തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; പട്ടിയുണ്ട് സൂക്ഷിക്കുക ; വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് പട്ടി കടിയേറ്റ് ചികിത്സതേടിയതോടെ യാത്ര റദ്ദായി ; ഷാര്‍ജയിലേക്കു പോകുന്ന എയര്‍ അറേബ്യ വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാരനെ പട്ടിയിൽ നിന്ന് രക്ഷിച്ചത് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ ; നായ ശല്യം കൂടുന്നു, നായ്ക്കളെ ഓടിക്കേണ്ടത് കോര്‍പ്പറേഷനോ വിമാനത്താവള അധികൃതരോ…. വിമാനത്താവള പരിസരത്തെ നായ ശല്യം ചര്‍ച്ചകളിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദേശയാത്രയ്ക്കായി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു യാത്ര മുടങ്ങുമ്ബോള്‍ തിരുവനന്തപുരം വിമാനത്താവള പരിസരത്തെ നായ ശല്യം ചര്‍ച്ചകളിലേക്ക്.
പട്ടി കടിയേറ്റ് ചികിത്സതേടിയ യാത്രക്കാരന് യാത്ര റദ്ദാക്കി. എബി കൊളക്കോട്ട് ജേക്കബിന്റെ ഇടതുകാലിനാണ് കടിയേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച വൈകീട്ട് ഷാര്‍ജയിലേക്കു പോകുന്ന എയര്‍ അറേബ്യ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെര്‍മിനിലിനുള്ളിലേക്കു കടക്കുന്നതിന് ലഗേജുള്‍പ്പെട്ട സാധനങ്ങളുമായി ട്രോളികള്‍ നിരത്തിയിരിക്കുന്ന ഭാഗത്തെത്തിയപ്പോഴാണ് നായ ആക്രമിച്ചതെന്ന് യാത്രക്കാരന് പറഞ്ഞു. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെത്തി നായയെ സ്ഥലത്തുനിന്നു തുരത്തി. നായയുടെ പല്ലുകൊണ്ടുള്ള നിസ്സാര മുറിവാണ് ഉണ്ടായതെങ്കിലും വിമാനത്താവളത്തിലെ ഡോക്ടറെത്തി മുറിവു പരിശോധിച്ചു. ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലെ ആംബുലന്‍സില്‍ ഉടന്‍തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇതോടെ വിമാനയാത്ര മുടങ്ങി. ഇതിന് പരിഹാരമുണ്ടാക്കുമെന്നാണ് വിമാനത്താവള അധികൃതരുടെ അറിയിപ്പ്.
നായകളെ വിമാനത്താവള പരിസരത്തുനിന്ന് ഒഴിപ്പിക്കുന്നതിന് പലതവണ കോര്പ്പറേഷന് കത്തുനല്‍കിയിട്ടുണ്ട്. യാത്ര മുടങ്ങിയെങ്കിലും അടുത്ത ദിവസങ്ങളില്‍ വിദേശത്തേക്കു തിരിച്ചുപോകാനുള്ള എല്ലാ സഹായങ്ങളും ചെയ്യുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. അദാനിയാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലക്കാര്‍. ലോകോത്തര നിലവാരത്തിലേക്ക് വിമാനത്താവളം എത്തുകയാണെന്നാണ് അവരുടെ അവകാശ വാദം.
ഇതിനിടെയാണ് ടെര്മിനുള്ളിലേക്ക് കടക്കുന്ന ഭാഗത്ത് അടക്കം നായ ശല്യം കൂടുന്നത്. വിമാനത്താവള പരിസരത്തെ നായ്ക്കളെ ഓടിക്കേണ്ടത് കോര്‍പ്പറേഷനാണോ വിമാനത്താവള അധികൃതരാണോ എന്ന സംശയവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഏതായാലും പട്ടികടിയേല്ക്കാതിരിക്കാന് യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട സാഹചര്യമാണുള്ളത്. താമസിച്ചെത്തി ടെര്‍മിനലിലേക്ക് ഓടിക്കയറാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പട്ടികടി ഉറപ്പാണെന്ന സ്ഥിതിയാണ് വിമാനത്താവളത്തിലുള്ളതെന്ന ആക്ഷേപം ശക്തമാണ്.
ചൊവ്വാഴ്ച വൈകിട്ട് 6.10നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാനെത്തിയതായിരുന്നു മാരാമണ്‍ സ്വദേശി എബി ജേക്കബ്. ലഗേജ് ട്രോളി എടുക്കുന്നതിനിടയില്‍ കാല്‍മുട്ടിനു താഴെയായി നായയുടെ കടിയേല്‍ക്കുകയായിരുന്നു. രാജ്യാന്തര ടെര്‍മിനലിന്റെ വെയിറ്റിങ് ഏരിയയിലെ തെരുവുനായ ശല്യം സംബന്ധിച്ചു പരാതി ഏറെനാളായി ഉണ്ടെങ്കിലും നായകളെ നീക്കം ചെയ്യാന്‍ നടപടിയുണ്ടായിട്ടില്ല.
നിയമപരമായ തടസ്സങ്ങളുള്ളതിനാല്‍ നഗരസഭ തെരുവുനായ്ക്കളെ വന്ധീകരിച്ചാലും അതേ സ്ഥലങ്ങളില്‍ തന്നെ തുറന്നു വിടുകയാണു ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. അങ്ങനെ വിമാനത്താവള പരിസരം പട്ടികളേയും കൊണ്ട് നിറയുകയാണ്.