എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ട്, തന്റെ നിരപരാധിത്വം തെളിയിക്കും, എഡിഎമ്മിൻ്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണം, സത്യം തെളിയണമെന്നാണ് ആഗ്രഹം; ജയിൽമോചിതയായതിനു ശേഷം ആദ്യ പ്രതികരണവുമായി പിപി ദിവ്യ
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് ജയിൽ മോചിതയായ പിപി ദിവ്യ. സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും പിപി ദിവ്യ പറഞ്ഞു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ആദ്യ പ്രതികരണം വന്നത്.
തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയിൽ മോചിതയാവുന്നത്. വളരെ ചെറിയ വാക്കുകളിലായിരുന്നു ദിവ്യയുടെ പ്രതികരണം. മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല.
മാധ്യമ പ്രവർത്തകരായാലും നാട്ടുകാരായാലും തന്നെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എല്ലാവരുമായും സഹകരിച്ചുപോവുന്നതാണ് പതിവ്. ഏത് ഉദ്യോഗസ്ഥനോടും സദുദ്ദേശപരമായാണ് സംസാരിക്കാറുള്ളത്. കോടതിയിൽ തൻ്റെ നിരപരാധിത്വം തെളിയിക്കും. എഡിഎമ്മിൻ്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും എഡിഎമ്മിൻ്റെ കുടുംബത്തെ പോലെ തൻ്റേയും ആഗ്രഹം സത്യം തെളിയണമെന്നാണെന്നും പിപി ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, പാർട്ടി നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല. ജയിലിൽ നിന്ന് പുറത്തിറങ്ങിയതോടെ ദിവ്യ വീട്ടിലേക്ക് മടങ്ങി. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹർജിയുടെ വിധി പകർപ്പ് പുറത്തുവന്നു.
സ്ത്രീയെന്ന പ്രത്യേക പരിഗണന നൽകിയെന്നും കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നും വിധി പകർപ്പിൽ പറയുന്നു. പിപി ദിവ്യയുടെ അച്ഛൻ ഹൃദ്രോഗിയാണ്. കുടുംബനാഥയുടെ അസാന്നിധ്യം ചെറിയ കാലത്തേക്കാണെങ്കിലും കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നും ഇനിയും കസ്റ്റഡിയിൽ വേണമെന്ന് തെളിയിക്കാൻ പ്രോസക്യൂഷന് ആയില്ലെന്നും വിധിയിൽ പറയുന്നു.
ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും രണ്ടു പേരുടെ ആൾ ജാമ്യവും വേണമെന്നാണ് ജാമ്യം നൽകുന്നതിനുള്ള ഉപാധികൾ. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണം.
കോടതിയുടെ അനുമതി ഇല്ലാതെ ജില്ല വിടരുത്. സാക്ഷികളെ സ്വാധീനിക്കരുത്. മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നും വിധിപ്പകർപ്പിലുണ്ട്. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം.
എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടതിയിൽ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാൻഡ് കാലാവധി അവസാനിക്കും.
അതേസമയം, ദിവ്യക്കെതിരെ പാർട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചത്. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയിരുന്നു. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ.
ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.