മാനവീയം വീഥിക്ക് സമീപം യുവാവിന് കുത്തേറ്റ സംഭവം: ലഹരി മാഫിയയുടെ നിർദ്ദേശ പ്രകാരം ഭക്ഷണം കഴിക്കാൻ എന്ന വ്യാജേനെ യുവാവിനെ നിർബന്ധിച്ച് വിളിച്ചു വരുത്തിയ സുഹൃത്തായ യുവതി അറസ്റ്റിൽ
തിരുവനന്തപുരം: മാനവീയം വീഥിക്കടുത്ത് ആൽത്തറ ക്ഷേത്രത്തിന് സമീപത്ത് യുവാവിന് കുത്തേറ്റ സംഭവത്തിൽ സുഹൃത്തായ യുവതി പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനി സ്നേഹ അനിലിനെയാണ് (23) മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വെമ്പായം തേക്കട സ്വദേശിയായ സുജിത്തിന് (25) കുത്തേൽക്കുന്നത്.
സുജിത്തിനെ കുത്തിയത് മുൻ സുഹൃത്തും ലഹരി കേസുകളിൽ പ്രതിയായ ഷിയാസും കൂട്ടുകാരുമാണ്. ഷിയാസിന്റെ നിർദ്ദേശ പ്രകാരമാണ് സുജിത്തിനെ ഭക്ഷണം കഴിക്കാനെന്ന പേരിൽ നിർബന്ധിച്ച് സ്ഥലത്തെത്തിച്ചത് കൂട്ടുകാരിയായ സ്നേഹയാണെന്ന് പോലീസ് പറഞ്ഞു.
ലഹരി സംഘത്തിനുള്ളിലെ വാക്ക് തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തല്‍. കഞ്ചാവ് കച്ചവടത്തെ ചൊല്ലി മുൻപും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിട്ടുണ്ട്. ആക്രമണത്തിൽ സുജിത്തിന്റെ നെഞ്ചിൽ ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജതമാക്കി പോലീസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group