അണ്ടർ 17 സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ടീമിൽ ഇടംനേടി കുമരകം സ്വദേശിയായ വിദ്യാർത്ഥി
സ്വന്തം ലേഖകൻ
കുമരകം: ദേശീയതല മത്സരങ്ങൾക്കുള്ള അണ്ടർ 17 സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ടീമിൽ ഇടംനേടി കുമരകം സ്വദേശിയായ വിദ്യാർത്ഥി ചൈതന്യദേവ്. എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ആൺകുട്ടികളുടെ അണ്ടർ -17 ക്രിക്കറ്റ് മത്സരത്തിൽ കോട്ടയം ജില്ലാ ടീമിനായി മൂന്ന് ഇന്നിംഗ്സുകളിലായി മികച്ച ബൗളിംഗും ബാറ്റിംഗും കാഴ്ചവച്ച ചൈതന്യ ദേവ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇതെത്തുടർന്നാണ് ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന ടീമിൽ ചൈതന്യദേവ് തിരഞ്ഞെടുക്കപ്പെട്ടത്. കുമരകം മാഞ്ചിറയിൽ ശരവണൻ-മഞ്ജു ദമ്പതികളുടെ മകനായ ചൈതന്യ ദേവ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഇതിന് മുൻപും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി സ്കൂളിലെ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ചൈതന്യദേവ് പഠനത്തിലും മികച്ച നിലവാരം പുലർത്തി വരുന്നു . ചങ്ങനാശ്ശേരി ഫാത്തിമപുരം വിന്റേജ് ക്രിക്കറ്റ് അക്കാദമിയിലെ മികച്ച പരിശീലനമാണ് ചൈതന്യ ദേവിനെ മികച്ച ക്രിക്കറ്ററായി വളർത്തിയെടുത്തത്. പരിശീലനത്തിന് സൗകര്യം ഒരുക്കുന്നതിനും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ക്രിസ്തുജ്യോതി സ്കൂൾ അധികൃതരിൽ നിന്നും ലഭിച്ച പിന്തുണയും ചൈതന്യദേവിന് ഈ നേട്ടത്തിന് സഹായകരമായി.