സ്വന്തം നിലനില്‍പ്പിനെ ബാധിക്കുംവിധം തിരിച്ചടി നേരിട്ടിട്ടും സ്വകാര്യബസുകാരുമായുള്ള നിയമപോരാട്ടത്തില്‍ അപ്പീല്‍ നല്‍കാതെ കെഎസ്ആര്‍ടിസി; നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: സ്വകാര്യബസുകാരുമായുള്ള നിയമപോരാട്ടത്തില്‍ സ്വന്തം നിലനില്‍പ്പിനെ ബാധിക്കുംവിധം തിരിച്ചടി നേരിട്ടിട്ടും അപ്പീല്‍ നല്‍കാതെ കെ.എസ്.ആര്.ടി.സി.
അപ്പീല്‍ നല്‍കണമെന്ന് അഭിഭാഷകര്‍ നിര്‍ദേശിച്ചിട്ടും നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്നടപടിയെടുക്കുമെന്ന മറുപടിയാണ് ഗതാഗതമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിക്കുന്നത്. കെ.എസ്.ആര്.ടി.സി. സി എം.ഡി. ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
241 ദീര്‍ഘദൂരപാതകള്‍ ഏറ്റെടുത്ത ദേശസാത്കൃത സ്കീം കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈക്കോടതി സിംഗിള്‍ബഞ്ച് റദ്ദാക്കിയത്. കേസ് നടത്തിപ്പില്‍ കെ.എസ്.ആര്.ടി.സി.ക്കും ഗതാഗതവകുപ്പിനും വീഴ്ചപറ്റിയെന്ന ആക്ഷേപം ശക്തമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിധി പ്രതികൂലമാകാന് കാരണം ഇതാണ്. നിശ്ചിത സമയത്തിനുള്ളില്‍ സ്കീം ഇറക്കണമെന്ന വ്യവസ്ഥ ബാധകമല്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ വീഴ്ചപറ്റിയെന്ന് തൊഴിലാളി സംഘടനകള്‍ പറയുന്നു. ഗതാഗതവകുപ്പ് മനഃപൂര്‍വം കേസ് തോറ്റുകൊടുത്തുവെന്നാണ് ആരോപണം.
ഇതിനിടെ വിധിയെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി.യുടെ പാതകളില്‍ കൂടുതല്‍ ബസുകള്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രിയുടെ ബന്ധുകൂടിയായ സ്വകാര്യബസ് ഉടമാ സംഘടനാ ഭാരവാഹി രംഗത്തെത്തി.
കെ.എസ്.ആര്.ടി.സി.സ്റ്റാന്‍ഡുകളില്‍ കടന്ന് യാത്രക്കാരെ വിളിച്ചുകയറ്റി സമാന്തര സര്‍വീസ് നടത്തുന്ന ഇയാളുടെ ബസുകള്‍ക്കെതിരേ മോട്ടോര്‍വാഹനവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. ഗതാഗതസെക്രട്ടറി ആയിരിക്കുമ്പോള്‍ ബിജു പ്രഭാകറാണ് കെ.എസ്.ആര്.ടി.സി.ക്ക് സംരക്ഷണം നല്കാന് ദേശസാത്കൃത സ്കീം ഇറക്കിയത്.