play-sharp-fill
കേരളം ഞെട്ടിയ കൂറുമാറ്റത്തിന് 100 കോടി കോഴ: നേരറിയാന്‍ എന്‍സിപി അന്വേഷണം തുടങ്ങി, ആരോപണവിധേയന്‍ തോമസ്. കെ. തോമസിന്റെ മൊഴിയെടുത്ത് അന്വേഷണ കമ്മീഷന്‍: ആന്റണി രാജുവും കോവൂർ കുഞ്ഞുമോനും മൊഴി കൊടുക്കുമോ ? സാധ്യത കുറവെന്ന് വിലയിരുത്തല്‍

കേരളം ഞെട്ടിയ കൂറുമാറ്റത്തിന് 100 കോടി കോഴ: നേരറിയാന്‍ എന്‍സിപി അന്വേഷണം തുടങ്ങി, ആരോപണവിധേയന്‍ തോമസ്. കെ. തോമസിന്റെ മൊഴിയെടുത്ത് അന്വേഷണ കമ്മീഷന്‍: ആന്റണി രാജുവും കോവൂർ കുഞ്ഞുമോനും മൊഴി കൊടുക്കുമോ ? സാധ്യത കുറവെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: എൻ.സി.പിയിലെ മന്ത്രിമാറ്റത്തിന് തടയിട്ട കൂറുമാറ്റ കോഴ ആരോപണം സംബന്ധിച്ച പാർട്ടിതല അന്വേഷണം തുടങ്ങി.
പാർട്ടിയെ പ്രതിരോധത്തിലാക്കിയ കോഴ ആരോപണം അന്വേഷിക്കാൻ നിയോഗിച്ച നാലംഗ കമ്മീഷനാണ് വസ്തുതാന്വേഷണം തുടങ്ങിയത്.

അന്വേഷണ നടപടികളുടെ ഭാഗമായി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ 100 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണം നേരിടുന്ന കുട്ടനാട് എം.എല്‍.എ തോമസ്. കെ. തോമസ് എം.എല്‍.എയില്‍ നിന്ന് കമ്മീഷൻ മൊഴിയെടുത്തു.

തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു എൻ.സി.പി നേതൃത്വം നിയോഗിച്ച നാലംഗ കമ്മീഷൻ തോമസ് കെ.തോമസില്‍ നിന്ന് മൊഴിയെടുത്തത്. കമ്മീഷൻ മുൻപാകെ തോമസ് കെ.തോമസ് ആരോപണം നിഷേധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണം കെട്ടിച്ചമച്ചതാണെന്ന നിലപാടാണ് തോമസ്.കെ.തോമസ് സ്വീകരിച്ചത്. ആന്റണി രാജു എം.എല്‍.എ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉന്നയിക്കുന്ന ആക്ഷേപമാണ് ഇതെന്നും കോവൂർ കുഞ്ഞുമോൻ എം.എല്‍.എ ആരോപണം നിഷേധിച്ചിട്ടുണ്ടെന്നും തോമസ് കെ.തോമസ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. നേരത്തെ ആരോപണം പുറത്തുവന്നപ്പോഴും തോമസ് കെ.തോമസ് ഇതേ സമീപനമാണ് സ്വീകരിച്ചത്.

ആരോപണങ്ങള്‍ ശരിയാണോ അല്ലയോയെന്ന് പാർട്ടി കമ്മീഷൻ തീരുമാനിക്കട്ടെ എന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തോമസ്.കെ.തോമസ് നടത്തിയ
പ്രതികരണം.

കോഴ ആരോപണത്തിൻെറ നിജസ്ഥിതി കണ്ടെത്താൻ ഘടകകക്ഷി എം.എല്‍.എമാരായ ആന്റണി രാജുവിൻെറയും കോവൂർ കുഞ്ഞുമോൻെറയും മൊഴിയെടുക്കേണ്ടത് അനിവാര്യമാണ്.

ഈ എം.എല്‍.മാരോടാണ് കൂറുമാറ്റാൻ 50 കോടി രൂപവീതം വാഗ്ദാനം ചെയ്തത്. എന്നാല്‍ എൻ.സി.പിയുടെ ആഭ്യന്തര അന്വേഷണ കമ്മീഷൻ മുൻപാകെ ഹാജരായി മൊഴികൊടുക്കാൻ ഘടകകക്ഷി എം.എല്‍.എമാർ തയാറാകുമോ എന്നാണ് അറിയാനുളളത്.

കോഴ വാഗ്ദാനം പുറത്തായ ശേഷം തോമസ്. കെ. തോമസ് രൂക്ഷമായ ഭാഷയില്‍ ആന്റണി രാജുവിനെ വിമർശിച്ചിരുന്നു. ആന്റണി രാജു കടുത്ത ഭാഷയില്‍ മറുപടി പറയുകയും ചെയ്തിരുന്നു.

രണ്ട് പേരും തമ്മിലുളള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ എൻ.സി.പിയുടെ അന്വേഷണ കമ്മീഷൻെറ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്നുകൊടുക്കാൻ ആന്റണി രാജു സന്നദ്ധനാകുമോയെന്ന് സംശയമാണ്.

തോമസ്. കെ. തോമസിനെ ആരോപണ മുക്തനാക്കുക ലക്ഷ്യമിട്ടാണ് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്ന് ആക്ഷേപം ഉണ്ട്. അതുകൂടി കണക്കിലെടുത്താല്‍ ആന്റണി രാജു എൻ.സി.പി കമ്മീഷന് മുൻപില്‍ ഹാജരാകാനുളള ഒരു സാധ്യതയുമില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുളളവരില്‍ നിന്ന് ലഭിക്കുന്ന വിവരം.

അല്ലെങ്കില്‍ മുഖ്യമന്ത്രിയോ മുന്നണി നേതൃത്വമോ നിർദ്ദേശം നല്‍കണം. മന്ത്രിമാറ്റത്തോട് തന്നെ താല്‍പര്യക്കുറവുളളതിനാല്‍ മുഖ്യമന്ത്രിയോ മുന്നണി നേതൃത്വമോ അതിന് തയാറാകാൻ സാധ്യത വിരളമാണ്.

എൻ.സി.പിയിലെ അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ ആവശ്യപ്പെട്ട് തോമസ് കെ തോമസ് എം എല്‍ എ 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്ന ആരോപണം മുഖ്യമന്ത്രിക്ക് മുന്നിലെത്തിയതോടെയാണ് എൻ.സി.പിയിലെ മന്ത്രി മാറ്റം തടസപ്പെട്ടത്.

മന്ത്രിമാറ്റം ആവശ്യപ്പെട്ട് എ.കെ.ശശീന്ദ്രൻ, തോമസ്.കെ.തോമസ് എന്നിവർക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയോടാണ് കൂറുമാറ്റ കോഴയുടെ കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. തോമസ്.കെ.തോമസ് ആരോപണം അപ്പോള്‍ തന്നെ നിഷേധിച്ചിരുന്നു.

എന്നാല്‍ കുട്ടനാട് എം.എല്‍.എയുടെ നിഷേധം കണക്കിലെടുക്കാൻ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ഇതോടെയാണ് മന്ത്രി സ്ഥാനത്ത് എത്താനുളള തോമസ് കെ.തോമസിൻെറ നീക്കം തടസപ്പെട്ടത്.

ഒക്ടോബർ 19ന് ചേർന്ന എൻ.സി.പി നേതൃയോഗം വിഷയം ചർച്ച ചെയ്ത് വീണ്ടും മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനിടെ കോഴ വാഗ്ദാനം മാധ്യമങ്ങളിലൂടെ പുറത്തായി. ഇതോടെ നില്‍ക്കക്കളളി ഇല്ലാതായ പാർട്ടി നേതൃത്വം ഗത്യന്തരമില്ലാതെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

പൊലിസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം അടക്കം രംഗത്ത് വന്നതോടെയാണ് മുഖം രക്ഷിക്കാൻ പാർട്ടി തല അന്വേഷണം പ്രഖ്യാപിച്ചത്. അതുവഴി തോമസ് കെ.തോമസിന് ക്ലീന്‍ ചിറ്റ് നല്‍കാനും ലക്ഷ്യമിട്ടിരുന്നു.

എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുടെ വിശ്വസ്തരായ പി എം സുരേഷ് ബാബു, കെ ആർ രാജൻ, ലതികാ സുഭാഷ്, ജോബ് കാട്ടൂർ എന്നിവരാണ് അന്വേഷണ കമ്മീഷൻ അംഗങ്ങള്‍.

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എം.എല്‍.എ ആന്റണി രാജു, ആർ.എസ്. പി ലെനിനിസ്റ്റ് എം.എല്‍.എ കോവൂർ കുഞ്ഞുമോൻ എന്നിവരുടെ മൊഴിയെടുക്കാതെ എങ്ങനെ അന്വേഷണം പൂർ‍ത്തിയാക്കും എന്നാണ് ഇനി അറിയാനുളളത്.