play-sharp-fill
വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ അതേ വീട്ടിൽ നിന്ന് ആഭരണം കണ്ടെത്തിയതിൽ ദുരൂഹത: തിരൂരിലെ വീട്ടമ്മയുടെ മൊഴിയിൽ പൊരുത്തക്കേട്: വിശദമായ അന്വേഷണത്തിന് പോലീസ്

വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ അതേ വീട്ടിൽ നിന്ന് ആഭരണം കണ്ടെത്തിയതിൽ ദുരൂഹത: തിരൂരിലെ വീട്ടമ്മയുടെ മൊഴിയിൽ പൊരുത്തക്കേട്: വിശദമായ അന്വേഷണത്തിന് പോലീസ്

മലപ്പുറം തിരൂര്‍ പുറത്തൂര്‍ മരവന്തയില്‍ വീട്ടില്‍ നിന്ന് കവര്‍ന്നെന്ന് യുവതി ആരോപണം ഉന്നയിച്ച ആഭരണങ്ങള്‍ അതേ വീട്ടില്‍ തന്നെ കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെ വീടിന്റെ അടുക്കളയുടെ വരാന്തയിലാണ് ആഭരണം കണ്ടെത്തിയത്. കവര്‍ച്ചക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ആഭരണം കവര്‍ച്ച നടന്ന അതേ വീട്ടില്‍ നിന്നും കണ്ടെത്തിയത്.

28കാരിയായ വീട്ടമ്മയാണ് ആഭരണം നഷ്ടമായെന്ന പരാതിയുമായി പൊലീസില്‍ പരാതി നല്‍കിയിരുന്നത്. രാത്രി വീട്ടിനകത്ത് കടന്ന ബംഗാളി സംസാരിക്കുന്ന രണ്ട് പേര്‍ വായ പൊത്തിപ്പിടിച്ച്‌ നാലര പവന്റെ സ്വര്‍ണ്ണമാലയും കാതിലെ അര പവന്‍ തൂക്കം വരുന്ന കമ്മലും കവര്‍ന്നുവെന്നായിരുന്നു പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24ന് രാത്രി സംഭവം നടന്നതായാണ് ഇവര്‍ പറഞ്ഞിരുന്നത്. 24ന് രാത്രി ഇവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ആഭരണം കവര്‍ന്ന ശേഷം സ്േ്രപ അടിച്ച്‌ സംഘം രക്ഷപ്പെട്ടെന്നായിരുന്നു വീട്ടമ്മയുടെ മൊഴി.

എന്നാല്‍ തുടക്കം മുതലേ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. സംഭവം നടന്നുവെന്ന് പറയുന്ന അന്നു രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ കവര്‍ച്ചാ സൂചനകള്‍ ലഭിച്ചിരുന്നില്ല. അതിനാല്‍ ആദ്യ ദിവസങ്ങളില്‍ പൊലീസ് കേസെടുത്തിരുന്നില്ല.

കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ആഭരണം വീട്ടില്‍ തന്നെ കണ്ടെത്തിയിട്ടുള്ളത്. ഭര്‍തൃ മാതാവും മൂന്ന് കുട്ടികളും വീട്ടമ്മയുമാണ് സംഭവ ദിവസം വീട്ടിലുണ്ടായിരുന്നത്. ഭര്‍തൃമാതാവ് കവര്‍ച്ച വിവരം അറിഞ്ഞിരുന്നു പോലുമില്ല. അയല്‍വാസികളും അറിഞ്ഞിരുന്നില്ല.

വീട്ടമ്മയും മൂന്ന് മക്കളും ഒരു മുറിയിലും ഭര്‍തൃമാതാവ് മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. കവര്‍ച്ചക്ക് ശേഷം മുകള്‍ നിലയിലേക്ക് ഓടിപ്പോയ സംഘം വീടിന് സമീപത്തെ തെങ്ങിലൂടെ ഇറങ്ങി രക്ഷപ്പെട്ടുവെന്നായിരുന്നു വീട്ടമ്മയുടെ മൊഴി.

മോഷ്ടാക്കള്‍ ഉപയോഗിച്ചതെന്ന സംശയത്തില്‍ സിഗരറ്റ് കൂടും മുകള്‍ നിലയില്‍ കാണിച്ചിരുന്നു. മൊഴികളിലെ പൊരുത്തക്കേടുകളും സാഹചര്യത്തെളിവുകള്‍ ലഭിക്കാതിരുന്നതും പൊലീസിനെ കുഴക്കിയിരുന്നു.

ഇവയെല്ലാം കണക്കിലെടുത്താണ് ആദ്യ ദിവസങ്ങളില്‍ പൊലീസ് കേസെടുക്കാതിരുന്നത്. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതുമായി ബന്ധപ്പെട്ട അന്വേഷണം ആദ്യം നടത്തിയതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യല്‍ നീണ്ടത്.

ഈ സംശയം ബലപ്പെടുത്തുന്നതാണ് പുതിയ സംഭവം. കവര്‍ച്ചക്കാര്‍ ആഭരണം തിരിച്ചെത്തിക്കില്ല എന്നിരിക്കെ ദുരൂഹ സാഹചര്യത്തിലാണ് ആഭരണം കണ്ടെത്തിയിട്ടുള്ളത്.