കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങൾക്ക് സർക്കാർ സഹായം നിഷേധിക്കുന്നത് കേരളത്തിന്റെ സാംസ്കാരിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായി മാറുമെന്ന് മുൻ സംസ്കാരിക വകുപ്പുമന്ത്രി കെ സി ജോസഫ്
കോട്ടയം: കേരള കലാമണ്ഡലം, ലളിതകലാ അക്കാദമി,സംഗീത നാടക അക്കാദമി തുടങ്ങിയ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾക്കു ശമ്പളം കൊടുക്കാൻ ഇനി പണം നൽകാൻ കഴിയില്ലെന്ന പിണറായി സർക്കാറിന്റെ നിലപാട് ഫലത്തിൽ ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കാൻ മാത്രമേ സഹായിക്കുവെന്ന് മുൻ സംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് പ്രസ്താവിച്ചു.
ഈ തീരുമാനം സംസ്ഥാന ഗവൺമെന്റ് അടിയന്തിരമായി പുനഃ പരിശോധിക്കണം. ചേലക്കര അസ്സംബ്ലി മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന കേരള കലാമണ്ഡലത്തിലെ കഴിഞ്ഞ നാലു
മാസത്തെ ശമ്പള കുടിശിഖ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷമാണ് നൽകിയത്. സാഹിത്യ അക്കാദമിയിൽ ഇത്തവണ അവാർഡ് നൽകിയപ്പോൾ മൊമന്റോകളല്ലാതെ അതിനൊപ്പം പ്രഖ്യാപിച്ച സാമ്പത്തിക സഹായം അപ്പോൾ നൽകിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് വൈകിയാണ് ആ പണം കൈമാറിയത്. ഇത്തരം സാംസ്കാരിക സ്ഥാപനങ്ങൾക്ക് സ്വന്തമായി വളരെ തുച്ഛമായ വരുമാനം മാത്രമേയുള്ളൂ. അവരുടെ വരുമാനം കൊണ്ടുമാത്രം വികസന പ്രവർത്തനങ്ങളൊ ശമ്പളം പോലുള്ള അടിസ്ഥാനാവശ്യങ്ങളൊ നിർവ്വഹിക്കാൻ സാധിക്കുകയില്ല.
കാലാകാലങ്ങളിൽ സംസ്ഥാന സർക്കാരാണ് ഇത്തരം ഗ്രാന്റ് ഇൻ എയിഡ് സ്ഥാപനങ്ങളിൽ ശമ്പളം നൽകാൻ സാമ്പത്തിക സഹായം അനുവദിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ
കാലത്ത് സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയ്ക്ക് ഇത്തരത്തിലുള്ള ഒരു ദുരവസ്ഥയും അന്ന് സംഭവിച്ചിരുന്നില്ലെന്നും ശമ്പളം നൽകാനാവശ്യമായ ധനസഹായം ഈ
സ്ഥാപനങ്ങൾക്ക് കൃത്യമായി നൽകിയിരുന്നു എന്നും വ്യക്തമായി പറയാൻ എനിക്ക് കഴിയും. സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന ഇത്തരം
നടപടികൾ പുനഃ പരിശോധിച്ചില്ലെങ്കിൽ അത് കേരളത്തിന്റെ സാംസ്കാരിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായി മാറുമെന്ന് കെ സി ജോസഫ് മുന്നറിയിപ്പ് നൽകി.