play-sharp-fill
നിയമപരമല്ലാത്ത വിവാഹത്തിൽ ഗാർഹിക പീഡന പരാതി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

നിയമപരമല്ലാത്ത വിവാഹത്തിൽ ഗാർഹിക പീഡന പരാതി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

 

കൊച്ചി: നിയമപരമല്ലാത്ത വിവാഹത്തിൽ ഗാർഹിക പീഡന വകുപ്പ് നിലനിൽക്കില്ല. വിവാഹം അസാധുവായാൽ സ്ത്രീയോട് ഭർത്താവോ ബന്ധുക്കളോ ചെയ്യുന്ന ക്രൂരത- ഐപിസി സെക്ഷൻ 498 എ പ്രകാരമുള്ള കുറ്റം ബാധകമാകില്ലെന്ന് ഹൈക്കോടതി.

 

ഭാര്യയുടെ പരാതിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ 47കാരൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. ഇവരുടെ വിവാഹം അസാധുവായതായി കുടുംബകോടതി വിധിച്ചത് പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി.

 

2009-ലാണ് പരാതിക്കാരിയുമായുള്ള ഹര്‍ജിക്കാരന്റെ വിവാഹം നടന്നത്. 2010-ൽ ഭർത്താവും കുടുംബവും ക്രൂരത കാട്ടിയതായി ഇവര്‍ പോലീസിൽ പരാതി നൽകി. 2011-ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ, 2013 മാർച്ചിൽ കൊല്ലത്തെ കുടുംബകോടതി വിവാഹം അസാധുവായി പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്നാണ് ഐപിസി സെക്ഷൻ 498 എ പ്രകാരമുള്ള കേസും കോടതി നടപടികളും റദ്ദാക്കാൻ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. 498 എ വകുപ്പ് പ്രകാരം ഒരു സ്ത്രീയെ ക്രൂരതയ്ക്ക് വിധേയമാക്കുന്ന ഭർത്താവോ അവന്റെ ബന്ധുക്കൾക്കോ മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

 

ഈ കേസിൽ, പരാതിക്കാരിയുടെ മുൻ വിവാഹം ഇപ്പോഴും നിലനിൽക്കുന്നതിനാൽ 2009-ൽ ഹര്‍ജിക്കാരനുമായി നടന്ന വിവാഹം അസാധുവാണെന്ന് കുടുംബകോടതി കണ്ടെത്തി. വസ്‌തുതകൾ അവലോകനം ചെയ്‌ത ബെഞ്ച്, നിയമപരമായി സാധുതയുള്ള വിവാഹമില്ലാതെ, ഹരജിക്കാരന് ‘ഭർത്താവ്’ എന്ന പദവി ലഭിക്കില്ലെന്നും അതിനാൽ സെക്ഷൻ 498 എ പ്രകാരമുള്ള കുറ്റം ചുമത്താൻ കഴിയില്ലെന്നും നിരീക്ഷിച്ചു. തുടർന്നാണ് കേസും കോടതി നടപടികളും ബെഞ്ച് റദ്ദാക്കിയത്.