15 അടി ആഴമുള്ള വലിയ കുഴി; പൂക്കള്‍ കൊണ്ട് അലങ്കരിച്ച കാറിനെ ആചാരപൂർവം വീട്ടില്‍ നിന്ന് കൊണ്ടുവന്നു; ശ്രദ്ധാപൂർവം കുഴിയിലേക്ക് ഇറക്കി പച്ച നിറത്തിലുള്ള തുണികൊണ്ട് മൂടി അന്ത്യ പ്രാർത്ഥനകള്‍; പൂജയും പുഷ്പാഭിഷേകവും നടത്തി സംസ്കാരം; കാറിന് കൃഷിയിടത്തില്‍ ‘സമാധി’ ഒരുക്കി ഉടമ
അഹ്മദാബാദ്: പ്രിയപ്പെട്ട കാറിനായി വ്യത്യസ്തമായ ‘സംസ്കാര ചടങ്ങ്’ ഒരുക്കിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു വാഹന പ്രേമി. 12 വർഷം പഴക്കമുള്ള മാരുതി വാഗണർ കാറിനാണ് ഉടമയായ സഞ്ജയ് പൊല്റ അന്ത്യയാത്ര ഒരുക്കിയത്.
ഇതിനായി 15 അടി ആഴമുള്ള വലിയ കുഴി ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ തന്റെ കൃഷിയിടത്തില്‍ ഒരുക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ചടങ്ങിന് വലിയ തുക ചെലവാകുകയും ചെയ്തു. ഗുജറാത്തിലെ അംറേലി ജില്ലയില്‍ പദർശിങ്ക താലൂക്കിലാണ് കേട്ടുകേള്‍വിയില്ലാത്ത ചടങ്ങ് നടന്നത്.
പൂക്കള്‍ കൊണ്ട് അലങ്കരിച്ച കാറിനെ ആചാരപൂർവം വീട്ടില്‍ നിന്ന് കൃഷിയിടത്തിലേക്ക് കൊണ്ടുവന്നു. പിന്നീട് ശ്രദ്ധാപൂർവം കുഴിയിലേക്ക് ഇറക്കി. അതിന് ശേഷം പച്ച നിറത്തിലുള്ള തുണികൊണ്ട് മൂടി അന്ത്യ പ്രാർത്ഥനകള്‍ നടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂജയും പുഷ്പാഭിഷേകവുമെല്ലാം കഴിഞ്ഞ ശേഷം മണ്ണുമാന്തി യന്ത്രങ്ങള്‍ കൊണ്ട് കുഴിയിലേക്ക് മണ്ണ് നീക്കിയിട്ട് മൂടുകയായിരുന്നു. സൂറത്തില്‍ കണ്‍സ്ട്രക്ഷൻ സ്ഥാപനം നടത്തുന്ന സഞ്ജയ്, തന്റെ കാറിന്റെ ഓർമകള്‍ വരും തലമുറയും കാത്തുസൂക്ഷിക്കണമെന്ന അഭിപ്രായക്കാരനാണ്.
അതിനായി കാറിനെ അടക്കം ചെയ്ത സ്ഥലത്ത് മരം നട്ട് പരിപാലിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 12 വർഷം പഴക്കമുള്ള കാർ ഉപയോഗിച്ച് മടുത്തെങ്കില്‍ വില്ക്കുകയോ പൊളിക്കുകയോ ചെയ്താല്‍ പോരേ എന്ന ചോദ്യത്തിന് സഞ്ജയ്ക്ക് മറ്റൊരു മറുപടിയാണ് പറയാനുള്ളത്.
12 വർഷം മുമ്പ് ഈ വാഗണർ കാർ വാങ്ങിയതിന് ശേഷമാണത്രെ തന്റെ കുടുംബത്തിന് അഭിവൃദ്ധിയുണ്ടായത്. ബിസിനസിലെ വിജയത്തിന് പുറമെ കുടുംബത്തിന് കൂടുതല്‍ ബഹുമാനം ലഭിക്കാനും തുടങ്ങി. തന്റെയും വീട്ടുകാരുടെയും എല്ലാ ഭാഗ്യത്തിനും കാരണം ഈ കാറാണെന്ന് സഞ്ജയ് കരുതുന്നു.
അതുകൊണ്ട് തന്നെയാണ് കാറിന് കൃഷിയിടത്തില്‍ ‘സമാധി’ ഒരുക്കിയത്. ഹിന്ദു ആചാര പ്രകാരം നടത്തിയ ചടങ്ങില്‍ പുരോഹിതന്മാർ ഉള്‍പ്പെടെ പങ്കെടുത്തു. നാല് ലക്ഷം രൂപ ചടങ്ങിന് ചെലവും വന്നു. ഏകദേശം 1500 അതിഥികളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്.