play-sharp-fill
അമ്മയുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണ് തന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ പ്രചോദനമെന്ന് യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസ് :19-ാം വയസില്‍ ഒറ്റയ്ക്ക് ഇന്ത്യ വിട്ട അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ് അവർ

അമ്മയുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണ് തന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ പ്രചോദനമെന്ന് യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസ് :19-ാം വയസില്‍ ഒറ്റയ്ക്ക് ഇന്ത്യ വിട്ട അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ് അവർ

വാഷിംഗ്ടണ്‍: അമ്മയുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണ് തന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ പ്രചോദനമെന്ന് യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസ്.

അമ്മ ശ്യാമള ഗോപാലനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്ക് വെച്ച്‌ കൊണ്ട് എക്‌സ് അക്കൗണ്ടിലായിരുന്നു കമല ഹാരിസിന്റെ പ്രതികരണം.

‘എന്റെ അമ്മ ഡോ. ശ്യാമള ഗോപാലന്‍ ഹാരിസ് 19-ാം വയസ്സില്‍ ഇന്ത്യയില്‍ നിന്ന് ഒറ്റയ്ക്ക് അമേരിക്കയിലെത്തി. അവരുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്,’ കമല ഹാരിസ് പറഞ്ഞു. ശാസ്ത്രജ്ഞയായിരുന്ന അമ്മയെക്കുറിച്ച്‌ ഹാരിസ് മുന്‍പും തന്റെ പല പ്രസംഗങ്ങളിലും പറഞ്ഞിട്ടുണ്ട്. ഫെമിനിസത്തെക്കുറിച്ചും വംശീയതയെക്കുറിച്ചുമുള്ള അമ്മയുടെ കാഴ്ചപ്പാട് തന്നെ സ്വാധീനിച്ചിരുന്നു എന്നും കമല പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ആഴ്ച വാഷിംഗ്ടണില്‍ നടന്ന റാലിയില്‍, റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ യുഎസ് പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് ശേഷം കമല ഹാരിസ് ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ച വ്യക്തി അമ്മയാണെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച ശ്യാമള ശാസ്ത്രജ്ഞയും ഗവേഷകയും ആയിരുന്നു.

കാലിഫോര്‍ണിയയില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി 19-ാം വയസില്‍ ആണ് ശ്യാമള ഇന്ത്യ വിടുന്നത്. പിന്നീട് പഠനം പൂര്‍ത്തിയാക്കി ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ശ്യാമള ഗോപാലന്‍ സ്തനാര്‍ബുദ ചികിത്സകള്‍ വികസിപ്പിക്കുന്നതില്‍ മികച്ച സംഭാവന നല്‍കുകയും ചെയ്തു. 1960 കളില്‍ ആണ് സാമ്പത്തിക ശാസ്ത്രം പഠിക്കാനെത്തിയ ജമൈക്കന്‍ കുടിയേറ്റക്കാരനായ ഡൊണാള്‍ഡ് ഹാരിസിനെ ശ്യാമള കണ്ടുമുട്ടുന്നത്.

വൈകാതെ ഇരുവരും വിവാഹിതരായി. 1964 ലാണ് ദമ്പതികള്‍ക്ക് കമലാ ഹാരിസ് ജനിച്ചത്. കമലയ്ക്ക് അഞ്ച് വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ വിവാഹമോചനം നേടി. പിന്നീട് കമലയേയും സഹോദരി മായയേയും ശ്യാമളയാണ് വളര്‍ത്തിയത്. ‘

അനീതിയെക്കുറിച്ച്‌ ഒരിക്കലും പരാതിപ്പെടരുതെന്നും അതിനെതിരെ എന്തെങ്കിലും ചെയ്യണം എന്നുമാണ് അമ്മ തങ്ങളെ പഠിപ്പിച്ചത് എന്ന് കമല ഹാരിസ് പറഞ്ഞിരുന്നു.

വന്‍കുടലിലെ അര്‍ബുദത്തെ തുടര്‍ന്ന് 2009 ലാണ് ശ്യാമള മരിച്ചത്. വോട്ടര്‍മാരുമായി കൂടുതല്‍ വ്യക്തിപരമായ ബന്ധം സ്ഥാപിക്കുന്നതിനും സ്വന്തം ജീവിതസാഹചര്യം പ്രതിഫലിപ്പിക്കുന്ന ഇടത്തരം കുടുംബങ്ങള്‍ക്കായി താന്‍ എങ്ങനെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നതിനും കമല ഹാരിസ് തന്റെ കുട്ടിക്കാലം മുതലുള്ള കഥകള്‍ പ്രചരണങ്ങളില്‍ ഉപയോഗിക്കാറുണ്ട്.

എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്, പ്രസിഡന്റാകുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരി, ദക്ഷിണേഷ്യന്‍ വംശജ എന്നീ നേട്ടങ്ങളെ കുറിച്ചൊന്നും അവര്‍ പറയാറില്ല.