തെങ്ങിൻ തോപ്പിൽ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടികൂടി; 39 കന്നാസുകളിലായി കണ്ടെടുത്തത് 1326 ലിറ്റർ സ്പിരിറ്റ്; സംഭവത്തിൽ ചിറ്റൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ തെങ്ങിൻതോപ്പിൽ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് കണ്ടെടുത്തു. ചിറ്റൂർ കോഴിപ്പതിയിലുള്ള നാരായണ സ്വാമി കൗണ്ടർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻതോപ്പിലുള്ള കെട്ടിടത്തിലാണ് 39 കന്നാസുകളിലായി 1326 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. ചിറ്റൂർ സ്വദേശിയായ മുരളി (50) ആണ് അറസ്റ്റിലായത്.
പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാകേഷ് എമ്മിന്‍റെ നിർദേശപ്രകാരം ചിറ്റൂർ എക്സൈസ് സർക്കിൾ സംഘവും പാലക്കാട് ഐബി ഇൻസ്പെക്ടറും സംഘവും, ചിറ്റൂർ റേഞ്ച് ഇൻസ്പെക്ടറും സംഘവും, കെമു സംഘവും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി രജനീഷ്, പാലക്കാട് ഐബി ഇൻസ്‌പെക്ടർ എൻ നൗഫൽ, ചിറ്റൂർ റേഞ്ച് ഇൻസ്‌പെക്ടർ എസ് ബാലഗോപാൽ, പാലക്കാട് ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ ജെ ഓസ്റ്റിൻ, ആർ എസ് സുരേഷ് തുടങ്ങിയവരുടെ പരിശോധന സംഘത്തിലുണ്ടായിരുന്നു.
ഇതിനിടെ പത്തനംതിട്ട റാന്നിയിൽ 13 ലിറ്റർ ചാരായവുമായി ഒരു സ്ത്രീയെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ചെറുകുളഞ്ഞി സ്വദേശിനി മറിയാമ്മയാണ് അറസ്റ്റിലായത്. ഭർത്താവ് രാജു ഒളിവിൽ പോയിരിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. ചാരായ വാറ്റിനെക്കുറിച്ച് അറിഞ്ഞ് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വീട്ടിൽ നിന്ന് വാറ്റ് ഉപകരണങ്ങൾ പിടിച്ചെടുത്തുവെന്നും എക്സൈസ് സംഘം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നുള്ള പരിശോധനയിൽ റാന്നിയിലെ വീട്ടിൽ നിന്നാണ് 13 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. റാന്നി എക്‌സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഹുസൈൻ അഹമ്മദും സംഘവും ചേർന്ന് റാന്നി ചെറുകുളഞ്ഞി മറ്റക്കാട്ട് വീട്ടിൽ നിന്നുമാണ് ചാരായം പിടികൂടിയത്. മറ്റക്കാട്ട് വീട്ടിൽ രാജു, ഭാര്യ മറിയാമ്മ എന്നിവരുടെ പേരിൽ അബ്കാരി കേസ് എടുത്തതായും എക്സൈസ് അറിയിച്ചു.