കുറുവാ സംഘം കേരളത്തിലെ കൂടുതല്‍ ജില്ലകളിലേക്ക്; എത്തുന്നത് മുഖംമൂടി ധരിച്ച് കൈയില്‍ ആയുധവുമായി; ലക്ഷ്യം വെയ്ക്കുന്നത് വീടുകളുടെ പിന്നിലെ വാതിലുകൾ; മുന്നറിയിപ്പ് നൽകി പൊലീസ്
കൊച്ചി: കുപ്രസിദ്ധ മോഷണസംഘമായ കുറുവാ സംഘം എറണാകുളം ജില്ലയിലും എത്തിയതായി സംശയം.
അടുത്തിടെ ആലപ്പുഴ ജില്ലയില്‍ ഇവരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരുന്നു.
ഇന്നുപുലർച്ചെ എറണാകുളം ജില്ലയിലെ ചേന്ദമംഗലം- വടക്കൻ പരവൂർ മേഖലകളിലെ പത്തിലധികം വീടുകളില്‍ മോഷണസംഘം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സംഘത്തെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല.
വടക്കൻ പറവൂർ തൂയിത്തറ പാലത്തിന് സമീപത്തുള്ള വീട്ടില്‍ പുലർച്ചെ രണ്ടുമണിയോടെയാണ് മോഷ്ടാക്കള്‍ എത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടതോടെ സംഘം സ്ഥലവിട്ടു. മോഷ്ടാക്കള്‍ വീടിനുപിന്നിലെ വാതില്‍ തുറക്കാനുളള ശ്രമം നടത്തിയിരുന്നു എന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷ്ടാക്കള്‍ എത്തിയെന്ന് വ്യക്തമായോടെ ലൈറ്റിട്ടശേഷം അയല്‍വാസികളേയും തൊട്ടടുത്തുതന്നെ താമസിക്കുന്ന സഹോദരനേയും വിളിച്ചുവരുത്തി. കൂടുതല്‍ ആളുകള്‍ എത്തിയ ശേഷമാണ് വീട്ടുകാർ പുറത്തിറങ്ങിയത്.
വിവറമറിഞ്ഞതോടെ പ്രദേശത്തെ ചില വീട്ടുകാർ സിസിടിവി പരിശോധിച്ചതോടെയാണ് പത്തോളം വീടുകളില്‍ പുലർച്ചെ രണ്ടിനും മൂന്നിനും ഇടയില്‍ മോഷണ സംഘം എത്തിയതായി വ്യക്തമായത്. രണ്ടുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
എല്ലായിടത്തും മോഷണശ്രമം നടത്തിയത് ഒരേ ആള്ക്കാർ തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല. മുഖം മൂടി ധരിച്ച് കയ്യില്‍ ആയുധവുമായിട്ടാണ് ഇവരുടെ വരവ്. ഒട്ടുമിക്കയിടങ്ങളിലും വീടുകളുടെ പിന്നിലെ വാതിലുകളാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്.
പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തേ ആലപ്പുഴയില്‍ കുറവാ സംഘം എത്തിയതായി സൂചന ലഭിച്ചതിനെത്തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ജില്ലയിലുള്ളവർക്ക് പൊലീസ് നിർദ്ദേശം നല്‍കിയിരുന്നു.