇരുമുന്നണിയിലെയും ആറ് പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഝാര്‍ഖണ്ഡില്‍നവംബര്‍ 13ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 43 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ വിധിയെഴുതിയിരുന്നു.
നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ചൊവ്വാഴ്ച ജെ.എം.എം നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യവും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യവും സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ ഉറപ്പാക്കുന്ന തിരക്കിലായിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറനും സംസ്ഥാനത്ത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനും ‘എക്‌സി’ലൂടെ വോട്ടഭ്യര്‍ഥന നടത്തി. 1.23 കോടി സമ്മതിദായകരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്.
ഇതില്‍ 60.79 ലക്ഷം വനിതകളാണ്. 14,000ലധികം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കേരളത്തിനുപുറമെ യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 23നാണ് വോട്ടെണ്ണല്‍.