താര സംഘടനയായ ‘അമ്മ’ തിരിച്ചുവരും: രാജിവച്ച അതേ കമ്മറ്റി തന്നെ തിരികെ വരണമെന്ന് നടൻ ധർമജൻ ബോൾഗാട്ടി
കൊച്ചി: താര സംഘടനയായ ‘അമ്മ’ ആസ്ഥാനത്ത് ഒത്തുകൂടി ചലച്ചിത്ര താരങ്ങൾ. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ സംഘടനാ ആസ്ഥാനത്തെത്തി. ‘അമ്മ’ തിരിച്ചുവരവിന്റെ പാതയിലാണെന്നും അതിനുള്ള തുടക്കമാണ് ഇന്ന് കുറിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. പുതിയ കമ്മിറ്റി നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഘടനയിൽ നിന്ന് രാജിവെച്ച അതേ കമ്മിറ്റി തന്നെ തിരിച്ചു വരണമെന്ന് ധർമജൻ ബോൾഗാട്ടി പറഞ്ഞു. ഇതേ അഭിപ്രായം തന്നെയാണ് സുരേഷ് ഗോപിക്കുമുള്ളത്.
പുതിയ തിരഞ്ഞെടുപ്പ് നടത്തുക ചെലവുള്ള കാര്യമാണ്. കമ്മിറ്റിയിലുള്ളതിൽ ചിലർ ആരോപണവിധേയർ മാത്രമാണ്. അങ്ങനെയുള്ളവർ രാഷ്ട്രീയത്തിൽ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരാണ് സംഘടനാ തലപ്പത്ത് വരേണ്ടതെന്ന് ധർമജൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന ജയൻ ചേർത്തല, വിനു മോഹൻ, ബാബു രാജ്, ടിനി ടോം തുടങ്ങിയവരും ഇന്ന് ആസ്ഥാനത്ത് എത്തിയിരുന്നു. ഇന്ന് നടന്നത് യോഗമല്ലെന്നും അംഗങ്ങളുടെ ഒത്തുചേരൽ മാത്രമാണെന്നും വിനു മോഹൻ പറഞ്ഞു. അനൂപ് മേനോൻ, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, ഷാജു ശ്രീധർ, ബീന ആന്റണി, കലാഭവൻ പ്രചോദ് തുടങ്ങിയവരും പങ്കെടുത്തു.